വെട്ടിക്കടവ് കോൾപ്പടവുകളിലേക്ക് വിരുന്നെത്താൻ ദേശാടനക്കിളികൾക്ക് വല്ലാത്ത മടിയാണിപ്പോൾ. മത്സ്യങ്ങളും ചെറുജീവികളും ഇല്ലാതാകുന്നതാണ് ഇതിന് കാരണമായി പക്ഷിനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
തിരുത്തിക്കാട് മേഖലയിൽ കൃഷി ചെയ്യാതിരുന്നതും വെള്ളം മലിനമായതും മത്സ്യങ്ങളുടെയും ചെറുജീവികളുടെയും നാശത്തിന് കാരണമായിട്ടുണ്ട്. കോൾപ്പടവുകളിൽ വെള്ളം വറ്റിച്ച് കൃഷിനടത്തുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് ദേശാടനപ്പക്ഷികളുടെ വരവ്.
വെള്ളം കുറയുന്ന ഭാഗങ്ങളിൽ ഇറങ്ങിനടക്കുന്ന പക്ഷികൾ മത്സ്യങ്ങളെയും ചെറിയ ജീവികളെയും ഭക്ഷണമാക്കും.
കാട, ആള വിഭാഗങ്ങളിൽപ്പെടുന്ന പക്ഷികളാണ് വെട്ടിക്കടവിലേക്ക് എത്തിയിരുന്നത്. കടൽകാക്കകൾ ഇപ്പോൾ ഈ ഭാഗത്തേക്ക് വരാതായി. 2014-ൽ അമുർ ഫാൽക്കൺ ഇവിടെ എത്തിയിരുന്നു. വൈറ്റ് സ്റ്റോർക്കിനെ 2016 വരെ കണ്ടിരുന്നു.
മേടുതപ്പികളുടെ എണ്ണവും വളരെ കുറഞ്ഞു. തങ്കത്താറാവിനെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കണ്ടിട്ടില്ല. ഗാർഗിനി, പുള്ളിച്ചുണ്ടൻ താറാവ്, വാലൻ താമരക്കോഴികൾ, നെല്ലിക്കോഴികൾ, ഷ്‌റൈക്ക്, സ്പൂൺ ബില്ലുകൾ തുടങ്ങിയവയുടെ വരവും കുറഞ്ഞതായി പക്ഷിനിരീക്ഷകനും ബഥനി സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. പത്രോസ് പറഞ്ഞു.
വെട്ടിക്കടവിലെ ജൈവവൈവിധ്യത്തിന്റെ ഭാഗമായി കാണാറുണ്ടായിരുന്ന പഫർ ഫിഷ്, കൊഞ്ച് ഇനത്തിൽപ്പെട്ട ജീവികൾ ഇപ്പോൾ ഇല്ലാതായി. പരൽമീനുകളുടെയും നാട്ടുമീനുകളുടെയും എണ്ണം കുറഞ്ഞു. ഉഴുതുമറിച്ചിട്ടിരുന്ന പാടങ്ങളിലും വെള്ളം നിറഞ്ഞൊഴുകിയിരുന്ന തോടുകളിലുമാണ് ഇവയെ കണ്ടിരുന്നത്.