നി ഉറക്കമില്ല ഞാന്‍ എഴുന്നേല്‍ക്കുന്നു- കടുവയുടെ മുഖഭാവം അങ്ങനെയായിരുന്നു. പറമ്പിക്കുളത്തുനിന്ന് എടുത്ത ഈ കടുവയുടെ ചിത്രമാണ് ഷെഫീഖ് ബഷീര്‍ അഹമ്മദിന് ഇത്തവണ വനംവകുപ്പിന്റെ വന്യജീവി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിക്കൊടുത്തത്.

തൂണക്കടവ് നദിയുടെ കരയിലെ നിറമുള്ള കല്ലുകള്‍ മെത്തയായി മാറിയിരുന്നു. അതിലായിരുന്നു കടുവയുടെ ഉച്ചയ്ക്കുമുന്‍പുള്ള സുഖനിദ്ര. മുകളില്‍ ഹരിത വിരിപ്പാര്‍ന്ന വൃക്ഷക്കൊമ്പുകളും- സുഖം, ശീതളം, സുന്ദരം.

കഴിഞ്ഞവര്‍ഷം ജൂലായ് മാസത്തില്‍ ക്യാമറയുമായി ഷഫീഖ് നടക്കുകയായിരുന്നു. ഒരു മ്ലാവിന്റെ കരച്ചില്‍ കേട്ടപ്പോള്‍ കടുവയുടെ സാന്നിധ്യം ഉറപ്പായി. മെല്ലെ കുറച്ചു നടന്നപ്പോള്‍ ഒരു കടുവ മലര്‍ന്ന് കിടക്കുന്നു. കുറച്ചുനേരംകൊണ്ട് കാമറയില്‍ നിരവധി ചിത്രങ്ങള്‍ പതിഞ്ഞു.

ഷഫീഖിന്റെ സാന്നിധ്യം കടുവയ്ക്ക് മനസ്സിലായി. ഉറക്കമുണര്‍ന്ന് അത് മുഖം തിരിച്ചുനോക്കി. കാലുകള്‍ നിവര്‍ത്തി മെല്ലെ എഴുന്നേറ്റ് കാട്ടിലേയ്ക്ക് നടന്നു.

നിരവധി തവണ പറമ്പിക്കുളത്ത് പോയിട്ടുണ്ടെങ്കിലും മൂന്ന് തവണ മാത്രമേ കടുവയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് ഷഫീഖ് പറഞ്ഞു.

2014ല്‍ പറമ്പിക്കുളത്തുനിന്ന് എടുത്ത പുള്ളിപ്പുലി ചിത്രങ്ങള്‍ അടുത്തവര്‍ഷം വനംവകുപ്പിന്റെ ഒന്നാം സ്ഥാനം ഷഫീഖിന് നേടിക്കൊടുത്തിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും വിശാലമായി യാത്രചെയ്തിട്ടുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഷെഫീഖ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ്.