ഭൂമിയ്ക്ക് ഒരു താളമുണ്ട്. പ്രകൃതിയിലൂടെ, ജീവപരമ്പരകളിലൂടെ പരന്നൊഴുകുന്ന ഒരു ജീവതാളം. കൂട്ടായ്മയുടെ സംഗീതമാണ് ഭൂമിയും അത് വഹിക്കുന്ന കോടാനുകോടി ജീവികളും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ സിംഫണി പങ്കുവെക്കുന്നത്. ഓരോ പുല്‍ക്കൊടിയ്ക്കും തന്റേതായ ഇടം ഈ ഭൂഗോളം നല്‍കുന്നെണ്ടെന്നും ആരും ആരെക്കാളും വലിയവനോ ചെറിയവനോ അല്ലെന്നുമുള്ള മഹത്തായ പാഠമാണത് നല്‍കുന്നത്. എന്നാല്‍ അതില്‍ താളപ്പിഴകള്‍ ഉണ്ടാവുകയാണ് ഇപ്പോള്‍.

പ്രകൃതിയുടെ വൈവിധ്യം ശോഷിക്കാന്‍ തുടങ്ങി, ഭൂമിയുടെ സന്തുലനം നഷ്ടപ്പെടാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ ജീവജാലങ്ങളുടെ സ്വച്ഛതയിലേക്ക് മനുഷ്യന്റെ അധിനിവേശമാണ് ആ താളഭംഗത്തിനിടയാക്കിയത്. അങ്ങനെ ഭൂമി ശോഷിക്കാന്‍ തുടങ്ങി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിക്കാന്‍ തുടങ്ങി. ഭൂമിയില്‍ ഓരോ ജീവിയും അവരുടെ നിലനില്‍പ്പും പരസ്പരം ഇഴചേര്‍ന്നുകിടക്കുകയാണെന്നും ഒന്നില്ലാതെ, മറ്റൊന്നിന് നിലനില്‍പ്പില്ലെന്നുമുള്ള ബോധം മനുഷ്യന്‍ മനസിലാക്കാന്‍ വൈകി. ഇന്ന് പ്രകൃതിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് മനുഷ്യന്‍. അതിന്റെ പൊതുവായ ചില ഓര്‍മ്മപ്പെടുത്തലുകളാണ് ലോകജൈവവൈവിധ്യദിനം പോലുള്ള ഓർമദിനങ്ങള്‍.

'പരിഹാരം പ്രകൃതിയില്‍ തന്നെയുണ്ട്' എന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജൈവവൈവിധ്യദിനത്തിന്റെ മുദ്രാവാക്യം. അതിന്റെ തുടര്‍ച്ചയായി 'ഞങ്ങളും പരിഹാരത്തിന്റെ ഭാഗമാണ്' എന്നാണ് ഇത്തവണത്തെ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. നാം തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യത്തിന്റെ പുനരുദ്ധാരണയജ്ഞത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. നാമോരുത്തരും നമ്മുടേതായ സംഭാവന അക്കാര്യത്തില്‍ നല്‍കേണ്ടതായിട്ടുണ്ട്. 

മെയ് 21നും നാം ഇതുപോലെയൊരു പ്രധാനപ്പെട്ട ദിനം ആചരിച്ചിരുന്നു. വംശനാശം നേരിടുന്ന ജീവികളുടെ ദിനം. ഈ ജൈവവൈവിധ്യദിനത്തേയും അതിനൊപ്പം ചേര്‍ത്തുവയ്ക്കേണ്ടതുണ്ട്. ആഗോളതാപനവും ആവാസവ്യവസ്ഥയുടെ നാശവുമാണ് ജീവിവർഗങ്ങളുടെ വംശനാശഭീഷണിയുടെ പ്രധാന കാരണങ്ങള്‍. രണ്ടും ഒരര്‍ഥത്തില്‍ മനുഷ്യനിര്‍മ്മിതം തന്നെ. ഇനിയെങ്കിലും മണ്മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ജീവികളെ ജീവിതത്തിലേക്ക്, ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

1948 ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ നേതൃത്വത്തില്‍ അപൂര്‍വ്വവും വംശനാശം നേരിടുന്നതുമായ ജീവികളുടെ വിശദാംശങ്ങള്‍ എഴുതപ്പെട്ട രേഖകളാണ് 'റെഡ് ഡേറ്റ ബുക്ക്'. വംശനാശത്തിന്റെ വക്കിലുള്ള ജീവികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ആ രേഖ അടിസ്ഥാനമാക്കിയാണ് നാം അവയുടെ സംരക്ഷണത്തിനുള്ള വഴികള്‍ തേടുന്നത്. ഈ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം വംശനാശം നേരിടുന്ന അഞ്ചുജീവികളും വലുതോ ചെറുതോ ആയ രീതിയില്‍ വംശനാശം നേരിടുന്ന 5,200 ജന്തുജാലങ്ങളും 34,000 സസ്യങ്ങളും ഇന്ന് ഭൂമുഖത്തുണ്ട്. ഏഷ്യന്‍ ആനകള്‍, ജാവന്‍ റൈനോസിറസ്, ഒറാങ്ങുട്ടാന്‍, ജയന്റ് പാണ്ട, സ്റ്റെല്ലാര്‍ സീ ലയണ്‍ എന്നിങ്ങനെ എത്രയോ ജീവികളാണ് ഇന്നോ നാളെയോ ഭൂമുഖത്തുനിന്നും അപ്രത്യക്ഷരാകാന്‍ പോകുന്നത്!

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മുഴുവനായും ഓണ്‍ലൈന്‍ പരിപാടികളാണ് ജൈവവൈവിധ്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ വിലമതിക്കാനാവാത്ത ജൈവവൈവിധ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാമോരുത്തരും ഏറ്റെടുക്കേണ്ട സമയമാണിത്. പ്രകൃതിയ്ക്കും സഹജീവികള്‍ക്കും മേലുള്ള ഇടപെടലുകള്‍ വരുത്തുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അതില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയൊരു നാളേയ്ക്കായുള്ള ചുവടുവെപ്പായി ഈ ജൈവവൈവിധ്യ ദിനത്തെ മാറ്റിത്തീർക്കാം.

(കൊച്ചി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)