കോഴിക്കോട്: ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തും കാണപ്പെടുന്ന പുതിയൊരു തവളവര്‍ഗ്ഗത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തില്‍ ഒരു അന്താരാഷ്ട്രസംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
'ഓള്‍ഡ് വേള്‍ഡ് ട്രീ ഫ്രോഗ്' (Old World tree frog) എന്നറിയപ്പെടുന്ന മരത്തവളകളുടെ കുടുംബമായ 'റാക്കോഫോറിഡെ' (Rhacophoridae) യില്‍ ഉള്‍പ്പെടുന്നതാണ് പുതിയ വര്‍ഗ്ഗം. ശ്രീലങ്കന്‍ ജീവശാസ്ത്രജ്ഞന്‍ രോഹന്‍ പെത്തിയഗോഡയുടെ സ്മരണാര്‍ഥം 'രോഹനിക്‌സാലസ്' (Rohanixalus) എന്നാണ് പുതിയ വര്‍ഗ്ഗത്തിന് പേരു നല്‍കിയത്.
ബാഹ്യഘടന, പരിണാമചരിത്രം, ശബ്ദം, പ്രജനനരീതി-എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാണ്, പുതിയ തവളവര്‍ഗ്ഗമാണ് തങ്ങള്‍ കണ്ടെത്തിയതെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത് - 'സൂടാക്‌സ' (Zootaxa) ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ ഗവേഷകര്‍ക്കൊപ്പം, ഇന്‍ഡൊനീഷ്യ, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും പഠനസംഘത്തില്‍ ഉള്‍പ്പെട്ടു.

റാക്കോഫോറിഡെ കുടുംബത്തില്‍ തിരിച്ചറിയുന്ന ഇരുപതാമത്തെ തവള വര്‍ഗ്ഗം (frog genus) ആണിത്. ഈ മരത്തവള കുടുംബത്തില്‍ ഏഷ്യയിലും ആഫ്രിക്കയിലുമായി 422 ഇനങ്ങളെ (species) ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ എട്ടെണ്ണം പുതിയ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ മാത്രമല്ല, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ വനങ്ങളിലും, പാര്‍പ്പിട മേഖലകളിലും പുതിയ വര്‍ഗ്ഗത്തില്‍ പെട്ട തവളകളെ കാണാം.

പരമാവധി മൂന്നു സെന്റീമീറ്റര്‍ നീളമേ വരൂ ഈ വര്‍ഗ്ഗത്തില്‍ പെട്ട തവളകള്‍ക്ക്. ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണ് ഇവയ്ക്കുള്ളത്. ഒന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികളുടെയും മരങ്ങളുടെയും ഇലച്ചാര്‍ത്തുകളില്‍ ഇവ മുട്ടയിട്ട് പ്രജനനം നടത്തുന്നു. ഇതുവരെ തിരിച്ചറിഞ്ഞ മരത്തവള വര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ പരിണാമപാരമ്പര്യമാണ് രോഹനിക്‌സാലസ് വര്‍ഗ്ഗത്തിനുള്ളതെന്ന് ഡിഎന്‍എ വിശകലനത്തില്‍ വ്യക്തമായി. ഈ വര്‍ഗ്ഗത്തില്‍പെട്ട കൂടുതല്‍ തവളയിനങ്ങളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.
ആന്‍ഡമാന്‍ ദ്വീപുകളില്‍ നിന്ന് ആദ്യമായി ഒരു മരത്തവള (treefrog) യെ തിരിച്ചറിയുന്നു എന്ന സവിശേഷതയും പുതിയ പഠനത്തിനുണ്ട്. പുതിയ വര്‍ഗ്ഗത്തില്‍ പെട്ട 'രോഹനിക്‌സാലസ് വിറ്റാറ്റസ്' (Rohanixalus vittatus) എന്നയിനമാണ് അവിടെ നിന്ന് കണ്ടെത്തിയത്. 'ആന്‍ഡമാനില്‍ നിന്ന് മരത്തവളയിനത്തെ കണ്ടെത്തുക എന്നത്, പ്രതീക്ഷിച്ചിരുന്ന ഒന്നല്ല'-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ബിജു പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പര്യവേക്ഷണങ്ങള്‍ നടത്തേണ്ടതിന്റെയും, മികവോടെ ജൈവവൈവിധ്യം രേഖപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ കണ്ടെത്തല്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ലോകപ്രശസ്ത ഉഭയജീവി ഗവേഷകനാണ് കൊല്ലം സ്വദേശിയായ ഡോ.ബിജു. ഇന്ത്യയ്ക്കകത്തും അയല്‍രാജ്യങ്ങളില്‍ നിന്നുമായി ഇതിനകം 98 ഇനം (സ്പീഷീസ്) ഉഭയജീവികളെയും, പത്ത് പുതിയ ഉഭയജീവി വര്‍ഗ്ഗങ്ങളെയും (ജീനസ്), രണ്ട് ഉഭയജീവി കുടുംബങ്ങളെയും (ഫാമിലി) കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഡെല്‍ഹി സര്‍വകലാശാലയില്‍ ഡോ.ബിജുവിന്റെ വിദ്യാര്‍ഥിയാണ്, പുതിയ പഠനത്തില്‍ ഉള്‍പ്പെട്ട സൊണാലി ഗാര്‍ഗ്. പുതിയ 40 തവളയിനങ്ങളെയും മൂന്ന് തവളവര്‍ഗ്ഗങ്ങളെയും തിരിച്ചറിഞ്ഞ ഗവേഷകയാണ് അവര്‍. ഇത്രയും തവളയിനങ്ങളെ കണ്ടെത്തി മറ്റൊരു ഗവേഷക ഇന്ത്യയിലില്ല.
സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകരായ ഗോഗുലകൃഷ്ണന്‍ ജി, ശിവപെരുമാന്‍ ചന്ദ്രഹാസന്‍ എന്നിവരും, ഡല്‍ഹി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായ ഗോപിക സി, കരണ്‍ ബിഷ്ട് എന്നിവരും, പൂണെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസിലെ ശാസ്ത്രജ്ഞന്‍ യോഗേഷ് ഷൂച്ചേ എന്നിവര്‍ക്കൊപ്പം അമിര്‍ ഹാമിഡി (ഇന്‍ഡൊനീഷ്യ), ജിന്‍ലോങ് റെന്‍ (ചൈന), പനുപോങ് തമ്മച്ചോട്ടി (തായ്‌ലന്‍ഡ്) എന്നിവരും പഠനസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
Content Highlights: New Treefrog genus, Sathyabhama Das Biju, Rhacophoridae family, Rohanixalus genus, Old World tree frog