ത്തരാഖണ്ഡിൽ,  ജിംകോർബറ്റ് പാർക്കിനടുത്തുള്ള ഭേലാപദവ് മേഖലയിൽ കാടിനുള്ളിലേക്ക് കടന്ന രണ്ട് പേരെ ഒരു കടുവ കൊന്നു. കാടിനോട് ചേർന്ന കരിങ്കൽക്വാറിയിലെ പണിക്കാരായിരുന്നു ഇവർ.കൂട്ടത്തിലെ രണ്ടുപേർ കൊല്ലപ്പെട്ടതോടെ ക്വാറിത്തൊഴിലാളികൾ ആശങ്കയിലായി. കടുവയെ പിടികൂടാതെ ജോലിക്കിറങ്ങില്ലെന്ന് അവർ തീരുമാനിച്ചു. ക്വാറി ലോബിയുടെ സമ്മർദത്തെ തുടർന്ന് കടുവയെ പിടികൂടാൻ വനംവകുപ്പധികൃതർ രംഗത്തിറങ്ങി. രണ്ടുതവണ മയക്കുവെടി വെച്ചു. എന്നിട്ടും കടുവ വീണില്ല.

അപ്പോഴാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചത്. മയക്കുവെടിമൂലം ഓടാനാകാതെ നിന്ന കടുവയെ മണ്ണുമാന്തിയന്ത്രത്തിന്റെ കൈകൊണ്ട് നിലംപറ്റെ ഞെരിച്ചു. അനങ്ങില്ലെന്നുറപ്പായതോടെ വനംവകുപ്പ ധികൃതർ വലയും കൂടുമായെത്തി, കടുവയെ നൈനിറ്റാൾ കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി. പക്ഷേ, അവിടെ എത്തുന്നതിനുമുമ്പ് അതിന്റെ കഥ കഴിഞ്ഞു. 

മയക്കുവെടിയുടെ ഓവർഡോസും മണ്ണുമാന്തിയന്ത്രം കൊണ്ട് ഞെരിച്ചപ്പോഴുണ്ടായ പരിക്കും കടുവയുടെ അന്ത്യത്തിന് കാരണമായി. ഉന്നേതാദ്യോഗസ്ഥർ വിശദീകരണം ചോദിച്ചപ്പോൾ ഇതിനുമുമ്പും കടുവയെ പിടിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഭേലാപദവിലെ വനംവകുപ്പുദ്യോഗസ്ഥർ നൽകിയത്. കൊടുംകാടിനുള്ളിലേക്ക് മണ്ണുമാന്തിയന്ത്രം മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ അത്രേ. കാടിനുള്ളിൽ കഴിയുന്ന കടുവയെ എന്തിനാണ് പിടികൂടുന്നതെന്ന് മാത്രം ചോദിക്കരുത്..!

ലോകത്ത് കടുവകളുടെ എണ്ണം കൂടിയപ്പോൾ ഇന്ത്യയിലെ കടുവകൾക്ക് ഏറ്റവും മോശം വർഷമായിരുന്നു 2016. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ചത്തൊടുങ്ങിയത് 120 കടുവകളാണ്. മൂന്ന് 'വ' കളാണ് കടുവയുടെ പ്രധാന ശത്രുക്കൾ. ഒന്ന് വേട്ടയാടലും രണ്ട് വിഷംവെക്കലും മൂന്ന് വനനശീകരണവും. 

ഒരു നൂറ്റാണ്ട് മുമ്പ് ലോകത്ത് ഒരു ലക്ഷത്തിലധികം കടുവകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി എന്ന് തോന്നാം. 1900-ത്തിലെ കണക്കാണിത്. 1900ത്തിനോട് ഓരോ വർഷം ചേർത്ത് വെക്കുമ്പോഴും കടുവകളുടെ എണ്ണം കുറഞ്ഞു വന്നു. കടുവവംശം ഇല്ലാതാകുമെന്ന അവസ്ഥവന്നപ്പോൾ ലോകമെങ്ങും കടുവാ സംരക്ഷണത്തിന് പദ്ധതികൾ വന്നു. 1973-ൽ ഇന്ത്യയിൽ പ്രോജക്ട് ടൈഗർ എന്ന പദ്ധതി കേന്ദ്ര സർക്കാർ തുടങ്ങിയത് അങ്ങനെയാണ്.

ഇതിനൊക്കെ ഗുണമുണ്ടായി എന്ന് പറയാനായത് 2016-ൽ മാത്രമാണ്. പുതിയ കണക്കനുസരിച്ച് ലോകത്ത് 3890 കടുവകളാണുള്ളത്. ഇത്ര കുറഞ്ഞ് പോയോ എന്ന് അതിശയപ്പെടുന്നതിന് മുമ്പ് 2010-ലെ കണക്കെടുത്തു നോക്കാം. ലോകത്ത് 3200 കടുവകളാണ് അന്നുണ്ടായിരുന്നത്. ആ നിലയ്ക്ക് പുതിയ കണക്ക് എന്തുകൊണ്ടും ആശാവഹമാണ്. കാരണം വർധന 30 ശതമാനമാണ്. 

ഇന്നുള്ള കടുവകളിൽ 2226 എണ്ണവും ഇന്ത്യയിലാണ്. അതായത് ലോകകടുവാസംഖ്യയുടെ 60 ശതമാനവും. ഇന്ത്യയ്ക്ക്‌ തൊട്ട് പിന്നിൽ റഷ്യ (433), ഇൻഡൊനീഷ്യ (371), മലേഷ്യ (250) നേപ്പാൾ (198) എന്നീ രാജ്യങ്ങളിലെ വനങ്ങളിലാണ് കടുവകൾ യഥേഷ്ടം വിഹരിക്കുന്നത്.

കൊന്നതോ ചത്തതോ 

ലോകത്ത് കടുവകളുടെ എണ്ണം കൂടിയപ്പോൾ ഇന്ത്യയിലെ കടുവകൾക്ക് ഏറ്റവും മോശം വർഷമായിരുന്നു 2016. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ചത്തൊടുങ്ങിയത് 120 കടുവകളാണ്. ഇത് അനൗദ്യോഗിക കണക്കാണ്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻ.ടി.സി.എ.) ഔദ്യോഗിക രേഖപ്രകാരം നൂറ്്‌ കടുവകളാണ് 2016-ൽ ചത്തത്. ഒരുവർഷത്തെ കടുവകളുടെ മരണസംഖ്യ നൂറ് കടക്കുന്നതും ഇതാദ്യമായാണ്. 2010 മുതൽ 2015 വരെയുള്ള അഞ്ചു വർഷത്തിനിടയ്ക്ക് ചത്ത കടുവകളുടെ എണ്ണം 339 ആണ്. 

ഇനി 2017-ൽ ആശ്വസിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. ആറുമാസം പിന്നിട്ടപ്പോൾ, ഇതുവരെ 58 കടുവകളുടെ കഥ കഴിഞ്ഞു. കർണാടകയിലും മധ്യപ്രദേശിലുമായി മാത്രം 26 കടുവകളാണ് ചത്തത്. കേരളത്തിൽ പറമ്പിക്കുളത്തും വയനാട്ടിലുമായി ഈ കാലയളവിൽ രണ്ടു കടുവകൾ ചത്തു. 

കടുവകൾ ചാകുന്നതിന് വനംവകുപ്പിനെ കുറ്റപ്പെടുത്താനാകില്ലായിരിക്കാം. പക്ഷേ, ചത്തകടുവയുടെ ജാതകമെഴുതുമ്പോഴോ..? 2017-ൽ ചത്ത കടുവകളിൽ മൂന്നെണ്ണത്തിന്റെ മാത്രമേ മരണകാരണം രേഖപ്പെടുത്തിയിട്ടുള്ളൂ. അങ്ങനെയെങ്കിൽ ബാക്കിയുള്ളവ ആത്മഹത്യ ചെയ്തതായി കണക്കാക്കേണ്ടി വരും. റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നതാണ് കാരണമായി പറയാവുന്ന ഒരു കാര്യം.

അപ്പോൾ 2016-ലെ കണക്കുകളോ..? കഴിഞ്ഞ വർഷം ചത്ത നൂറിൽ 62 എണ്ണത്തിന് മാത്രമാണ് മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ 62 കാരണങ്ങളിൽ മുപ്പത് മരണങ്ങളും 'സ്വാഭാവികം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012-ൽ എൻ.ടി.സി.എ. തന്നെ സംസ്ഥാന വനംവകുപ്പുകൾക്ക് ഒരു പ്രത്യക നിർദേശം നൽകിയിരുന്നു; 'കൃത്യമായ മരണകാരണം കണ്ടെത്താനായില്ലെങ്കിൽ പോച്ചിങ് (വേട്ടയാടൽ അഥവാ തോലിനും നഖത്തിനും പല്ലിനും വേണ്ടിയുള്ള കൊല) വിഭാഗത്തിൽ പെടുത്തുക.' കടുവകളിലെ 'സ്വാഭാവിക' മരണനിരക്ക് ഉയർന്നതിനെ തുടർന്നായിരുന്നു ഈ നിർദേശം. 

മരണകാരണം കണ്ടെത്താനാകാത്തതിന്റെ ഒരു പ്രധാന കാരണം പോസ്റ്റ്‌മോർട്ടം ശാസ്ത്രീയമായി നടക്കാത്തതാണ്. സാധാരണയായി വെറ്ററിനറി ഡോക്ടർമാരാണ് പോസ്റ്റ്‌മാർട്ടം നടത്തുന്നത്. എന്നാൽ വന്യജീവികളുടെ കാര്യത്തിൽ സ്പെഷ്യലൈസ്ഡ് വെറ്ററിനറി ഡോക്ടർമാർ വേണം പോസ്റ്റ്‌േമാർട്ടം നടത്താൻ. ദൗർഭാഗ്യവശാൽ ഇന്ത്യയിൽ അത്തരക്കാരുടെ എണ്ണം കുറവാണ്. ഭൂരിഭാഗം കേസുകളിലും മരണകാരണം അജ്ഞാതമായി തുടരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇത് തന്നെ.

മരണകാരണങ്ങൾ

മൂന്ന് 'വ' കളാണ് കടുവയുടെ പ്രധാന ശത്രുക്കൾ. ഒന്ന് വേട്ടയാടലും രണ്ട് വിഷംവെക്കലും മൂന്ന് വനനശീകരണവും. കടുവത്തോലിനും നഖത്തിനും പല്ലിനും എല്ലിനും വരെ ഇന്ത്യക്ക് പുറത്ത് ആവശ്യക്കാരേറെയാണ്. ചൈനയിലേക്കാണ് നല്ലൊരു പങ്കും കടത്തപ്പെടുന്നത്. അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുവരെ ആവശ്യക്കാരുണ്ട്. പ്രതിവർഷം 1.30 ലക്ഷം കോടി രൂപയുടെ അനധികൃത വ്യാപാരമാണ് ഈ തരത്തിൽ നടക്കുന്നത്. വേട്ടയാടി കൊന്ന് കടുവയുടെ ഭാഗങ്ങൾ കടത്തിയ 22 കേസുകൾ കഴിഞ്ഞ വർഷം പിടിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് പാലക്കാട് അട്ടപ്പാടിയിൽ നിന്നാണ്. ഈ വർഷം ഇതുവരെ ഒമ്പത് കേസുകൾ ഈ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാടിനുള്ളിൽ തന്നെ വിഷം വെക്കുന്നവരിൽ വേട്ടക്കാരുമുണ്ട് കർഷകരുമുണ്ട്. കാടിറങ്ങുന്ന കടുവയെ പേടിച്ചാണ് ഗ്രാമീണർ വിഷം വെക്കുന്നത്. 

ഇതിനേക്കാൾ ആശങ്കാജനകമാണ് കാടില്ലാതാകുന്നത്. ആൺകടുവകൾക്ക് അവരുടേതായ സാമ്രാജ്യമുണ്ട്. ഇരകളെയും ഇണകളെയും നോക്കിയാണ് അതിർത്തി നിശ്ചയിക്കുക. രണ്ടോ മൂന്നോ പെൺകടുവകളുള്ള ഇടമേ ഒരു ആൺകടുവ സാമ്രാജ്യമാക്കൂ. അത് ചുരുങ്ങിയത് 10-12 കിലോമീറ്റർ ചുറ്റളവ് വരുന്ന കാടായിരിക്കും. ചിലപ്പോൾ അതിലും കൂടാം. തന്റെ അതിർത്തി ലംഘിക്കുന്ന ആൺകടുവയുമായി പോരാട്ടം ഉറപ്പാണ്. ജയിക്കുന്നവൻ ആ സാമ്രാജ്യത്തിനുടമ. തോൽക്കുന്നവൻ ഒന്നുകിൽ പരിക്കുകളോടെ മറ്റിടം തേടി പോകുന്നു. അല്ലെങ്കിൽ മരിക്കുന്നു. കാടിന്റെ വ്യാസം കുറയുക എന്നാൽ കടുവ ഇല്ലാതാകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

കടുവകളും കാടും

ഇന്ത്യൻ കാടുകൾക്ക് എത്രകടുവകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്..? കടുവാ സംഖ്യ ഉയർത്താൻ ശ്രമിക്കുമ്പോഴുള്ള നിർണായകമായ ചോദ്യം ഇതാണ്. 
ഐക്യരാഷ്ടസഭയുടെ സഹകരണത്തോടെ 18 കടുവാ രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈഗർ ഫോറത്തിന്റെ സെക്രട്ടറി ജനറൽ ഡോ. രാജേഷ് ഗോപാലാണ് അതിനുള്ള ഉത്തരം തന്നത്. 
നിലവിലെ ഇന്ത്യൻ കാടുകൾക്ക് മൂവായിരത്തിന് മുകളിൽ കടുവകളെ ഉൾക്കൊള്ളാൻ സാധ്യമല്ല.  രാജ്യത്തെ ഭൂവിനിയോഗ നിയമങ്ങളനുസരിച്ച് കാടിന് ഇനി വ്യാപ്തി കൂട്ടാനുമാവില്ല. 

കടുവകളുടെ മരണം കൂടുതലായി പുറത്തറിയാൻ കാരണം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻ.ടി.സി.എ.) കൃത്യമായ ഇടപെടലുകളാണെന്ന് ഏറെക്കാലം എൻ.ടി.സി.എയുടെ ഡയറക്ടറായിരുന്ന അദ്ദേഹം പറയുന്നു. കടുവകളുടെ എണ്ണം കൂടുതലുള്ള സങ്കേതങ്ങളിൽ ജനനവും മരണവും ഉയർന്നിരിക്കും. അതിൽ അദ്‌ഭുതപ്പെടാനില്ല.