വയനാട്‌: ഇന്ത്യയില്‍ വിഷമില്ലാത്ത പുതിയൊരിനം പാമ്പിനെക്കൂടി തിരിച്ചറിഞ്ഞു. റാബ്‌ഡോപ്‌സ് അക്വാട്ടിക്കസ് എന്നാണ് ശാസ്ത്രീയ നാമം.
 
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെ.എഫ്.ആര്‍.ഐ.), പൂക്കോട് വെറ്ററിനറി കോളേജ് എന്നിവ ഉള്‍പ്പെടെ ഏഴ് ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ പഠനം 'സൂടാക്‌സോ' എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഗോവ, തെക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക എന്നീ പശ്ചിമഘട്ട മലനിരകളില്‍ മാത്രമാണ് റാബ്‌ഡോപ്‌സ് ഇനം കാണപ്പെടുന്നത്. റാബ്‌ഡോപ്‌സ് സ്​പീഷീസിലെ ഒലിവേഷ്യസ്, ബൈകളര്‍ വിഭാഗങ്ങളെ മുമ്പ് കണ്ടെത്തിയിരുന്നു.
 
snake
കെ. പി. രാജ്കുമാര്‍, സന്ദീപ് ദാസ്, ആര്‍.എല്‍ രതീഷ്


സമുദ്രനിരപ്പില്‍നിന്ന് 750 മുതല്‍ 1000 മീറ്റര്‍വരെ ഉയരത്തിലുള്ള ചെങ്കല്‍കുന്നുകളിലും അതിനടുത്തുള്ള കാടുകളിലുമാണ് അക്വാട്ടിക്കസിന്റെ വാസം.
 
തള്ളവിരലിന്റെ അത്ര വണ്ണമുള്ള ഇതിന് 90 സെന്റിമീറ്റര്‍വരെ നീളമുണ്ടാകും. മുതിര്‍ന്ന പാമ്പിന്റെ പുറത്ത് ഒലീവ് തവിട്ടും അടിഭാഗത്തിന് വെളുപ്പുമാണ് നിറം. കുഞ്ഞുങ്ങള്‍ക്ക് ഇത് യഥാക്രമം ഒലീവ് പച്ചയും മഞ്ഞയുമാണ്.

മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ടതെന്ന് കെ.എഫ്.ആര്‍.ഐ.യില്‍നിന്ന് ഗവേഷകസംഘത്തിലുണ്ടായിരുന്ന സന്ദീപ് ദാസ്, കെ.പി. രാജ്കുമാര്‍ എന്നിവര്‍ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജിലെ ആ.എല്‍. രതീഷ്, ബെംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ വരദ് ഗിരി, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ദീപക് വീരപ്പന്‍, ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡേവിഡ് ജെ. ഗോവര്‍, പുണെയിലെ ഇന്ത്യന്‍ ഹെര്‍പെറ്റോളജിക്കല്‍ സൊസൈറ്റിയിലെ അശോക് ക്യാപ്റ്റന്‍, ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിജിത്ത് ദാസ് എന്നിവരാണ് ഗവേഷകസംഘാംഗങ്ങള്‍.