Dhanesh Kumarപിലാത്തറ: വനം മാഫിയയ്ക്കെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ പി. ധനേഷ് കുമാറിന്റെ പേരിൽ രണ്ട് ചെടികൾ പശ്ചിമഘട്ട മലനിരകളിൽ വളരുന്നു. പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. രതീഷ് നാരായണന്റെ നേതൃത്വത്തിലുള്ള സസ്യശാസ്ത്ര ഗവേഷകരാണ് പോരാളിയായ ഈ ഓഫീസറെ ആദരിക്കാൻ ചെടികൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. 2014-ൽ വയനാട് മേഖലയിൽനിന്ന് കണ്ടെത്തിയ സിസിജിയം, റൊട്ടാല എന്നീ ജനുസ്സുകളിലെ സസ്യങ്ങൾക്കാണ് സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ പേരിട്ട് അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചത്.

പെരിയ നെടുമ്പൊയിൽ നിത്യഹരിതവനങ്ങളിൽ മാത്രം കാണുന്ന ഞാവൽ ഇനത്തിൽപ്പെട്ട മരമാണ് സിസിജിയം ധനേഷിയാന. വയനാട് വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിലുള്ള മുതുമലയോട് ചേർന്ന മരഗതനല്ലൂർ വയൽക്കാടുകളിൽനിന്നാണ് റൊട്ടാല ധനേഷിയാന എന്ന കുഞ്ഞൻ സസ്യത്തെ ഗവേഷണസംഘം കണ്ടെത്തിയത്. മല്യങ്കര എസ്.എൻ. കോളേജ് പ്രൊഫസർ ഡോ. ഡി.എൻ. സുനിൽ, തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി. ഷാജു, ഡോ. ഷെരീഫ് എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.