കോഴിക്കോട്: മിത്രകീടങ്ങളായി കണക്കാക്കുന്ന 56-ഇനം കടന്നലുകളെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കണ്ടെത്തി. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമാണ് ഇവയെ തിരിച്ചറിഞ്ഞത്. ഇതില്‍ 23 ഇനങ്ങളെ കിട്ടിയത് കേരളത്തില്‍നിന്നാണ്.

കൃഷിയിടങ്ങളില്‍ ഉപദ്രവകാരികളായ ഒട്ടേറെ കീടങ്ങളെ ഇവ നശിപ്പിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. 2006-'17 കാലയളവിലായിരുന്നു ഗവേഷണം.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടുള്ള പശ്ചിമഘട്ട പ്രാദേശികകേന്ദ്രം മേധാവി ഡോ. പി.എം. സുരേശന്‍, ശാസ്ത്രജ്ഞന്‍ ഡോ. പി. ഗിരീഷ്‌കുമാര്‍, ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡോ. ജെയിംസ് കാര്‍പ്പന്റര്‍, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ മുഹമ്മദ് ഷെരീഫ്, പ്രൊഫ. ലാംബര്‍ട്ട് കിഷോര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കടന്നലുകളില്‍ ഭൂരിഭാഗവും 10 മുതല്‍ 15 മില്ലീമീറ്റര്‍ വരെ നീളമുള്ളവയാണ്. ചിലതിന് വലുപ്പം അഞ്ചു മില്ലീമീറ്റര്‍ മാത്രം. ഒറ്റയായി കഴിയാനിഷ്ടപ്പെടുന്നവയാണ് ഇവയെന്ന് ഡോ. ഗിരീഷ്‌കുമാര്‍ പറഞ്ഞു. ഇവ മനുഷ്യന് ഉപദ്രവകാരികളല്ല. പലതിന്റെയും നിറം കറുപ്പാണെങ്കിലും മഞ്ഞ, പച്ച, വെള്ള എന്നിവകൂടിക്കലര്‍ന്ന നിറത്തിലും കാണപ്പെടുന്നുണ്ട്.

കേരളത്തിനുപുറമേ മഹാരാഷ്ട്ര, അസം, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മേഘാലയ, തെലങ്കാന, ശിരുവാണി, ഡല്‍ഹി, ബംഗാള്‍, ജബല്‍പ്പുര്‍, ഹിമാചല്‍പ്രദേശ്, അന്തമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹം എന്നിവിടങ്ങളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്. കേരളത്തില്‍ പശ്ചിമഘട്ട മേഖലകളിലാണ് മിത്രകീടങ്ങള്‍ കൂടുതലായി കാണപ്പെട്ടത്. തട്ടേക്കാട്, വയനാട്, പറമ്പിക്കുളം, ഈസ്റ്റ്ഹില്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍നിന്നും ഇവയെ ലഭിച്ചു. ഇന്ത്യക്കു പുറത്ത് യെമെന്‍, മലേഷ്യ എന്നീ സ്ഥലങ്ങളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്.

പരാര്‍റിങ്കിയം വെങ്കിട്ടരാമനി എന്ന് പേരിട്ട കടന്നലിനത്തെയാണ് അവസാനമായി കണ്ടെത്തിയത്. സെപ്റ്റംബറില്‍ അരുണാചല്‍പ്രദേശ്- മേഘാലയ മേഖലയില്‍നിന്നാണ് ഇതിനെ ലഭിച്ചതെന്ന് ഡോ. പി. ഗിരീഷ്‌കുമാര്‍ പറഞ്ഞു.