കൊല്ലം: കടല്‍ക്കോമാളിയെന്നും കടല്‍തത്തയെന്നും ഓമനപ്പേരുള്ള അറ്റ്ലാന്റിക് പഫിന്‍സി(Atlantic Puffins)ന്റെ അയ്യായിരത്തോളം ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി മലയാളി ഫോട്ടോഗ്രാഫര്‍. ഈ പക്ഷിയോടുള്ള അടങ്ങാത്ത പ്രണയമാണ് അതിന്റെ വിവിധ ഭാവങ്ങളും ജീവിതവും അന്വേഷിച്ചുള്ള 'ചിത്രയാത്ര'യ്ക്ക് കൊല്ലം കിഴക്കേ കല്ലട സ്വദേശിയായ ഹരികുമാറിന്റെ പ്രേരണ.

സ്‌കോട്ട്ലന്‍ഡില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഐ.ടി. മാനേജരാണ് ഇദ്ദേഹം. പക്ഷി കരയിലിറങ്ങുന്ന സമയത്ത് ഇവയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇദ്ദേഹം സ്‌കോട്ട്ലന്‍ഡിലെ എയ്ല്‍ ഓഫ് മെയ് ദ്വീപില്‍ പോവും.

വശത്തുകൂടി നോക്കുമ്പോള്‍ വക്കീല്‍ വേഷവും മുന്നില്‍നിന്ന് നോക്കുമ്പോള്‍ തത്തയെപ്പോലെയും പിന്നിലൂടെ നോക്കുമ്പോള്‍ പെന്‍ഗ്വിനെ പോലെയുമാണ് ഇവയെ തോന്നുക. വെള്ളത്തലയും മഞ്ഞയും ചുവപ്പും നിറമുള്ള ചുണ്ടുകളുമാണിവയ്ക്ക്. കടലാഴങ്ങളില്‍നിന്ന് ചുണ്ടില്‍ ഒത്തിരി മീനുകളുമായി പൊങ്ങിവരുന്ന ഇവയുടെ കാഴ്ചയ്ക്കായാണ് ഫോട്ടോഗ്രാഫര്‍മാര്‍ കാത്തിരിക്കാറ്. സാന്‍ഡ് ഈല്‍ മീനുകളെയാണ് കുഞ്ഞുങ്ങള്‍ക്ക് തീറ്റനല്‍കുക.

റഷ്യയില്‍ നടന്ന അവാര്‍ഡ് 35 എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ ടോപ് 35-ല്‍ താനെടുത്ത ഇത്തരമൊരു ചിത്രം വന്നതായി ഹരികുമാര്‍ പറഞ്ഞു.

ലോകത്ത് ഇരുപത് ദശലക്ഷത്തോളം പഫിന്‍സ് ഉണ്ടെന്നാണ് കണക്ക്. ശൈത്യ രാജ്യങ്ങളായ ഐസ്ലന്‍ഡിലും നോര്‍വേയിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. ഏപ്രിലിലാണ് സ്‌കോട്ട്ലന്‍ഡില്‍ എത്തുക. അടുത്ത അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഇതിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഹരികുമാര്‍ പറഞ്ഞു.

പ്രത്യേകതകള്‍

  • കരയിലെത്തുക വേനല്‍ക്കാലത്ത്. അപ്പോള്‍ ചുണ്ടിന്റെ നിറം തവിട്ടില്‍നിന്നു ചുവപ്പിലേക്ക് മാറും.
  • വര്‍ഷത്തില്‍ ഒരു മുട്ടമാത്രം.
  • മണ്ണില്‍ ആഴത്തില്‍ മാളങ്ങളുണ്ടാക്കിയാണ് മുട്ടയിടുക. മാളമുണ്ടാക്കുന്നത് ആണ്‍പക്ഷികള്‍.
  • കുഞ്ഞുങ്ങള്‍ക്ക് മൂന്നുവയസ്സാകുമ്പോള്‍ ചുണ്ടുകള്‍ പരന്ന് നിറമുള്ളതായി മാറും.
  • 40 വയസ്സോളമാണ് ഏകദേശ ആയുസ്സ്.
  • കൂടുതലായി കാണുന്നത് ഐസ്ലന്‍ഡിലും നോര്‍വേയിലും.

Content Highlights: rare photos of Atlantic puffin