''പാടുക,പറക്കുക,ഒഴുകിപ്പറക്കുക- ഒരു പക്ഷിയെപ്പോലെ '(Sing,Fly,Soar -Like a Bird!)  2021 മെയ് 8 ശനിയാഴ്ച ലോകത്തെമ്പാടുമായി ആചരിക്കുന്ന ലോക ദേശാനപ്പക്ഷിദിനത്തിന്റെ പ്രമേയമാണിത്. എന്താണ് ഈ പ്രമേയത്തിന്റെ സാരമെന്നു പരിശോധിക്കാം. പക്ഷികള്‍ക്ക് പ്രണയം പ്രകടിപ്പിക്കാനുള്ള ഒരുപാധിയാണ് പാട്ട്. ആണ്‍ പക്ഷികള്‍  മധുരമായി പാടി പെണ്‍പക്ഷികളുടെ ഹൃദയം കവരുന്നു. കോവിഡ് മഹാമാരി മനുഷ്യ മനസ്സില്‍ അശാന്തിയുടെ ഇരുള്‍ പരത്തിയ ഈ വേളയില്‍ നാം പരസ്പര സ്‌നേഹം കൂടുതലായി പങ്കുവെക്കേണ്ടിയിരിക്കുന്നു. പറക്കല്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. രാജ്യാതിര്‍ത്തികളും മഹാസാഗരങ്ങളും കൊടുമുടികളും താണ്ടി പറക്കുന്ന ദേശാനപ്പക്ഷികള്‍ അതിര്‍ത്തികള്‍ നമ്മെ വേര്‍പെടുത്തരുതു എന്ന് നമ്മെ ഓര്‍മിപ്പിക്കുയാണ്. പാട്ടുകള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നതുപോലെ  ദേശാടനം രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതുപോലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം സുദൃഢമാകണം. നുഷ്യരും പക്ഷികളെപ്പോലെ സ്‌നേഹസമ്പന്നരും സ്വതന്ത്രരുമായിരിക്കണമെന്ന മഹത്തായ സന്ദേശമാണ് ഈ പ്രമേയത്തിന്റെ പൊരുള്‍.

ലോകത്തെമ്പാടുമുള്ള മനുഷ്യരെ ദേശാടനപ്പക്ഷികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ലോക ദേശാടനപ്പക്ഷി ദിനം കൊണ്ടാടുന്നത്. ദേശാടനപ്പക്ഷികളുടെ സംരക്ഷണം ഏതെങ്കിലും ഒരു രാജ്യമോ ഏതാനും രാജ്യങ്ങളോ വിചാരിച്ചാല്‍ മാത്രം പ്രായോഗികമാക്കാന്‍ കഴിയില്ല. ദേശാടനപ്പക്ഷികളുടെ മാതൃ രാജ്യങ്ങളും അവ ദേശാടനത്തിനു എത്തുന്ന രാജ്യങ്ങളും അവ ദേശാടന മധ്യേ വിശ്രമിക്കുന്ന രാജ്യങ്ങളും യോജിച്ചു പ്രയത്‌നിച്ചാലേ അത് സാധ്യമാകൂ.  

വര്‍ഷം തോറും  ലക്ഷക്കണക്കിന് പക്ഷികളാണ് മാതൃരാജ്യമോ ജന്മസ്ഥലമോ ഉപേക്ഷിച്ചു മാറ്റൊരിടത്തേക്കു യാത്രപോകുന്നത്. ജന്മസ്ഥലത്തെ മഞ്ഞുപെയ്‌ത്തോ ആഹാരക്ഷാമമോ ആകാം പക്ഷികളെ ദേശാടനത്തിനു പ്രേരിപ്പിക്കുന്നത്. ജന്മദേശത്തു പ്രസന്നമായ കാലാവസ്ഥ സംജാതമാകുന്നതോടെ പക്ഷികളും തിരികെ എത്തുകയായി. പക്ഷേ, ദേശാടനത്തിന്റെ നിഗൂഢതകള്‍ പലതും ഇനിയും  ചരുളഴിയേണ്ടതുണ്ട്.

bird
മേനിപ്പാറക്കിളി 

കോവിഡ് മഹാമാരി പക്ഷികളെ എത്രകണ്ട് ബാധിച്ചിട്ടുണ്ട് എന്ന് ശാസ്ത്ര ലോകം പഠിച്ചു വരുന്നതയുള്ളൂ. കോവിഡ് ദേശാടനപ്പക്ഷികളുടെ എണ്ണത്തിലും സ്വഭാവത്തിലും  മാറ്റം വരുത്തിയിട്ടുണ്ടോ? മനുഷ്യരുടെ യാത്രകളും പ്രവര്‍ത്തനങ്ങളും പരിമിതപ്പെട്ടതും (Anthropause)  പ്രകൃതിയിലുണ്ടായ മാറ്റങ്ങളും ദശാടനപ്പക്ഷികളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് നമുക്കിപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ല. എങ്കിലും ഒരു കാര്യം തീര്‍ത്തു പറയാം. ഈ മഹാവ്യാധി പക്ഷികള്‍ ഉള്‍പ്പെടയുള്ള ജീവജാലങ്ങളുമായി മനുഷ്യരുടെ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ചിന്തിക്കാന്‍ മനുഷ്യന്  പ്രേരകമായിട്ടുണ്ട്. ചുരുക്കത്തില്‍ ഈ വര്‍ഷത്തെ ലോകദേശാടനപ്പക്ഷി ദിനം പക്ഷികളുടെ സംരക്ഷണത്തോടൊപ്പം നാം പ്രകൃതിയുടെ കാവല്‍ക്കാര്‍ ആകണമെന്ന സന്ദേശവും കൂടി നല്‍കുന്നുണ്ട്.

nakamohan
നാകമോഹൻ

2006 മുതല്‍ക്കാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോക ദേശാടനപ്പക്ഷിദിനം ആചരിച്ചുപോരുന്നത്. വര്‍ഷംതോറും മെയിലെയും ഒക്ടോബറിലെയും രണ്ടാം ശനിയാഴ്ചയാണ് ദിനാഘോഷം നടക്കുന്നത്. നൂറ്റിപതിനെട്ടോളം രാജ്യങ്ങളാണ് ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നത്. പക്ഷിനിരീക്ഷണം, പക്ഷികളും ആവാസങ്ങളും പ്രമേയമാക്കിയുള്ള വിവിധ മത്സരങ്ങള്‍.. എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ പക്ഷികളെയും അവയുടെ ആവാസങ്ങളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ ക്കുറിച്ചു സമൂഹത്തെ ബോധവ്തകരിക്കുന്നു.   

വര്‍ഷംതോറും നൂറുകണക്കിന് ജാതിയില്‍ പെട്ട അനേകായിരം പക്ഷികളാണ് കേരളത്തിലേക്ക് ദേശാടനത്തിനു എത്തുന്നത്. കാവിക്കിളി(Indian Pitta)യെയും നാകമോഹനെയും(Indian Paradise Flycatcher) പോലെ സമീപ സംസ്ഥാങ്ങളില്‍ നിന്നും മാധ്യഇന്ത്യയില്‍നിന്നും ഹിമാലയത്തില്‍ നിന്നും കേരളത്തില്‍ വിരുന്നു വരുന്ന പക്ഷികള്‍ ഉണ്ട്. അതേസമയം അനേകായിരം മയിലുകള്‍ക്കു അപ്പറത്തുള്ള റഷ്യ,സൈബീരിയ, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലേക്ക് പക്ഷികള്‍ വിരുന്നു വരാറുണ്ട്. ആഗസ്റ്റു മുതല്‍ ദേശാടനപ്പക്ഷികള്‍ കേരളത്തില്‍ എത്തിത്തുടങ്ങും. ഏപ്രില്‍ മെയ് മാസത്തോടെ മിക്ക പക്ഷികളും സ്വദേശത്തേക്കു തിരികെപ്പോകും. എന്നാല്‍ ചോരക്കാലി, തെറ്റിക്കൊക്കന്‍, മംഗോളിയന്‍ മണല്‍ക്കോഴി മുതലായ ഏതാനും പക്ഷികളെ മഴക്കാലത്തും കേരളത്തില്‍ ചിലയിടങ്ങളിലായി കാണാറുണ്ട്. ദേശാടനപ്പക്ഷികള്‍ പൊതുവെ അവരുടെ സ്വാദേശത്തു് ചെന്നാണ് കൂടുകൂട്ടുക. എന്നാല്‍ വിഷുപ്പക്ഷി കൂടുകൂട്ടാന്‍ വേണ്ടി കേരളത്തിലേക്കു ദേശാടനത്തിനു വരുന്നപക്ഷിയാണ്. വിഷുപ്പക്ഷി എവിടെനിന്നാണ് കേരളത്തിലേക്ക് വിരുന്ന് വരുന്നതെന്ന് നമുക്ക് കൃത്യമായി പറയാന്‍ കഴയില്ല. ഒരിനം കുയിലാണ്(Indian Cuckoo) വിഷുപ്പക്ഷി.

kadal kakka
തവിട്ടുതലയൻ കടൽകാക്ക  

വനങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കടലോരങ്ങള്‍, അഴിമുഖങ്ങള്‍, പാടങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ വൈവിധ്യമാര്‍ന്ന ആവാസങ്ങളിലാണ് ദേശാടനപ്പക്ഷികള്‍ വിഹരിക്കുന്നത്. ഹിമാലയം  കടന്നു പറക്കുന്ന കുറിത്തലയന്‍ വാത്തിനെ (Bar -headed Goose) കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബീരിയയില്‍ നിന്ന് ആഫ്രിക്കയിലേക്കു ദേശാടനം നടത്തുന്ന ചെങ്കാലന്‍ പുള്ളു(Amur Falcon) യാത്രാമധ്യേ വിശ്രമത്തിനായി കേരളത്തില്‍ എത്താറുണ്ട്. ഈ ദേശാടനക്കാലത്തു കോഴിക്കോട് കടപ്പുറത്തു കൂട്ടത്തോടെ വിരുന്നു വന്ന കടല്‍മണ്ണാത്തി(Eurasian Oystercatcher) ഒരപൂര്‍വ കാഴ്ചായായിരുന്നു.  

kadal mannathi
കടൽമണ്ണാത്തി

കേരളത്തില്‍ എത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിലും വൈവിധ്യത്തിലും സാരമായ കുറവ് വന്നിട്ടുണ്ട്. ആയിരക്കണക്കിന് വിരുന്നുകാര്‍ വന്നിരുന്ന പ്രമുഖ പക്ഷി സങ്കേതമായ കടലുണ്ടിയില്‍ വര്‍ഷംതോറും പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ആവാസത്തിലുണ്ടാകുന്ന മാറ്റവും മലിനീകരണവും പക്ഷികളുടെ ആഹാരലഭ്യതയില്‍ കുറവു വരുത്തും. അഴിമുഖങ്ങളിലും കടലോരങ്ങളിലും അടിയുന്ന മാലിന്യങ്ങള്‍ കൊത്തിത്തിന്നാന്‍ എത്തുന്ന പരുന്തുകളും കാക്കകളും ദേശാനപ്പക്ഷികളെ കൊത്തിത്തുരത്തുന്നത് നിത്യ കാഴ്ചയാണ്. കടലോരത്തു ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വലകളിലും നാരുകളിലും കുരുങ്ങി പക്ഷികള്‍ക്ക് സാരമായ മുറിവേല്‍ക്കാറുണ്ട്. കായ്കനികള്‍ ഭക്ഷിക്കുന്ന ദേശാടനപ്പക്ഷികള്‍ക്കു വനനശീകരണം ആഹാരക്ഷാമുണ്ടാക്കും.രാജ്യങ്ങളും സമൂഹങ്ങളും കൂട്ടായി പരിശ്രമിച്ചാലേ ദേശാടനപ്പക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് നമ്മെ വീണ്ടും ഓര്‍മിപ്പിക്കുയാണ് ലോക ദേശാടനപക്ഷിദിനം.