മലപ്പുറം: കാടിന്റെ ആവാസവ്യവസ്ഥിതിക്ക് ഗുരുതരമായ മാറ്റം ഉണ്ടാകുന്നുവെങ്കിലും കേരളത്തിലെ കാടുകളില്‍ കടുവയുടെ ജനസംഖ്യയില്‍ അപ്രതീക്ഷിതമായ വര്‍ധന.

പെരിയാര്‍, പറമ്പിക്കുളം എന്നീ കടുവ സംരക്ഷണ മേഖലയ്‌ക്കൊപ്പം വയനാട് വന്യജീവി സംരക്ഷണ പ്രദേശത്തും പൂര്‍ത്തിയാകുന്ന കടുവ സെന്‍സസിലാണ് അമ്പതോളം കടുവകളുടെ വര്‍ധന സൂചിപ്പിക്കുന്നത്. പെരിയാര്‍ വന്യജീവിസങ്കേതത്തിലാണ് വര്‍ധന. അവസാന റിപ്പോര്‍ട്ടില്‍ മാത്രമേ യഥാര്‍ഥചിത്രം വ്യക്തമാകൂ.


കടുവകളുടെ എണ്ണം കേരളത്തില്‍

* 2010-ല്‍ 71

* 2014-ല്‍ 136

* പുതിയ കണക്കെടുപ്പില്‍ പ്രതീക്ഷിക്കുന്ന വര്‍ധന 30 ശതമാനം
രാജ്യത്താകെ 2014-ല്‍ 2026 എണ്ണം
 
 
കണക്കെടുപ്പ്

നാല് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. സഞ്ചാരപാതകളില്‍ ഇരുഭാഗങ്ങളിലായി വെക്കുന്ന പ്രത്യേക ക്യാമറകള്‍ വഴി കടുവകളുടെ ചിത്രങ്ങള്‍ ശേഖരിക്കും. ഓരോ കടുവയുടെയും ദേഹത്തെ വരകള്‍ വ്യത്യസ്തമാകുന്നതാണ് ഇവയെ തിരിച്ചറിയാന്‍ സാധിക്കുന്നത്. രാജ്യത്ത് 1540 കടുവകളുടെ ചിത്രങ്ങള്‍ ഇതിനോടകം ലഭിച്ചു.

കാടുവിട്ടിറങ്ങുമോ?
കാടിന്റെ ആവാസമേഖലയുടെ കുറവ് കടുവകള്‍ കാട് വിട്ട് നാട്ടിലേക്കിറങ്ങാനുള്ള അവസരം വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷണം. ഓരോ ആണ്‍കടുവകള്‍ക്കും കാട്ടില്‍ 30 കിലോമീറ്ററിധികം വരുന്ന വിഹാരമേഖലയുണ്ടാകും. ഈ മേഖലയില്‍ മറ്റ് ആണ്‍കടുവകള്‍ക്ക് സ്ഥാനമുണ്ടാകില്ല. എന്നാല്‍, നാലുവരെ പെണ്‍കടുവകള്‍ക്ക് കഴിയാം. ഈ സാഹചര്യത്തിലാണ് മേഖല ഇല്ലാതാകുന്ന, ശേഷി കുറഞ്ഞ കടുവകള്‍ ഇരതേടി കാടുവിട്ട് നാട്ടിലിറങ്ങുന്നത്. കടുവകളുടെ എണ്ണം കാട്ടില്‍ വര്‍ധിക്കുന്നതോടെ ഈ ഭീഷണി കൂടുമെന്നാണ് വിലയിരുത്തല്‍.