ക്ഷി നിരീക്ഷകരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ഇപ്പോൾ നെടുമ്പാശ്ശേരിയിലേക്ക് ഒഴുകുകയാണ്. വിമാനത്താവളത്തിന്റെ പരിസര പ്രദേശം വിവിധ ഇനം പക്ഷികളുടെ ഇഷ്ട ആവാസമേഖല ആയിത്തീർന്നതാണ് സന്ദർശകരുടെ പ്രവാഹത്തിന് കാരണം. 

പച്ചപ്പുനിറഞ്ഞ പുൽമേടും കുറ്റിക്കാടും ചതുപ്പും ജലത്തിന്റെ സാമീപ്യവും ഉള്ളതിനാൽ തദ്ദേശീയരായ പക്ഷികളെ കൂടാതെ ഒട്ടേറെ ജലപക്ഷികളും, ചെറിയ ദേശാടകരും ഇവിടെ താവളമാക്കിയിട്ടുണ്ട്.കുഞ്ഞൻ പക്ഷികളിൽ ഏറെ സുന്ദരന്മാരായ Red Avadavat-നെ തേടിയാണ് വിവിധ സ്ഥലങ്ങളിൽനിന്നു ഫോട്ടോഗ്രാഫർമാർ ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

bird

Red munia, Strawberry finch എന്നൊക്കെ പല വിളിപ്പേരുള്ള Red avadavat (Amandava amandava) ന്റെ അവർണ്ണനീയമായ ശരീരനിറം ഏവരെയും ആകർഷിക്കുന്നതാണ്. കടുത്ത സ്‌ട്രോബറി നിറത്തിലുള്ള ശരീരത്തിൽ  ചിറകുകൾക്ക് തവിട്ടുനിറവും വെള്ള നിറം കുടഞ്ഞ്  തെറിപ്പിച്ചപോലുള്ള കുത്തുകളും കൊണ്ട് അലംകൃതമാണ് Red Avadavat അഥവാ കുങ്കുമകുരുവി. തദ്ദേശീയർ (Resident) എന്നറിയപ്പെടുമെങ്കിലും പ്രജനന സമയത്തും ഭക്ഷണം തേടിയും ഇവർ ചെറിയ ദേശാടനം (local migration ) നടത്താറുണ്ട്. കുഞ്ഞന്മാരായ പക്ഷികളിൽ ഏറ്റവും സുന്ദരന്മാരാണ് ഇവരിലെ ആൺപക്ഷികൾ.

തുറസ്സായ പുൽമേടുകളാണ് ഇവർക്ക് പഥ്യം. പുല്ലിലെ അരിയാണ് (grass seeds) മുഖ്യഭക്ഷണം. മണ്ണിൽ കാണുന്ന ചിതൽ പോലുള്ള ചെറുജീവികളെയും  (insects) കഴിക്കുന്നു. പ്രജനനസമയത്ത് ചുണ്ടുകളിലെ നിറവ്യത്യാസവും ഇവരെ കൂടുതൽ ആകർഷകമാക്കുന്നു. പുൽതണ്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന കൂട്ടിൽ എട്ട് മുട്ട വരെ ഇടാറുണ്ട്. ഓഗസ്റ്റ് മാസത്തോടെ കേരളത്തിൽ പലയിടത്തും ഇവരെ കൂട്ടമായി കാണാം.

bird

നെടുമ്പാശ്ശേരിയിൽ വിമാനത്താവള റോഡിന് വശത്തുള്ള കുറ്റിക്കാട്ടിലും പുൽമേടുകളിലും ഇപ്പോൾ എത്തിയിരിക്കുന്ന മുനിയ കൂട്ടങ്ങളിൽ Red avadavat നെ കൂടാതെ ചുട്ടിയാറ്റ എന്ന Scaly breasted munia ( Lonchura punctulata), ആറ്റചെമ്പൻ എന്ന Tricolored munia ( Lonchura malacca)  എന്നിവയും ധാരാളമായുണ്ട്. അവയുടെ ചിത്രങ്ങളും പകർത്താൻ കഴിഞ്ഞു.  

എന്നാൽ, മുനിയകളിൽ  വിരളമായി ആയി കാണപ്പെടുന്ന Silver bill ( Euodice malabarica ) ഉണ്ടെന്നറിഞ്ഞാണ് ഇവിടേയ്ക്ക് എത്തിയത്.  Tricolored munia അടക്കമുള്ളവയുടെ കുഞ്ഞുങ്ങളെ ഒറ്റനോട്ടത്തിൽ  കണ്ടാൽ Silver bill ആണെന്ന് തോന്നാം. വർണ്ണപ്രപഞ്ചം തീർക്കുന്ന  വിവിധയിനം മുനിയകളെ ഒരു പ്രദേശത്തുതന്നെ കാണുന്നതും സാധാരണമല്ലാത്തതിനാൽ ഈ മേഖലയിൽ നിരീക്ഷണവും പഠനവും നടത്തുന്നവർക്ക് ഇപ്പോൾ ഏറെ സൗകര്യപ്രദമാണ് നെടുമ്പാശ്ശേരി.

bird

പാതിരാ കൊക്ക് (Night Heron) അടക്കം വിവിധയിനം കൊക്കുകളും ഇവിടെ കൂടു കൂട്ടി അവരുടെ സങ്കേതമാക്കിയിട്ടുണ്ട് വിമാനത്താവള പരിസരം.

bird

(ലീഗൽ മെട്രോളജി വകുപ്പ് ഉദ്യാഗസ്ഥനായ ലേഖകൻ പക്ഷിനിരീക്ഷകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറുമാണ്‌)

Content Highlights: Red Munia in Nedumbassery airport area