തിരുവനന്തപുരത്തിന്റെ തീരദേശത്ത് പലയിടത്തും കടലാമകള്‍ ചത്തടിയുന്നു. തീരത്ത് മുട്ടയിടാനെത്തുന്ന ആമകള്‍ കടലില്‍വെച്ച് ആക്രമിക്കപ്പെട്ടാണ് ചത്തടിയുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശരീരം പൊട്ടിയും തലപിളര്‍ന്നും വായിലൂടെ രക്തമൊഴുകുന്ന നിലയിലുമാണ് പലപ്പോഴും തീരത്ത് ആമകളുടെ ജഡമടിയുന്നത്.

കഴിഞ്ഞദിവസം കോവളത്ത് രണ്ട് പെണ്‍ കടലാമകള്‍ ചത്തടിഞ്ഞിരുന്നു. വംശനാശം നേരിടുന്ന ഒലിവ് റിഡ്ലി വിഭാഗത്തിലുള്ള കടലാമകളുടെ ജഡമാണ് തീരത്തടിഞ്ഞത്. പാലോടിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് സെന്ററില്‍ അസി.ഡയറക്ടര്‍ ഡോ. എസ്.നന്ദകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശരീരത്തിന് മാരകമായ ക്ഷതമേറ്റാണ് ആമകള്‍ ചത്തതെന്ന് തെളിഞ്ഞത്. പുറംതോടുകള്‍ പൊട്ടിപ്പിളര്‍ന്ന് ശരീരത്തില്‍നിന്ന് വിട്ടുമാറിയ നിലയിലായിരുന്നു.

ഇവയുടെ വയറിനുള്ളില്‍ വിഷാംശമുള്ള സ്രവങ്ങളും ഉള്ളതായി സംശയിക്കുന്നതായും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ ആര്‍.ജയചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്തിന്റെ തീരദേശങ്ങളില്‍ ചിലയിടത്ത് ഡോള്‍ഫിനുകളെയും കടലാമകളെയും പിടിച്ച് വില്‍പ്പന നടത്തുന്നതായി ആരോപണം ഉണ്ട്. മത്സ്യത്തൊഴിലാളികളുടെ വലയിലും ചൂണ്ടയിലും പെടുന്ന ഡോള്‍ഫിനുകളെ കടലിലേക്ക് തിരിച്ചുവിടാതെ കരയ്‌ക്കെത്തിച്ച് വില്‍ക്കുന്നതായാണ് പരാതി. വംശനാശം നേരിടുന്ന ജന്തുക്കളുടെ പട്ടികയില്‍ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന ജീവികളാണിവ.

sea turtle


ചൂട് കൂടുന്നു: വിരിയുന്നത് പെണ്ണാമകള്‍

ചൂട് കനത്തതോടെ മുട്ടയിടാനായി കേരള തീരത്തേക്ക് ഒലിവ് റിഡ്ലി വിഭാഗത്തിലുള്ള ആമകള്‍ വരുന്നതായി റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസം ഇവയുടെ മുട്ടയിടല്‍ കാലമാണെന്ന് കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ.ബിജുകുമാര്‍ പറഞ്ഞു. അടുത്തിടെ കോവളം തീരത്തേക്ക് മുട്ടയിടാന്‍ ലക്ഷ്യമാക്കിയെത്തിയ നിരവധി ഒലിവ് റിഡ്ലി വിഭാഗത്തിലുള്ള കടലാമകള്‍ വലകളില്‍ കുരുങ്ങിയും വള്ളമിടിച്ചും പരിക്കേറ്റ് ചത്തടിഞ്ഞിരുന്നു.

അന്തരീക്ഷതാപം വളരെയധികം കൂടുതലാണെങ്കില്‍ മുട്ടയില്‍നിന്ന് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളിലധികവും പെണ്ണാമകളായിരിക്കും.


നിയമനടപടിയെന്ന് വനംവകുപ്പ്

കടലാമകളെയും ഡോള്‍ഫിനുകളെയും ജീവനോടെ പിടിച്ച് വില്‍ക്കുന്നതിനെതിരേ നിയമ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇവയെ പിടിക്കുന്നത് തടയാനായി ബന്ധപ്പെട്ട ഇടവകയിലെ വികാരിമാര്‍ക്ക് കത്ത് നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് ഇതേക്കുറിച്ച് ബോധവത്കരണം നല്‍കും. തുടര്‍ന്നും ഇവയെ പിടിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ഡി.എഫ്.ഒ. അറിയിച്ചു.

Content Highlights:  sea turtle