സ്വർണദ്വീപ്‌ വർണപ്പക്ഷികളുടെ ഖനിയാണ്‌. കൺകുളിർക്കെ ആസ്വദിച്ച്‌ പക്ഷികളെ ക്യാമറയിലേക്ക്‌ പകർത്തുമ്പോൾ ഏത്‌ പക്ഷി നിരീക്ഷകനും അത്‌ ജീവിതത്തിൽ ധന്യനിമിഷമാണ്‌. സുമാത്ര ദ്വീപിലെ കാഴ്ചയാണിത്‌. 600 ഇനങ്ങളിൽ മിന്നിത്തിളങ്ങുന്ന പക്ഷിക്കൂട്ടം. അവയെത്തേടിയാണ്‌ വൈക്കം സ്വദേശികളായ സേതുലാലും സഹോദരൻ ശ്യാംലാലും കൊച്ചിയിൽനിന്ന്‌ സുമാത്രയിലേക്ക്‌ പറന്നത്‌.

ഇൻഡൊനീഷ്യൻ ദ്വീപ്‌ സമൂഹത്തിൽ 1800 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്‌ സുമാത്ര. പുരാത സംസ്കൃത കൃതികളിൽ സ്വർണദ്വീപെന്നും സ്വർണഭൂമിയെന്നും ദ്വീപിനെ വിശേഷിപ്പിച്ചിട്ടുണ്ട്‌. കാരണം ദ്വീപിൽ സ്വർണഖനികൾ അങ്ങിങ്ങായിക്കിടക്കുന്നു. 1292-ൽ ലോക സഞ്ചാരിയായ മാർക്കോപോളോ ദ്വീപിലെത്തിയപ്പോൾ സ്വർണഖനികൾ നേരിൽക്കണ്ട്‌ നിശ്ചലനായിനിന്നു. അദ്ദേഹം തന്റെ യാത്രക്കുറിപ്പിലെഴുതി: ‘തൊടുന്നതെല്ലാം പൊന്നാക്കുന്ന രാജാക്കന്മാർ ഇവിടെയുണ്ടോ’

പുകയുന്ന കെറിഞ്ചി അഗ്നിപർവതത്തിന്റെ താഴ്‌വരകളിലൂടെയായിരുന്നു തോളിൽ കൈയിട്ട്‌ വനയാത്ര നടത്തുന്ന സേതുലാലിന്റെയും ശ്യാംലാലിന്റെയും കാൽനടയാത്ര. കൈയിൽ ക്യാമറകളുമുണ്ട്‌. ചുറ്റും നോക്കെത്താത്ത സമുദ്രംപോലെ ഹരിതഭംഗി. ഒരു മായാലോകം.

Temminck's sunbird
Temminck's sunbird

അഗ്നിപർവതത്തെപ്പറ്റി ആലോചിച്ചപ്പോൾ മനസ്സിൽ ആകാംക്ഷയും ഭയവുമുണ്ടായിരുന്നു. ഭൂമിയെ കുലുക്കി തീഗോളങ്ങൾപോലെ ലാവയെ ഒഴുക്കിയ അഗ്നിപർവതത്തിന്റെ പ്രതിഭാസങ്ങൾ ഗൈഡ്‌ വിവരിച്ചു. പക്ഷേ, പ്രകൃതി സൗന്ദര്യത്തിൽ ലയിച്ചുപോയ സഹോദരന്മാർ അഗ്നിപർവതത്തെക്കുറിച്ച്‌ ചിന്തിച്ചതേയില്ല.

യാത്ര തുടർന്നു. നീണ്ട ഒമ്പതു മണിക്കൂർ ദ്വീപിൽ. അതിനുശേഷം രണ്ട്‌ മണിക്കൂറോളം നീണ്ട കാൽനടയാത്ര. കൊച്ചിയിലെ പ്രശസ്തനായ പക്ഷി നിരീക്ഷകനും ആഗോളയാത്രികനും വന്യജീവി ഫോട്ടോഗ്രാഫറുമായ സാബു കിണറ്റുകരയും യാത്രയിൽ പങ്കെടുത്തു.

വനത്തിലൊരിടത്ത്‌ ക്യാമറയുമായി കാത്തിരുന്നു. സ്നൈഡേഴ്‌സ്‌ പിറ്റ (Schneiders Pitta) എന്ന ചെറിയ പക്ഷിയെ പ്രതീക്ഷിച്ച്‌. ബഹുവർണമുള്ളതാണ്‌ പക്ഷി. അതിന്റെ വംശം നശിച്ചുപോയെന്ന്‌ പ്രകൃതിസ്നേഹികളും പക്ഷിഗവേഷകരും കരുതിയിരുന്നു. കാരണം 1930-നുശേഷം പക്ഷിയെ കണ്ടിട്ടില്ല. സുമാത്ര ദ്വീപിലും പരിസരത്തുമുള്ള മഴക്കാടുകളിൽമാത്രം കാണുന്നതാണ്‌ പക്ഷി. 1930-നുശേഷം ഒട്ടേറെ പക്ഷിഗവേഷകർ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും സുമാത്ര ദ്വീപിലെത്തി ഈ പക്ഷിക്കുവേണ്ടി നീണ്ട തിരച്ചിൽ നടത്തിയിട്ടുണ്ട്‌. പക്ഷിഗവേഷണ ചരിത്രത്തിൽ അത്യപൂർവമായ പ്രതിഭാസമായിരുന്നു അത്‌.

അങ്ങനെയിരിക്കെ 1988-ൽ പക്ഷിയെ സുമാത്രയിൽ വീണ്ടും കണ്ടെത്തി. അതോടെ പക്ഷിഗവേഷകർ ദ്വീപിലേക്ക്‌ പലരാജ്യങ്ങളിൽനിന്ന്‌ വീണ്ടും പറന്നെത്തി. കിറിഞ്ചി അഗ്നിപർവതപ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളാണ്‌ പക്ഷികളുടെ വാസസ്ഥലം. പക്ഷികളുടെ സാന്നിധ്യം ദ്വീപിലുമുണ്ട്‌. പക്ഷേ, അപൂർവമായിട്ടുമാത്രമേ കാണാൻകഴിയൂ.

sumatran frogmouth
sumatran frogmouth

നാട്ടുകാരനായ ടൈസ്‌ പറഞ്ഞിരുന്നു: ‘‘പക്ഷിയെക്കാണാൻ ഒരുപക്ഷേ കഴിഞ്ഞേക്കാം. ക്യാമറയുമായി മറയത്ത്‌ നീണ്ടനേരം കാത്തിരിക്കണം. ഭാഗ്യവും വേണം.’’

കാത്തിരുന്നപ്പോൾ മനസ്സ്‌ മടുത്തില്ല. കാരണം പ്രതീക്ഷയുടേതായിരുന്നു. ഒടുവിൽ പക്ഷിയെത്തി. പ്രകൃതിചരിത്രത്തിൽ അപൂർവമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം കണ്ടെത്തലിന്‌ പലപ്പോഴും നീണ്ട ദിവസങ്ങൾ വേണ്ടിവരും. കുതിക്കുന്ന ഹൃദയത്തോടെ ഈ പക്ഷിയ ക്യാമറയിൽ പകർത്തിയപ്പോൾ സേതുലാലിനും ശ്യാംലാലിനും അത്‌ ജീവിതത്തിൽ ആത്മസാഫല്യത്തിന്റെ നിമിഷങ്ങളായിരുന്നു. അവർ സ്വയംമറന്ന്‌ കെട്ടിപ്പിടിച്ചു.

‘‘ദുഷ്കരമായിരുന്നു കാൽനടയാത്ര. പക്ഷേ, ലക്ഷ്യം തേടിപ്പോയപ്പോൾ അതൊരു അത്യപൂർവ വഴിത്തിരിവായിമാറി’’-തന്റെ അനുഭവങ്ങൾ ‘മാതൃഭൂമി’യുമായി പങ്കിട്ടുകൊണ്ട്‌ സേതുലാൽ പറഞ്ഞു. കൊച്ചിയിൽ സിവിൽ പോലീസ്‌ ഒാഫീസറായ സേതുലാലിന്റെ സഹോദരൻ ശ്യാംലാൽ ദോഹയിലൊരു സ്വകാര്യകമ്പനിയിൽ ജോലിനോക്കുന്നു. 2008 മുതൽ സഹോദരന്മാർ വനസഞ്ചാരികളാണ്‌. വന്യമൃഗങ്ങളെ ക്യാമറയിൽ പകർത്തിയപ്പോഴും മനസ്സ്‌ പലപ്പോഴും പക്ഷികളുടെ പിന്നാലെയായിരുന്നു. ഇന്ത്യയിലെങ്ങും ഭൂട്ടാനിലും ഇവർ വനയാത്രയും പിന്നിട്ടുകഴിഞ്ഞു.

sethu shyam
സേതുലാലും ശ്യാംലാലും

കാഴ്ചയിൽ ചെറിയൊരു പക്ഷിയാണ്‌ പിറ്റ (Pitta). കാവിപ്പക്ഷിയെന്ന്‌ മലയാളത്തിൽപ്പറയും. കേരളത്തിൽ സാധാരണയായി കാണാറുള്ള ഇന്ത്യൻ പിറ്റ ഹിമാലയത്തിൽനിന്നാണ്‌ ഇവിടെയെത്താറുള്ളത്‌. ബഹുവർണങ്ങളുള്ള പക്ഷിയെ മഴവില്ലിനോട്‌ ഉപമിക്കാം. അത്രയ്ക്ക്‌ ഹൃദയഹാരിയാണ് ഈ പക്ഷി. 33 ഇനങ്ങളിലുള്ള ഈ പക്ഷി കൂടുതലും ഏഷ്യൻരാജ്യങ്ങളിലാണുള്ളത്‌. രണ്ടെണ്ണം ആഫ്രിക്കയിലും ഒന്ന്‌ ഓസ്‌ട്രേലിയയിലുമുണ്ട്‌.

ഇന്ത്യൻ പിറ്റയ്ക്ക് മാത്രമാണ് കാവിനിറം ഉള്ളത്. മറ്റ് ഇനങ്ങളിലുള്ളവ കൂടുതലും വർണങ്ങളിൽ മുങ്ങി നിൽക്കുകയാണ്. പക്ഷി നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഈ പക്ഷികൾക്കുവേണ്ടി നീണ്ട തിരച്ചിൽ നടത്തി ക്യാമറയിലേക്ക് പകർത്തുക അവരുടെ ജീവിതലക്ഷ്യങ്ങളിൽ ഒന്നായിക്കണക്കാക്കാമെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ മാർക്ക് കോക്കർ പറയുന്നു.

മറ്റൊരു ആകർഷകമായ പിറ്റ പക്ഷിയാണ് ഗ്രേസ്ഫുൾ പിറ്റ. ചുവപ്പും ഓറഞ്ചും മറ്റുമുള്ള വെട്ടിത്തിളങ്ങുന്ന പക്ഷി. അതിനെയും സുമാത്ര ദ്വീപിലാണ് കാണാൻ കഴിയുക.

Salvadori's pheasant
Salvadori's pheasant

ഈ പക്ഷിയെയും കാണുക ജീവിതലക്ഷ്യമായിരുന്നുവെന്ന് സേതുലാലും ശ്യാംലാലും പറഞ്ഞു. അതിനായി തയ്യാറെടുത്തു. കെറിഞ്ചിയിൽനിന്ന്‌ രണ്ടര മണിക്കൂർ ദുഷ്കരമായ റോഡ് യാത്ര. വാഹനം നിർത്തിയശേഷം വനത്തിലേക്ക് നടന്നു. പക്ഷി അല്പം പതിഞ്ഞ ശബ്ദത്തിൽ ചൂളമടിക്കും. ആ ശബ്ദം അവിടത്തെ ഗൈഡിന് അറിയാം. ശബ്ദം കേട്ടാൽ പക്ഷി മെല്ലെ എത്തുക പതിവാണ്.

‘‘നീണ്ട മൂന്നുദിവസം പക്ഷിക്കുവേണ്ടി കാത്തിരുന്നു. കാണാൻ കഴിയില്ലെന്ന് തോന്നി’’ -സേതുലാൽ പറഞ്ഞു. പക്ഷേ, പെട്ടെന്നാണ് സ്വർഗദൂതനെപ്പോലെ പക്ഷി പ്രത്യക്ഷപ്പെട്ടത്. അവിസ്മരണീയമായ കാഴ്ച. കാരണം, നിറഞ്ഞ രത്നക്കല്ലുകൾപോലെ പക്ഷിയുടെ ശരീരത്തിൽ തിളങ്ങിയ അനുഭവം.

കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു സുമാത്ര യാത്ര. ഏഷ്യൻ രാജ്യങ്ങളിൽ പക്ഷിനിരീക്ഷണം നടത്തിയിട്ടുള്ള സാബു കിണറ്റുംകരയാണ് യാത്ര ആസൂത്രണം ചെയ്തത്. യാത്രയ്ക്ക് ദിവസങ്ങൾ മുമ്പാണ് ഇൻഡൊനീഷ്യയിൽ കൊടുങ്കാറ്റും സുനാമിയും ആഞ്ഞടിച്ചത്. അത് കേട്ടപ്പോൾ യാത്രസംഘത്തിന് അല്പം പരിഭ്രാന്തിയുണ്ടായിരുന്നു. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ സുമാത്രയിലും ഉണ്ടാകുമോ? സാഹസികതയില്ലാതെ എന്ത് യാത്ര? സാബു ചോദിച്ചു. എന്തും നേരിടാനുള്ള കരുത്ത് മനസ്സിന് വേണം. അദ്ദേഹത്തിന്റെ വാക്കുകൾ സേതുലാലിനും ശ്യാംലാലിനും പ്രചോദനമായി. അങ്ങനെയാണ് സുമാത്രയിലേക്ക് തിരിച്ചത്. ഭീതിപൂണ്ട ജനക്കൂട്ടത്തെ പലയിടങ്ങളിലും കാണാൻ കഴിഞ്ഞുവെങ്കിലും തങ്ങളുടെ യാത്ര തടസ്സങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുനീങ്ങിയെന്ന് സേതുലാൽ പറഞ്ഞു.

സുമാത്ര ട്രോഗൺ എന്ന അതിമനോഹര പക്ഷി ഇരുവരെയും ആഴത്തിൽ സ്വാധീനിച്ചു. കൈയെത്തും ദൂരത്തിൽ നിന്ന് അതിന്റെ ചിത്രം എടുക്കാൻ കഴിഞ്ഞു. കേരളത്തിൽ തട്ടേക്കാട്ടും മറ്റ് സങ്കേതങ്ങളിലും കാണുന്ന മലബാർ ട്രോഗൺ (തീകാക്ക) പോലുള്ള പക്ഷിയാണ് സുമാത്ര ട്രോഗൺ. അതുപോലെ സുമാത്ര ഫ്രോഗ്‌മൗത്തിനെയും കണ്ടു. ഏഷ്യൻ രാജ്യങ്ങളിലുള്ള ഫ്രോഗ്‌മൗത്ത്‌ തട്ടേക്കാടുള്ള ഫ്രോഗ്‌മൗത്ത്‌ പോലെയാണ് കാഴ്ചയിൽ. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത്തരം പക്ഷികൾ ഉണ്ട്. ചുവപ്പുനിറം കൊണ്ട് ആകർഷകമാണ് ടെമ്‌നിക്സ് സൺബേഡ് എന്ന ചെറിയ പക്ഷി. സാൽവഘോറി ഫെസന്റിന് കോഴിയുടെ ആകൃതിയാണ്.

വംശനാശത്തെ നേരിടുന്ന വന്യമൃഗങ്ങൾ സുമാത്രയിലുണ്ട്. അതിൽ ഒന്നാണ് സുമാത്രൻ കടുവ. അത്യപൂർവമായി മാത്രമേ ഈ കടുവയെ കാണാൻ കഴിയൂവെന്ന് ടൈസ് പറഞ്ഞു.

സുമാത്രയിൽ മറ്റൊരു ഭയാനകമായ അനുഭവമാണ് ക്രാക്കത്തുവ അഗ്നിപർവം. അത് ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. 1883-ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന്റെ ശബ്ദം മൂവായിരം കിലോമീറ്റർ അകലെയുള്ള പെർത്ത് നഗരത്തിൽ വരെ കേട്ടതായിട്ടാണ് ശാസ്ത്രജ്ഞർ പറയുന്നത്. സുമാത്രയിൽ വളരെ നാശനഷ്ടം വിതച്ച സ്ഫോടനത്തിൽനിന്ന്‌ ദ്വീപ്‌ കരയറാൻ അരനൂറ്റാണ്ട് വേണ്ടിവന്നു. 2004-ലും 2013-നും കെറിഞ്ചി അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുണ്ട്.

Content Highlights: sumatran birds, bird watching, bird photography