തൃശ്ശൂർ: രാക്ഷസക്കൊന്ന (സെന്ന സ്‌പെക്ടാബിലിസ്) എന്ന അധിനിവേശസസ്യം കാടിനെ കാർന്നുതിന്നുന്നു. വയനാട് മുത്തങ്ങ വന്യജീവിസങ്കേതത്തിലെ 45 ചതുരശ്ര കിലോമീറ്റർ വനം പൂർണമായും ഇതിന്റെ പിടിയിലായി. 2013-ൽ അഞ്ചു ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നതാണ് ഏഴുകൊല്ലംകൊണ്ട് 45-ലേക്ക് എത്തിയത്. കേരള വനംവകുപ്പ് നിയോഗിച്ച ഫേൺസ് കൺസർവേഷൻ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ.

ഈ സസ്യത്തിന്റെ പൂർണ ഉന്മൂലനം മാത്രമാണ് പരിഹാരം. ഇത്രയും സ്ഥലത്തെ സസ്യത്തെ ഇല്ലാതാക്കാൻ 500 കോടി രൂപയും ഏകദേശം 12 കൊല്ലത്തെ അധ്വാനവും വേണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഒരുവർഷം ശരാശരി അഞ്ചു ചതുരശ്ര കിലോമീറ്റർ വനം രാക്ഷസക്കൊന്നയുടെ പിടിയിലാവുന്നുണ്ട്. തേക്കടി, അട്ടപ്പാടി എന്നിവിടങ്ങളിലും ഈ സസ്യം വളരുന്നതായി വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ (കെ.എഫ്.ആർ.ഐ.) കണ്ടെത്തി. കർണാടകയിലെ ഭദ്ര കടുവസംരക്ഷണ കേന്ദ്രം, തമിഴ്‌നാട്ടിലെ സത്യമംഗലം കാടുകൾ എന്നിവിടങ്ങളിലേക്കും സസ്യം പടർന്നിട്ടുണ്ട്.

senna spectabilis

ഇതാണ് ആ രാക്ഷസൻ

മലയാളത്തിൽ രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന, സ്വർണക്കൊന്ന എന്നീ പേരുകളിൽ അറിയപ്പെടുന്നു. മധ്യ-തെക്കേ അമേരിക്കയാണ് ജന്മസ്ഥലം. 1986-ൽ മുത്തങ്ങ ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് കർണാടകയിൽനിന്നെത്തിച്ച് നട്ട എട്ടുചെടികളുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. കണിക്കൊന്നയാണെന്ന് കരുതിയാവാം രാക്ഷസക്കൊന്നയെ കൊണ്ടുവന്നതെന്നു കരുതുന്നു. 15 മീറ്റർവരെ ഉയരത്തിൽ വളരും.

മറ്റൊരു ചെടിയും ഇവയ്ക്കടിയിൽ വളരില്ല. ഇതുനിൽക്കുന്ന പ്രദേശം മരുന്നടിച്ച് കുറ്റിച്ചെടികൾ ഇല്ലാതാക്കിയ ഭൂമി പോലെയാകും. ഭക്ഷണം ഇല്ലാത്തതിനാൽ മൃഗങ്ങളും പക്ഷികളും ഈ പ്രദേശം ഒഴിവാക്കും. മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ ഇതുകാരണമാവും. വിത്തുകൾ ആറുവർഷംവരെ മണ്ണിൽ കിടക്കും.

നിവാരണത്തിന് മൂന്ന് മാർഗങ്ങൾ

മൂന്നുനിവാരണ മാർഗങ്ങളാണ് കെ.എഫ്.ആർ.ഐ. നിർദേശിക്കുന്നത്.

1. വേരുകൾ അവശേഷിപ്പിക്കാതെ പിഴുതുമാറ്റുക.

2. മണ്ണിൽനിന്ന് ഒരുമീറ്റർ ഉയരത്തിൽ തൊലി ചെത്തിയശേഷം ഉണക്കിക്കളയുക.

3. രാസവസ്തുക്കൾ കുത്തിവെച്ച് ഇല്ലാതാക്കുക