രപല്ലികളുടെ രണ്ട്പുതിയ സ്പീഷീസുകളെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തി. അഗസ്ത്യമല മരപ്പല്ലി, ആനമുടി മരപ്പല്ലി എന്നീ രണ്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്.

ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ അടി ഉയരമുള്ള പാണ്ടി മൊട്ടയിലെ ചോലക്കാടുകളില്‍ നിന്നാണ് അഗസ്ത്യമല മരപ്പല്ലിയെ കണ്ടെത്തിയത്. വലിയ വലുപ്പമുള്ള ഈ മരപ്പല്ലികളുടെ കഴുത്തിലെ നെക്ക്ലൈസ് പോലുള്ള തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് ഇവയുടെ പ്രത്യേകത. അതിനാല്‍ ഈ സ്പീഷീസിന് ക്നാമാസ്പിസ് മാകുലിക്കോലിസ് (Cnemaspis Maculicollis) എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.

മറ്റൊരിനമായ ആനമുടി മരപ്പല്ലിയെ മൂന്നാറിനടുത്തുള്ള ആനമുടി റിസര്‍വ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. വലുപ്പമേറിയ ഈ ഇനം നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവും വലുതാണ്. ആനമുടി റസര്‍വ് വനത്തില്‍ നിന്നും കണ്ടെത്തിയതിനാല്‍ ക്നാമാസ്പിസ് ആനമുടിയെന്‍സിസ് (Cnemaspis Anamudiensis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഒരുപക്ഷെ നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവുമധികം ഉയരത്തില്‍ (ആറായിരം അടി ഉയരത്തില്‍) വസിക്കുന്ന ഇനവും ആനമുടി മരപ്പല്ലി തന്നെയായിരിക്കും. തടിച്ചുരുണ്ടിരിക്കുന്ന ഈ പല്ലികള്‍ക്ക് മഞ്ഞകലര്‍ന്ന തവിട്ടുനിറവും കണ്‍വലയങ്ങള്‍ക്ക് ചുവപ്പ് നിറവുമാണ്. 

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഉരഗ ഗവേഷകനായ വിവേക് ഫിലിപ്പ് സിറിയക് ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ അലക്സ് ജോണി, സുവേളജിക്കല്‍ സര്‍വേയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, വയനാട് വൈല്‍ഡിലെ നാച്വറലിസ്റ്റ് ആയ ഉമേഷ് പാവുകണ്ടി എന്നിവരുടെ പഠനസംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

lizards

അന്താരാഷ്ട്ര ജേണലായ സൂടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് പുതിയ കണ്ടുപിടുത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടുകൂടി കേരളത്തിലെ മരപ്പല്ലികളുടെ വൈവിധ്യം 13 ആയും പശ്ചിമഘട്ടത്തിലേത് 19 ആയും ഉയര്‍ന്നു. കേരളത്തിലെ ഉരഗജീവി സമ്പത്ത് 177 ഉം ആയിട്ടുണ്ട്.

കേരള പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ട് മലനിരകളായ അഗസ്ത്യമലയിലെയും ആനമുടിയിലെയും ചോലക്കാടുകല്‍നിന്ന് അടുത്ത കാലത്തായി ധാരാളം പുതിയ സ്പീഷീസുകളുടെ കണ്ടെത്തിയിട്ടുണ്ട്. ഇത് പശ്ചിമഘട്ട മലനിരകള്‍ അവയുടെ തനിമയോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.

Content Highlights: new species of lizards, Kerala part of Western Ghats