ലോകത്തിലെ ഏറ്റവും പൊക്കംകൂടിയ കൊക്കുകളാണ് സാരസ് കൊക്കുകള്‍ (Sarus Cranes). കൊക്ക് തല ഉയര്‍ത്തി മുകളിലേക്കാക്കി നിന്നാല്‍ അഞ്ചര അടിയില്‍ കൂടുതല്‍ ഉയരമുണ്ടാകും. ദേഹത്തിന് ചാരനിറം. കഴുത്തിനും തലയുടെ ഭാഗത്തിനും നിറം ചുവപ്പാണ്. ഈ ചുവപ്പ് നിറത്തിലൂടെ സാരസ് കൊക്കുകളെ തിരിച്ചറിയാന്‍ എളുപ്പമാണ്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഈ കൊക്കുകളെ കാണാം. എണ്ണത്തില്‍ കുറവായ ഇവയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
സാരസ് കൊക്കുകളുടെ കുഞ്ഞുങ്ങളെ വളരെ അപൂര്‍വമായി മാത്രമേ ക്യാമറയില്‍ കിട്ടാറുള്ളൂ. രാജസ്ഥാനിലെ പ്രശസ്തമായ ഭരത്പുര്‍ പക്ഷി സങ്കേതത്തില്‍ നിന്ന് ചോട്ടുഖാന് എന്ന യുവ വന്യജീവി ഫോട്ടോഗ്രാഫര്‍ എടുത്തതാണ് മാതാപിതാക്കളോടൊപ്പം കുഞ്ഞുങ്ങള്‍ നില്ക്കുന്ന ഈ ചിത്രങ്ങള്‍. വളരെ അപൂര്‍വമാണ് ഈ ചിത്രങ്ങള്‍.

ഭരത്പുര്‍ പക്ഷി സങ്കേതത്തിന്റെ ഉള്‍ഭാഗങ്ങളിലുള്ള പുല്‍മേടുകളില്‍ നിലത്താണ് സാരസ് കൊക്കുകള്‍ കൂടുകൂട്ടാറുള്ളത്. രണ്ട് മുട്ടകളാണ് ഇടാറുള്ളത്. ഒരു മാസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. മൂന്ന് മാസങ്ങള്‍ കൊണ്ട് അവ നന്നായി വളര്‍ന്ന് സങ്കേതത്തില്‍ ഓടിനടക്കും. അച്ഛനോ അമ്മയോ മിക്കവാറും കുഞ്ഞുങ്ങളുടെ ഒപ്പമുണ്ടാകും.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ചോട്ടുഖാന് കിട്ടിയത്. പക്ഷി സങ്കേതവുമായി ആത്മബന്ധം പുലര്‍ത്തുന്ന യുവാവാണ് ഫോട്ടോഗ്രാഫറായ ചോട്ടു. അദ്ദേഹത്തിന്റെ പിതാവ് ബോലു അബ്രാര്‍ ഖാന് ഭരത്പൂരില്‍ റേഞ്ച് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകപ്രശസ്ത പക്ഷി ഗവേഷകനായിരുന്ന ഡോ. സാലിം അലിയുടെ ആത്മസുഹൃത്തായിരുന്നു ബോലു അബ്രാര്‍ ഖാന്. സ്കൂളില്‍ പഠിക്കുന്ന നാളുകള്‍ മുതല്‍ തന്നെ ചോട്ടു സങ്കേതവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.

സങ്കേതത്തില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഞാനും 'മാതൃഭൂമി' ഫോട്ടോഗ്രാഫര്‍ മധുരാജും ദീര്‍ഘനേരം ബോലുഖാന്‍, ചോട്ടുഖാന് എന്നിവരുമായി സംസാരിച്ചു. ഇരുവര്‍ക്കും നിരവധി അനുഭവങ്ങള്‍ പങ്കിടാനുണ്ടായിരുന്നു. കോതമംഗലം സ്വദേശി ബിജോ ജ്യോമി ആയിരുന്നു അന്ന് ഭരത്പൂര്‍ ഡി.എഫ്.ഒ. ഇപ്പോള്‍ അദ്ദേഹം കോട്ട ഡിവിഷന് ഡി.എഫ്.ഒ. ആയി ജോലി നോക്കുന്നു.
സാരസ് കൊക്കുകളുടെ നൃത്തപ്രകടനവും കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്നതാണ്. ആണും പെണ്ണും ചിറകുകള് വിടര്‍ത്തി നൃത്തമാടും. അതും അപൂര്‍വമായിട്ടുമാത്രമേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കിട്ടാറുള്ളൂ. എന്നാല്‍ അന്ന് മധുരാജിന് അപ്രതീക്ഷിതമായി ആ ചിത്രങ്ങള്‍ കിട്ടിയിരുന്നു.

Content Highlights: Sarus Crane from bharatpur bird sanctuary