ഏറ്റവും വലിപ്പമേറിയ ദിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്ട്രേലിയന്‍ ഗവേഷകര്‍. ഭൂമിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിപ്പമേറിയ 15 വര്‍ഗത്തില്‍പ്പെട്ട ദിനോസറുകളില്‍ ഒന്നായ ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് അഥവാ സൗത്തേണ്‍ ടൈറ്റാന്‍ ആണ് ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന ഏറ്റവും ഭീമീകാരനായ ദിനോസര്‍ എന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ക്വീന്‍സ് ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു കൃഷിയിടത്തില്‍നിന്നാണ് ഈ ഭീമാകാരന്‍ ദിനോസറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവും ഉള്ളതാണ് ഈ ദിനോസറുകളെന്നാണ് ഗവേഷകരുടെ അനുമാനം. ഏകദേശം ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പം. തിരിച്ചറിഞ്ഞ ഈ പ്രത്യേക ദിനോസറിന് കൂപ്പര്‍ എന്നാണ് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്. 

ഇലകളും സസ്യങ്ങളും ഭക്ഷണമാക്കുന്ന സൗറോപോഡ്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ദിനോസറുകള്‍ എന്ന് കണ്ടെത്തിയിരുന്നു. വിന്റോനോട്ടട്ടാന്‍, ഡയമണ്ടിനാസറസ്, സാവന്നാസറസ് എന്നീ വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ളതാണ് ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ്. 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗവേഷകകര്‍ ഈ ദിനോസറിനെ മറ്റ് ദിനോസര്‍ വിഭാഗങ്ങളില്‍നിന്ന് വേര്‍തിരിക്കാനും വര്‍ഗീകരിക്കാനുമുള്ള ശ്രമം നടത്തിവരികയായിരുന്നു. ചെറിയ തലയും നീളമുള്ള കഴുത്തും വാലും തൂണുകള്‍ പോലുള്ള കാലുകളും ഇവയ്ക്കുണ്ട്. 9.2-9.6 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്ത് ഉണ്ടായിരുന്ന ദിനോസറുകളാണ് ഇവ.