നടുവില്‍: വംശനാശഭീഷണി നേരിടുന്ന വയനാടന്‍ വാളയെന്ന മത്സ്യത്തെ നടുവില്‍ പഞ്ചായത്തിലെ പുല്ലംവനം അയ്യന്‍മട ഗുഹയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ നേരത്തേതന്നെ മത്സ്യത്തെ ഗുഹയ്ക്കുള്ളില്‍ കാണാറുണ്ടെങ്കിലും വയനാടന്‍ വാളയാണെന്ന് തിരിച്ചറിഞ്ഞത് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥിയും കടൂര്‍ സ്വദേശിയുമായ പി.ശ്രീബിന്റെ വരവോടെയാണ്.

വയനാടന്‍ വാള പോലുള്ള മത്സ്യങ്ങളുടെ സാന്നിധ്യമുള്ള അയ്യന്‍മട സംരക്ഷിക്കപ്പെടണമെന്ന് ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി.ശ്രീബിന്‍ പറഞ്ഞു. ഇരുട്ടില്‍ കഴിയുന്ന മത്സ്യങ്ങളെക്കുറിച്ചും ഉഭയജീവികളെക്കുറിച്ചുമൊക്കെ പഠനം നടത്തുന്നവര്‍ക്ക് ഗുഹ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

ജില്ലയിലെ ആദിവാസികള്‍ തെരള എന്ന ഓമനപേരിട്ടു വിളിക്കുന്ന മീനാണ് വയനാടന്‍ വാള. മുഷി വര്‍ഗത്തില്‍പ്പെടുന്ന ഇവ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ് കാണപ്പെടാറ്. ഒഴുക്കുകുറഞ്ഞ കല്ലുകള്‍ നിറഞ്ഞ സ്ഥലങ്ങളിലും കല്‍പ്പൊത്തുകളിലും കഴിയുന്നവയാണ്. മഴക്കാലത്ത് പ്രജനനത്തിനായി ദേശാടനം നടത്തുന്നവയാണ് വയനാടന്‍വാള.

ayyanmada cave
അയ്യന്‍മട ഗുഹ | photo-mathrubhumi

1873-ല്‍ മത്സ്യഗവേഷകനായ ഫ്രാന്‍സിസ് ഡേയാണ് വൈത്തിരിയില്‍ മീനിനെ കണ്ടെത്തിയത്. 30 സെന്റീമീറ്റര്‍ വരെ വളരാറുണ്ട്. ഈ വിഭാഗത്തില്‍ മൂന്നിനം മീനുകളാണുള്ളത്.ചന്ദ്രഗിരി, കാവേരി, തുംഗഭദ്ര നദികളുടെ കൈവഴികളിലെ ഇരുള്‍നിറഞ്ഞ സ്ഥലങ്ങളിലും വയനാടന്‍ വാളയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ അപൂര്‍വ സസ്യജാലങ്ങള്‍ അയ്യന്‍മടയിലുണ്ട്. ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഗുഹ. 60 മീറ്ററോളം വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാന്‍ പറ്റും. ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് ഗുഹയും പരിസരവും നശിപ്പിക്കാതെ സംരക്ഷിച്ചുവരികയാണ്.

പശ്ചിമഘട്ടത്തിലെ അപൂര്‍വ സസ്യജാലങ്ങള്‍ അയ്യന്‍മടയിലുണ്ടെന്ന ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ ബെന്നി മുട്ടത്തില്‍ പറഞ്ഞു. ഭൂമിക്കടിയിലൂടെ 500 മീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഗുഹ. 60 മീറ്ററോളം വെളിച്ചത്തിന്റെ സഹായത്തോടെ കടന്നുചെല്ലാന്‍ പറ്റും. ജൈവവൈവിധ്യ പ്രാധാന്യം കണക്കിലെടുത്ത് ഗുഹയും പരിസരവും നശിപ്പിക്കാതെ സംരക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Pterocryptis wynadensis found in ayyanmada cave; which is at the end of extinction