തേഞ്ഞിപ്പലം: കാശിത്തുമ്പ വര്‍ഗത്തിലുള്ള ആറ് പുതിയ ഇനങ്ങള്‍ കൂടി സസ്യശാസ്ത്രലോകത്തിന് പരിചിതമായി. കടും നിറങ്ങളില്‍ ഭംഗിയുള്ള കുഞ്ഞുപൂക്കളുണ്ടാകുന്ന പുതിയ അലങ്കാരച്ചെടികളെ അരുണാചല്‍പ്രദേശില്‍ നിന്ന് തിരിച്ചറിഞ്ഞത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ്.

ഇംപേഷ്യന്‍സ് അരുണാചലന്‍സിസ്, ഹരിദാസനി, നീലലോഹിത, സ്യൂഡോ സിട്രീന, റോയിന്‍ജെനസിസ്, വാലന്‍ജെനസിസ് എന്നിവയാണ് പുതിയ ഇനങ്ങള്‍. കാലിക്കറ്റിലെ ബോട്ടണി വിഭാഗം പ്രൊഫ. ഡോ. എം. സാബു, വി.എസ്. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ആല്‍ഫ്രഡ് ജോ, റജിബ് ഗോഗോയി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അരുണാചല്‍പ്രദേശ് സംസ്ഥാന വനംവകുപ്പിലെ മുന്‍ മലയാളിശാസ്ത്രജ്ഞനും ടാക്‌സോണമിസ്റ്റുമായ ഡോ. ഹരിദാസനോടുള്ള ആദരസൂചകമായാണ് 'ഹരിദാസനി' എന്ന് ഒരു ചെടിക്ക് പേരുനല്‍കിയത്. ഇവയ്ക്ക് പുറമെ ആല്‍ഫ്രഡ് ജോ, ഭാസ്‌കര്‍, എം. സാബു എന്നിവര്‍ പശ്ചിമഘട്ടത്തില്‍നിന്ന് നൂറ് വര്‍ഷത്തെ ഇടവേളക്കുശേഷം 'അഗസ്ത്യമലയന്‍സിസ്' എന്ന ഇനത്തെ വീണ്ടും കണ്ടെത്തി.

ന്യൂഡല്‍ഹി ആസ്ഥാനമായ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സ്ലോവാക്യയിലെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി (ഐ.എ.പി.ടി.) എന്നിവയുമായി സഹകരിച്ചായിരുന്നു ഗവേഷണം. ഗവേഷണ ഫലങ്ങള്‍ അന്താരാഷ്ട്ര ജേണലായ ഫൈറ്റോടാക്‌സ ആന്‍ഡ് വെബിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിത്തുകളുടെ അക്ഷമയോടെയുള്ള സ്വഭാവം കാരണം 'ഇംപേഷ്യന്‍സ്' എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കാശിത്തുമ്പയ്ക്ക് ലോകത്തിലാകെ ആയിരത്തോളം ഇനങ്ങളാണുള്ളത്. കിഴക്കന്‍ ഹിമാലയം, ശ്രീലങ്ക, തെക്കു കിഴക്കനേഷ്യ, ആഫ്രിക്ക, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലെല്ലാം കാശിത്തുമ്പയുണ്ട്.

14 ദിവസംമുതല്‍ രണ്ടുമാസംവരെ പൂക്കള്‍ അവശേഷിക്കുന്ന കാശിത്തുമ്പയിനങ്ങള്‍ പശ്ചിമഘട്ടനിരയിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം 30 പുതിയ ഇനങ്ങള്‍ കണ്ടെത്തി. റോഡുനിര്‍മാണവും മറ്റുവികസന പ്രവൃത്തികളും കാരണം പലഇനങ്ങളും വംശനാശ ഭീഷണിയിലാണ്.