ന്യൂഡൽഹി: ഡൽഹിയിലും തലസ്ഥാനമേഖലയിലും ഞായറാഴ്ച രാവിലെയോടെ വായു മലിനീകരണം അതിരൂക്ഷമായി. നഗരത്തിലെ വായു നിലവാരം പലയിടങ്ങളിലും ഗുരുതരാവസ്ഥയിലും കൂടുതൽ (സിവിയർ പ്ലസ്) ആണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് ചിലയിടങ്ങളിൽ മഴ ചാറിയതും കാറ്റ് വീശിയതും വായു നിലവാരം അല്പം മെച്ചപ്പെടുത്തിയിരുന്നു. ഇതോടെ വായു നിലവാര സൂചിക 399 ആയി. എന്നാൽ രാത്രിയോടെ സ്ഥിതി വീണ്ടും വഷളാവുകയും വായു നിലവാരം രാവിലെ 11 മണിയോടെ 483-ൽ എത്തുകയും ചെയ്തു. വായുവിന്റെ ശരാശരി നിലവാരം 484 ആയതോടെയാണ് ചൊവ്വാഴ്ചവരെ സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ട് വെള്ളിയാഴ്ച സർക്കാരിന്റെ ഉത്തരവ് വന്നത്.

2017 നവംബർ ഒമ്പതിന് ശേഷം ഏറ്റവും മോശം വായു നിലവാരം രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയായിരുന്നു (486). പുസ, ബവാന, ആനന്ദ് വിഹാർ, അശോക് വിഹാർ, മുണ്ട്ക, പഞ്ചാബി ബാഗ്, ഐ.ടി.ഒ. എന്നിവിടങ്ങളിൽ 490-നും 500-നുമിടയിലാണ് സൂചിക രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിൽപ്പെട്ട നോയ്ഡയിൽ 487, ഗാസിയാബാദ് 483, ഗ്രേറ്റർ നോയ്ഡ 470, ഗുരുഗ്രാം 457 എന്നിങ്ങനെയും രേഖപ്പെടുത്തി. വായുനിലവാര സൂചിക പൂജ്യത്തിനും അമ്പതിനുമിടയിലാണെങ്കിൽ നല്ലത് എന്ന വിഭാഗത്തിൽപ്പെടും.

സൂചിക 51-നും നൂറിനുമിടയിലാണെങ്കിൽ തൃപ്തികരം, 101 മുതൽ 200 വരെ ഇടത്തരം, 201 മുതൽ 300 വരെ മോശം, 301 മുതൽ 400 വരെ വളരേ മോശം, 401 മുതൽ 500 വരെ ഗുരുതരം, 500-ന് മുകളിലെങ്കിൽ സിവിയർ പ്ലസ് എന്നിങ്ങനെയാണ് കണക്കാക്കുക. പഞ്ചാബ്, ഹരിയാണ, ഡൽഹി, യു.പി., ബിഹാർ, ജാർഖണ്ഡിന്റേയും ബംഗാളിന്റേയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുകമഞ്ഞ് മൂടിയിരിക്കുകയാണെന്നാണ് നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇ.പി.സി.എ.) ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടർന്നാണ് സ്കൂളുകൾക്ക് അവധി നൽകിയത്.

Air Pollution

നവംബർ ഏഴ്, എട്ട് തീയതികളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ നഗരത്തെ മൂടിയ പുകമഞ്ഞിൽനിന്ന് അല്പം ആശ്വാസം ലഭിക്കുമെന്നുമാണ് ഇനിയുള്ള പ്രതീക്ഷ. മഹ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

40 ശതമാനംപേർ നഗരംവിടാൻ ആഗ്രഹിക്കുന്നു-സർവേ

ന്യൂഡൽഹി: ഡൽഹിക്കാരിൽ 40 ശതമാനവും വായുമലിനീകരണത്താൽ നഗരംവിട്ടുപോകാൻ ആഗ്രഹിക്കുന്നതായി സർവേ. അതേസമയം, വായുമലിനീകരണമുള്ള സമയത്തുമാത്രം നഗരത്തിൽനിന്ന് ദൂരയാത്ര ചെയ്ത് മറ്റെവിടെയെങ്കിലും പോകാൻ ആഗ്രഹിക്കുന്നവരാണ് 16 ശതമാനം.

ഡൽഹിയിലും തലസ്ഥാനമേഖലയിലുമായി 17,000 ആളുകളെ ഉൾപ്പെടുത്തി ലോക്കൽ സർക്കിൾസ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ. വായുമലിനീകരണം കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി 44 ശതമാനംപേർ പറഞ്ഞു. എങ്കിലും ചികിത്സ തേടിയിട്ടില്ല. അതേസമയം, കുടുംബത്തിൽ ആരെങ്കിലും വായുമലിനീകരണംമൂലമുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയതായി 14 ശതമാനം പേർ പറഞ്ഞു. തങ്ങൾക്ക് വായുമലിനീകരണത്താൽ യാതൊരു കുഴപ്പവുമുണ്ടായില്ലെന്ന് പറഞ്ഞത് 13 ശതമാനം പേരാണ്.

Air Pollution

മലിനീകരണവിഷയത്തിൽ രാഷ്‌ട്രീയം വേണ്ട - കെജ്‌രിവാൾ

ന്യൂഡൽഹി: വായുമലിനീകരണവിഷയം രാഷ്ട്രീയമായി കാണരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്രവും സംസ്ഥാനവുമെല്ലാം ഒന്നിച്ചിരുന്ന് പരിഹരിക്കേണ്ട വിഷയമാണിത്. വൈക്കോൽ കത്തിക്കൽ തടഞ്ഞുകൊണ്ട് പുകമലിനീകരണം കുറയ്ക്കാൻ പ്രവർത്തിക്കുകയാണ് വേണ്ടത്. തന്റെ സർക്കാർ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നതെല്ലാം ഡൽഹിക്കാർ ചെയ്യുന്നുണ്ട്. എന്നാൽ ൈവയ്‌ക്കോൽ കത്തിക്കൽ തടയാൻ ശക്തമായ നടപടികൾതന്നെ വേണമെന്നും കെജ്‌രിവാൾ വീഡിയോസന്ദേശത്തിൽ പറഞ്ഞു. വൈക്കോൽ കത്തിക്കുന്നത് തടയാനായി സ്ട്രോ മാനേജ്‌മെന്റ് മെഷീനുകൾ വിതരണംചെയ്യുന്നതിലെ കാലതാമസത്തിന് കേന്ദ്രത്തെ കുറ്റപ്പെടുത്താനും കെജ്‌രിവാൾ മറന്നില്ല. പഞ്ചാബിലും ഹരിയാണയിലുമായി കർഷകർക്ക് ഇത്തരം 63,000 മെഷീനുകളാണ് ലഭിച്ചത്. അതേസമയം, ഈ സംസ്ഥാനങ്ങളിൽ 27 ലക്ഷം കർഷകരുണ്ട്. അത്രയും പേർക്ക് മെഷീനുകൾ വിതരണംചെയ്യാൻ എത്രകാലമെടുക്കുമെന്നും കെജ്‌രിവാൾ ചോദിച്ചു. അയൽസംസ്ഥാനങ്ങളെക്കൂടി ഉൾപ്പെടുത്തി യോഗംവിളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.

ഗാസിയാബാദ്, നോയിഡ സ്‌കൂളുകൾക്കും അവധി

ന്യൂഡൽഹി: കടുത്ത വായുമലിനീകരണം തുടരുന്ന സാഹചര്യത്തിൽ ഡൽഹിക്ക് പിന്നാലെ ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകൾക്കും നവംബർ അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. ഗാസിയാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകൾ ഇനി ബുധനാഴ്ചയേ തുറക്കൂ. പന്ത്രണ്ടാംക്ലാസ് വരേയുള്ള വിദ്യാർഥികൾക്ക് അവധിയായിരിക്കും. 

ദീപാവലിക്ക് ശേഷം വായുനിലവാരം തീർത്തും മോശമായതോടെയാണ് ഡൽഹിയിലെ സ്കൂളുകൾക്ക് കഴിഞ്ഞ ശനിയാഴ്ചമുതൽ അവധിപ്രഖ്യാപിച്ചത്. സ്കൂൾവിദ്യാർഥികളെ കൊണ്ടുപോകുന്ന ബസ്, വാൻ തുടങ്ങിയവാഹനങ്ങളും വായു മലിനീകരണമുണ്ടാക്കുന്നതിൽ വലിയപങ്ക് വഹിക്കുന്നുണ്ടെന്ന് ഗൗതംബുദ്ധ്‌നഗർ ജില്ലാ മജിസ്‌ട്രേറ്റ് ബി.എൻ. സിങ് പറഞ്ഞു. ഇക്കാരണംകൊണ്ടുകൂടിയാണ് സ്കൂളുകൾക്ക് അവധിനൽകിയത്. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെയും സമാനമായ ഉത്തരവിറക്കി.

നിർമാണപ്രവർത്തനം; 38 പേർ അറസ്റ്റിൽ

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനേത്തുടർന്ന് നിരോധിച്ച നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് നോയിഡ, ഗ്രേറ്റർ നോയിഡ മേഖലയിൽ 38 പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടർ, മൂന്ന് എൻജിനിയർമാർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. യു.പി. മലിനീകരണ നിയന്ത്രണബോർഡ്, ജില്ലാ ഭരണകൂടം, ജില്ലാ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

രണ്ട് റെഡിമിക്സ് കോൺക്രീറ്റ് പ്ലാന്റുകളും അധികൃതർ കണ്ടുകെട്ടി. നവംബർ അഞ്ചുവരെ ഡൽഹിയിലും തലസ്ഥാനമേഖലയിലും നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതിമലിനീകരണ നിയന്ത്രണ അതോറിറ്റി ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്ന് വായുനിലവാരം കൂടുതൽ മോശമാകുമെന്നതിനാലാണ് നിരോധനമേർപ്പെടുത്തിയത്.

യോഗംവിളിച്ച് കേന്ദ്രം

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും കാബിനെറ്റ് സെക്രട്ടറിയും ഞായറാഴ്ച വൈകീട്ട് ഉന്നതതലയോഗം വിളിച്ചുചേർത്തു. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഹരിയാണ സർക്കാരിന്റെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. തലസ്ഥാനമേഖലയിലെ വായുമലിനീകരണവിഷയം കാബിനെറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിദിനാടിസ്ഥാനത്തിൽ വിലയിരുത്താൻ തീരുമാനമായി. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും ഓരോദിവസവും സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രം യോഗംവിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Air Pollution in Delhi