കാഴ്ചയില്‍ കോഴിയുടെ ആകൃതിയിലുള്ള കണ്ണഞ്ചിപ്പിക്കുന്ന നിറമുള്ള പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വിരിയിച്ച ശേഷം വനത്തിലേക്ക് വിടാന്‍ പദ്ധതി തയ്യാറായി. വംശനാശം നേരിടുന്ന വെസ്റ്റേണ്‍ ട്രോഗോപാന്‍ എന്ന പക്ഷിയെ സംരക്ഷിക്കാന്‍ ഹിമാചല്‍ പ്രദേശ് വനം വകുപ്പ് സ്വീകരിച്ച നടപടി പ്രകൃതി സ്നേഹികളെയും ശാസ്ത്രജ്ഞരെയും ആകര്‍ഷിച്ചു.

വനനശീകരണവും കാലാവസ്ഥ വ്യതിയാനവും പക്ഷിയെ വേട്ടയാടലും മറ്റുമാണ് ഈ ആകര്‍ഷകമായ പക്ഷിയുടെ വംശം നശിക്കാന്‍ കാരണമായത്. അതിനെ എങ്ങിനെ സംരക്ഷിക്കും എന്നത് വനംവകുപ്പ് ആലോചിച്ചു. ഇതിനകം കൂട്ടില്‍ വളര്‍ത്തിയ പക്ഷികള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചപ്പോള്‍ അവയില്‍ ചിലതിനെ വനത്തിലേക്ക് വിടാന്‍ പദ്ധതി ആസൂത്രണം ചെയ്തു. 

Tragopan
വെസ്‌റ്റേണ്‍ ട്രാഗോപാന്‍

അതിന്റെ ഭാഗമായിട്ടാണ് ആറ് കുഞ്ഞുങ്ങളെയാണ് ഹിമാചലിലെ ധരംഗൈ വന്യമൃഗസങ്കേതത്തിലേക്ക് ആദ്യമായി വിടുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ഈ പദ്ധതി തുടര്‍ന്നും നടത്തി. പക്ഷികളുടെ വംശം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ അര്‍ച്ചന ശര്‍മ്മ മാതൃഭൂമിയോട് പറഞ്ഞു.

ഹിമാചലിലും ഉത്തരാഖണ്ഡിന്റെ ചില വനപ്രദേശത്തും മാത്രമേ ഈ പക്ഷിയുള്ളൂ. ഹിമാചലിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. 15000 അടിവരെയുള്ള ഹിമാചല്‍ വനപ്രദേശത്തില്‍ പക്ഷിയെ കാണാന്‍ കഴിയും. അപൂര്‍വമായിട്ടു മാത്രമേ പക്ഷിയെ കാണാന്‍ കഴിയൂ. ഒരു പക്ഷെ മണിക്കൂറുകള്‍ കാത്തിരിക്കണം. 

ഏതായാലും ഹിമാചല്‍ യാത്രക്കിടയില്‍ ഈ പക്ഷിയെ തനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്ന സംതൃപ്തി പ്രമുഖ വന്യജീവ ഫോട്ടോഗ്രാഫറായ ഡോ. ജയ്നി കുര്യാക്കോസിനുണ്ട്. ഇന്ത്യയില്‍ പ്രമുഖ പക്ഷി നിരീക്ഷകയും വന്യജീവി ഫോട്ടോഗ്രാഫറുമായ ഡോ. ജയ്നി കുര്യാക്കോസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പക്ഷികളെ തേടി അതീവ സാഹസികയാത്ര നടത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയായ അവര്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ താമസിക്കുന്നു.

തലയിലും കഴുത്തിലുമായി കടുത്ത ചുവപ്പ് നിറം പക്ഷിക്കുണ്ട്. കറുപ്പും നീലയും മുഖമാകെ ആകര്‍ഷകമാക്കുന്നു. കറുത്ത തൂവലുകളില്‍ നിറയെ വെള്ളപ്പൊട്ടുകള്‍. ഒട്ടാകെ ഒരു വര്‍ണക്കൂട്ടിന്റെ പ്രതീതി പക്ഷിക്കുണ്ട്. പാകിസ്ഥാനിലും ഈ പക്ഷിയുണ്ട്. വനത്തിലും കൂട്ടിലുമായി ഇപ്പോള്‍ 3500 പക്ഷികള്‍ ഉണ്ടാകും.

Tragopan
വെസ്‌റ്റേണ്‍ ട്രാഗോപാന്‍

ഒക്ടോബറില്‍ വന്യജീവിവാരാഘോഷം തുടങ്ങുമ്പോള്‍ പക്ഷിയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കിട്ടും. ഈ പക്ഷിയുടെ പ്രത്യേക സംരക്ഷണത്തിനായി ഷിംല ജില്ലയിലെ സരഹാനില്‍ പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നു. 1990-ലാണ് സംരക്ഷണപദ്ധതി ആദ്യമായി തുടങ്ങിയത്. 1993-ല്‍ ആദ്യമായി കൂട്ടില്‍ ഒരു കുഞ്ഞ് പിറന്നത് ലോകശ്രദ്ധയാകര്‍ഷിച്ചു. വനത്തില്‍ മാത്രമേ മുട്ടകള്‍ വിരിയൂ എന്നാണ് അതുവരെ കരുതപ്പെട്ടിരുന്നത്.

2016-ല്‍ ഹിമാചല്‍ പ്രദേശിലെ നാഷണല്‍ പാര്‍ക്കില്‍ വെച്ച് അസാധാരണമായ ഈ വര്‍ണപ്പക്ഷിയെ ക്യാമറയില്‍ പകര്‍ത്തിയ നിമിഷം ഡോ. ജയ്നി കുര്യാക്കോസ് ഓര്‍മ്മിക്കുന്നു. 'ഒരു സ്വപ്നം സാക്ഷാത്കരിച്ച പ്രതീതിയായിരുന്നു അപ്പോള്‍. ഒരു ആണിനെയും പെണ്ണിനെയും കാത്തിരുന്നപ്പോഴാണ് കണ്‍മുന്നില്‍ പക്ഷി വരുന്നത്. അത് വന്യജീവി ഫോട്ടോഗ്രാഫിയിലെ ഒരു അനര്‍ഘ നിമിഷമായിരുന്നു.

Tragopan
വെസ്‌റ്റേണ്‍ ട്രാഗോപാന്‍

'സുഹൃത്തുക്കളോടൊപ്പം നീണ്ട കാല്‍നട ഈ ദൗത്യത്തിനായി വേണ്ടി വന്നു. പ്രഭാതത്തിനു മുമ്പ് തന്നെ കാല്‍നടയാത്ര തുടങ്ങിയിരുന്നു. ആദ്യം പക്ഷിയുടെ ശബ്ദമാണ് കേട്ടത്. വൃക്ഷങ്ങളുടെ മറവില്‍ കാത്തിരുന്നു. ഒടുവില്‍ കാത്തിരിപ്പ് സഫലമായി. ഹൃദയം തുടികൊട്ടി. പക്ഷികള്‍ മുന്നില്‍ നില്‍ക്കുന്നു.'- ഡോ. ജയ്നി ഓര്‍മിച്ചു.

Content Highlights: To save the Western Tragopan, the colorful bird