കിണറുകളും ഓടകളും വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ചോ ശ്വാസം മുട്ടിയോ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ നാം സ്ഥിരമായി കാണാറുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ നാലുപേരാണ് കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പറയപ്പെടുന്നു. 

ഒരേതരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ദുരന്തങ്ങളില്‍ നിന്നും നാം പാഠം പഠിക്കുന്നില്ല എന്നതിന് തെളിവാണ്. കിണറില്‍ ഇറങ്ങുന്നതിന് മുന്‍പ് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളേക്കുറിച്ചും അപകട സാധ്യതകളേക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ തികച്ചും ഒഴിവാക്കാമായിരുന്ന അപകടങ്ങളായിരുന്നു ഇവയെല്ലാം.

സമാന രീതിയിലുള്ള അപകടങ്ങള്‍ ഇനിയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളേക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്.

കിണറിലെ അപകടസാധ്യതകള്‍ ഇതെല്ലാം

കാലങ്ങളായി ഉപയോഗിക്കാത്തതോ ഉറവ വറ്റിയതോ ആയ കിണറുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ശരിയായ ശുചീകരണത്തിന്റെ അഭാവത്തില്‍ പലപ്പോഴും ഇവ നികത്തപ്പെട്ടുകയോ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറുന്നതോ ആണ് കണ്ടുവരാറുള്ളത്. ഇത്തരത്തില്‍ അടിഞ്ഞു കൂടിയ ചപ്പുചവറുകളും മാലിന്യങ്ങളും പലതരത്തിലുള്ള ബാക്ടീരിയകളുടേയും മറ്റും പ്രവര്‍ത്തനങ്ങള്‍ വഴി ജീര്‍ണിച്ച് മനുഷ്യന് ഹാനികരമായേക്കാവുന്ന മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ് മുതലായ വാതകങ്ങള്‍ ഉണ്ടാവുകയും അവ കിണറിന്റെ അടിത്തട്ടില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ മീഥേന്‍ പോലുള്ള വാതകങ്ങള്‍ ഉണ്ട്. ഈ പ്രദേശത്ത് കിണര്‍ കുഴിക്കുമ്പോള്‍ ഉറവയോടൊപ്പം കെട്ടിക്കിടക്കുന്ന വാതകങ്ങളും കിണറിനകത്തേക്ക് ശക്തിയായി പ്രവഹിക്കാം.

കിണറിനുള്ളില്‍ പലപ്പോഴും ജനറേറ്ററുകള്‍ പോലുള്ളവയുടെ ഉപയോഗം മൂലം ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ മോണോക്ലൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, പുക എന്നിവയുടെ അളവ് കൂടുകയും ചെയ്യാം.  

well

മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ കിണറിനുള്ളില്‍ ഉണ്ടാകുന്ന വിഷവാതകങ്ങള്‍ അതിന്റെ സാന്ദ്രതയനുസരിച്ച് കിണറിന്റെ അടിഭാഗത്ത് കെട്ടിനില്‍ക്കുകയോ മുകളിലേക്ക് ഉയരുകയോ ചെയ്യാം. ഇതു മൂലം ശ്വസിക്കുന്നതിന് ആവശ്യമായ ഓക്‌സിജന്‍ കിണറിന്റെ അടിഭാഗത്ത് അപകടകരമാംവിധം കുറയുകയും കിണറില്‍ ഇറങ്ങുന്ന വ്യക്തിക്ക് ശ്വാസംമുട്ടല്‍ മുതല്‍ മരണംവരെ സംഭവിക്കുകയും ചെയ്യാം.

ഓക്‌സിജന്റെ അഭാവത്തിനു പുറമേ മറ്റു വിഷവാതകങ്ങളുടെ അളവ് അപകടകരമായ നിലയിലേക്ക് (IDLH: Immediately Dangerous to Life or Health) ഉയരുകയോ ചെയ്താലും മരണംവരെ സംഭവിക്കാം. 

ഈ പറഞ്ഞ സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ കിണറിനകത്ത് ഇറങ്ങുന്ന വ്യക്തിക്ക് ഓക്‌സിജന്റെ അഭാവം മൂലമുള്ള ശ്വാസംമുട്ടി മരണമോ അല്ലെങ്കില്‍ വിഷവാതകം ശ്വസിച്ചുള്ള മരണമോ സംഭവിക്കാന്‍ സാധ്യതയുണ്ട്.

വിഷവാതകങ്ങള്‍ കൂടാതെ കിണറില്‍ ഇറങ്ങുന്നവര്‍ക്കുള്ള മറ്റുചില അപകട സാധ്യതകളാണ് ഇഴജന്തുക്കള്‍, ഉയര്‍ന്ന ചൂട്, ഉന്നത ശബ്ദം, തീ, വൈദ്യുതി, രാസവസ്തുക്കള്‍, മണ്ണിടിച്ചില്‍ എന്നിവയും മറ്റും.

എന്താണ് കണ്‍ഫൈന്‍ഡ് സ്‌പേസ്

ഭാഗികമായോ പൂര്‍ണമായോ അടഞ്ഞതും അകത്ത് പ്രവേശിക്കുന്നതിനും പുറത്ത് ഇറങ്ങുന്നതിനും പരിമിതികള്‍ ഉള്ളതും സ്ഥിരമായി ആള്‍പ്പെരുമാറ്റം ആവശ്യമില്ലാത്തതുമായ സ്ഥലങ്ങളെ കണ്‍ഫൈന്‍ഡ് സ്‌പേസ് (Confined Space) എന്ന് ലളിതമായി പറയാം. ഉദാഹരണത്തിന് കിണറുകള്‍, സംഭരണികള്‍, മലിനജല കുഴലുകള്‍, സെപ്റ്റിക് ടാങ്ക്, ആഴത്തിലുള്ള കുഴികള്‍ മുതലായവയെല്ലാം തന്നെ കണ്‍ഫൈന്‍ഡ് സ്‌പേസ് ആയി പരിഗണിക്കാം (Ref: OSHA -29 CFR1910.146).

ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേകം സുരക്ഷ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇന്ത്യയിലെയും പുറംരാജ്യങ്ങളിലെയും പ്രമുഖ വ്യവസായശാലകളില്‍ എല്ലാംതന്നെ കണ്‍ഫൈന്‍ഡ് സ്‌പേസ് എന്‍ട്രി പെര്‍മിറ്റുകള്‍ എടുത്തതിനു ശേഷം മാത്രമാണ് പ്രവര്‍ത്തനാനുമതി ലഭിക്കുക. മാത്രമല്ല, ഈ നിയമം ലംഘിക്കുന്നവര്‍ക്ക് നിയമനടപടികള്‍ അടക്കം നേരിടേണ്ടി വന്നേക്കാം. ഇത്തരം ജോലികള്‍ ചെയ്യുന്നതിനായി വ്യവസായശാലകളില്‍ പ്രത്യേകം പരിശീലനം ലഭിച്ച തൊഴിലാളികളും വിശദമായി എഴുതി തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ്ങ് പ്രൊസീജിയറും (SOP) നിര്‍ബന്ധമായും ഉണ്ടായിരിക്കും.

well

അപകട സാധ്യത എങ്ങനെ നിര്‍ണ്ണയിക്കാം

കിണറിനകത്ത് വിഷവാതകങ്ങളോ ഓക്‌സിജന്റെ അഭാവമോ ഉണ്ടോയെന്ന് ആദ്യമായി പരിശോധിക്കണം. ഇതിന് ഗ്യാസ് മോണിട്ടറിംങ്ങ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാത്രമാണ് ആശ്രയിക്കേണ്ടത്. മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍ മുഖേന പലതരത്തിലുള്ള വാതകങ്ങളുടെ അളവ് അപ്പോള്‍ തന്നെ നിര്‍ണയിക്കാന്‍ സാധിക്കും. ഈ ഉപകരണം വഴി ആദ്യമായി ഓക്‌സിജന്റെ അളവ് പരിശോധിക്കണം.

അന്താരാഷ്ട്ര സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് (OSHA) പ്രകാരം ഓക്‌സിജന്റെ അളവ് 19.5%-ലും താഴെവന്നാല്‍ അത് സുരക്ഷിതമായ അവസ്ഥയായി കാണാന്‍ സാധിക്കില്ല. ഓക്‌സിജന്‍ അളവ് 6% ത്തിലും താഴെ വന്നാല്‍ മരണം വരെ സംഭവിക്കാം. പലപ്പോഴും കിണറിനകത്തെ വിഷവാതകങ്ങളുടെയും ഓക്‌സിജന്റെയും അളവില്‍ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കാം. ഉദാഹരണത്തിന് കൂടുതല്‍ ആഴത്തില്‍ ചെളിയോ മണ്ണോ വാരുമ്പോള്‍ ഉറവയോടൊപ്പം വിഷവാതകങ്ങളും ഇടക്കിടെ പുറത്തുവരാം. ആയതിനാല്‍ മള്‍ട്ടി ഗ്യാസ് ഡിറ്റക്ട്ടര്‍ മുഖേന പല പ്രാവശ്യം വാതകങ്ങളുടെ അളവ് പരിശോധിക്കുക എന്നത് ഒരു സാധാരണ രീതിയാണ്.

മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് മുതലായവ വാതകങ്ങളുടെ അളവ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷിതമായ പരിധിയിലാണ് എന്നും ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ സുരക്ഷിതമായ എക്‌സ്‌പ്ലോസീവ് പരിധിയില്‍ (LEL & UEL) ആണെന്നും ഉറപ്പുവരുത്തണം.

കിണറില്‍ ആവശ്യമായ ഓക്‌സിജന്‍ ഉണ്ടോ എന്ന് അറിയുന്നതിന് ശാസ്ത്രീയമല്ലാതെ ഉപയോഗിക്കുന്ന രീതികള്‍ നാം പറഞ്ഞു കേള്‍ക്കാറുണ്ട്. ഉദാഹരണത്തിന് കിണറിലേക്ക് കടലാസ്, ഓല, മെഴുകുതിരി മുതലായവ കത്തിച്ച് ഇറക്കുകയും തീ അണഞ്ഞുപോയില്ല എങ്കില്‍ കിണറില്‍ സുരക്ഷിതമായി ഇറങ്ങാം എന്നും. ഇത് ശരിയായ ഒരു രീതിയല്ല കാരണം ഓക്‌സിജന്റെ അളവ് നിര്‍ണയിക്കാന്‍ ഇതുവഴി സാധ്യമല്ല എന്നത് കൂടാതെ മറ്റ് വിഷവാതകങ്ങള്‍ ഉണ്ടോ എന്ന് അറിയുന്നതിനും ഈ രീതി പര്യാപ്തമല്ല. ശാസ്ത്രീയമായി മള്‍ട്ടിഗ്യാസ് സിറ്റക്ടര്‍ ഉപയോഗിച്ച് വായു ശ്വസനയോഗ്യമാണോ എന്ന് പരിശോധിക്കുന്നതാണ് അഭികാമ്യം.   

എങ്ങനെ അപകടം ഒഴിവാക്കാം 

  • അപകടത്തെപ്പറ്റി മുന്‍കൂട്ടിയുള്ള അറിവാണ് അത് ഒഴിവാക്കാനുള്ള പ്രധാന മാര്‍ഗം. 
  • അപകടസാധ്യത തിരിച്ചറിഞ്ഞാല്‍ കിണറില്‍ ഇറങ്ങുന്നത് ഒഴിവാക്കാന്‍ പറ്റുമോ എന്നത് ആദ്യമായി തീരുമാനിക്കണം. 
  • ഒഴിവാക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമാണെങ്കില്‍ മറ്റു സുരക്ഷിതമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. 
  • ആവശ്യമായ പരിശീലനം സിദ്ധിച്ച ആളുടെ മേല്‍നോട്ടത്തില്‍ എല്ലാ അപകട സാധ്യതകളും വിലയിരുത്തണം. 
  • അപകടത്തില്‍ പെടുന്ന ആള്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധ്യമല്ലാത്തതിനാല്‍ ഒരു എമര്‍ജന്‍സി റെസ്‌ക്യൂ പ്ലാന്‍ മുന്‍കൂട്ടി ഉണ്ടാക്കിയിരിക്കണം. 
  • അപകടത്തില്‍പ്പെടുന്ന ആളിനെ രക്ഷിക്കുവാന്‍ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ മറ്റുള്ളവരും കിണറില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടം വിളിച്ചു വരുത്തും.
  • ഓക്‌സിജന്റെ അളവ് ആവശ്യത്തിലും കുറവാണെങ്കില്‍ അത് കൂട്ടുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയമായ വെന്റിലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കണം. 
  • ആവശ്യമായ വ്യക്തിസുരക്ഷ ഉപകരണങ്ങള്‍ (PPE) അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി കരുതിയിരിക്കണം.
  • സുരക്ഷ എന്നത് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന ബോധവല്‍കരണം സ്‌കൂള്‍ തലത്തില്‍ നടപ്പാക്കുകയും അത് ഒരു പഠന വിഷയം ആക്കുകയും ചെയ്യുക.

 

(പരിസ്ഥിതി രം​ഗത്ത് മുപ്പത് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എൻജിനീയർ ആണ് ലേഖകൻ. ഇപ്പോൾ സൗദി അറേബ്യയിൽ ഫെർട്ടിലെെസർ & മെെനിങ് മേഖലയിൽ പരിസ്ഥിതി വിഭാ​ഗം തലവനായി ജോലി ചെയ്യുന്നു)