മുംബൈ: രണ്ടു മാസംകൊണ്ട് ബാഹുബലി കാല്‍നടയായി സഞ്ചരിച്ചത് 125 കിലോ മീറ്റര്‍. ഐതിഹാസികമായ ഈ യാത്ര അവനെ ഒരു ഹീറോ ആക്കിയിരിക്കുകയാണിപ്പോള്‍. തെറ്റിദ്ധരിക്കേണ്ട, സിനിമയിലെ കഥാപാത്രമായ ബാഹുബലിയല്ല, ബന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഒരു കടുവയാണ് ബാഹുബലി-2.

മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് രണ്ട് മാസത്തില്‍പരം സമയംകൊണ്ടാണ് ഈ കടുവ സഞ്ചരിച്ചെത്തിയത്. ഈ അത്ഭുതകരമായ യാത്രയാണ് ടി-71 എന്ന ഈ കടുവയെ ബാഹുബലി-2 എന്ന പേരിന് അര്‍ഹനാക്കിയത്. ബാഹുബലി-1 എന്ന് മറ്റൊരു കടുവയ്ക്ക് പേരു നല്‍കിയിരുന്നതിനാലാണ് ഈ കടുവയ്ക്ക് ബാഹുബലി-2 എന്ന് പേരിട്ടത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ബന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഈ കടുവയെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീടാണ് ഈ കടുവ പന്ന കേന്ദ്രത്തിലെ പി-213 എന്ന കടുവയാണെന്ന് വ്യക്തമായത്. 2-3 മാസം കൊണ്ടായിരിക്കണം കടുവ ഈ ദൂരം താണ്ടിയതെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ കൃത്യമായി ഏത് വഴിയിലൂടെയാണ് ഇവന്‍ സഞ്ചരിച്ചതെന്ന കാര്യം വ്യക്തമല്ല.

മധ്യപ്രദേശ് ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ആര്‍. ശ്രീനിവാസ മൂര്‍ത്തിയും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ബാഹുബലിയുടെ ദേശാന്തര ഗമനം സ്ഥിരീകരിക്കപ്പെട്ടത്. പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന സമയത്ത് എടുത്ത ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് ഇത് ഒരേ കടുവതന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ശരീരത്തിലെ വരകളുടെ സവിശേഷതകള്‍ വിലയിരുത്തിയാണ് ഇത് സാധിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിശദമായ ഒരു റിപ്പോര്‍ട്ടും മൂര്‍ത്തി തയ്യാറാക്കിയിട്ടുണ്ട്.

പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ 2014 മെയ് മാസത്തിലാണ് ഈ കടുവ ജനിച്ചത്. 2016 അവസാനത്തോടെയാണ് ഇത് ബന്ധവ്ഗഡിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്. 2017 ആദ്യ മാസങ്ങളിലെപ്പോഴോ ആണ് ഇത് ഇവിടെ എത്തിച്ചേര്‍ന്നത്- ശ്രീനിവാസ മൂര്‍ത്തി പറയുന്നു. ദേശീയോദ്യാനങ്ങളും കടുവാ സംരക്ഷണ കേന്ദ്രങ്ങളും തമ്മില്‍ വന്യജീവികള്‍ക്കായി സഞ്ചാരപാതയൊരുക്കേണ്ടതിന്റെ ആവശ്യകതയാണ് ബാഹുബലിയുടെ സഞ്ചാരം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2014 ഫെബ്രുവരിയില്‍ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കുടിയേറിയ ഒരു കടുവയ്ക്ക് ബാഹുബലി-1 എന്ന് പേര് നല്‍കിയിരുന്നു. രേവ എന്ന സ്ഥലത്തുനിന്ന് പിടികൂടിയ ഈ കടുവയെ പിന്നീട് സഞ്ജയ് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ തുറന്നുവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബാഹുബലി-1 ചത്തു. ആദ്യത്തെ കടുവയ്ക്ക് അതിന്റെ വലിപ്പത്തിന്റെ പേരിലാണ് ബാഹുബലി എന്ന പേര് നല്‍കിയതെങ്കില്‍ കരുത്തിന്റെ പേരിലാണ് രണ്ടാമത്തെ കടുവയ്ക്ക് ബാഹുബലി എന്ന പേര് നല്‍കിയതെന്ന് ബാന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.