കോഴിക്കോട്: പശ്ചിമ ഘട്ടത്തില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍. 'പാറയടമ്പ്' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയ നാമമായ ' അനൈസോക്കൈലസ് കന്യാകുമാരിയെന്‍സിസ്' (Anisochilus kanyakumariensis) എന്ന സസ്യത്തെയാണ് തിരിച്ചറിഞ്ഞത്. 

കന്യാകുമാരിയിലെ മരുത്വാമലയില്‍നിന്ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അധ്യാപകനായ കെ. ഷിനോജും കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം അധ്യാപകനായ പി. സുനോജ് കുമാറും ചേര്‍ന്നാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. മഗ്നോളിയ പ്രസ്സിന്റെ ഫൈറ്റോട്ടാക്‌സാ ജേണലില്‍ ഈ സസ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ട്.

പനിക്കൂര്‍ക്കയ്ക്കും ഇരുവേലിയ്ക്കും സമാനമായ വര്‍ഗത്തില്‍ ഉള്‍പ്പെടുന്നതാണ് പുതിയ സസ്യം.  ലോകത്താകമാനം ഈ ചെടിയുടെ ഇരുപതോളം ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പുതിയ സസ്യം ഉള്‍പ്പടെ 17 എണ്ണവും ഇന്ത്യയിലാണുള്ളത്.  പാറപ്പുറത്ത് പുല്‍ചെടികളുമായി ഇടകലര്‍ന്നാണ് ഈ സസ്യം വളരുന്നത്. 

വെള്ളയും ഇളം റോസും ചേര്‍ന്ന നിറത്തിലാണ് ഈ ചെടിയുടെ പുഷ്പങ്ങള്‍. പച്ചനിറത്തിലുള്ള ഇലകളില്‍ ഇടതൂര്‍ന്ന രോമങ്ങളുടെ ആവരണമുള്ളതിനാല്‍ ഇലകളില്‍ ചിലയിടങ്ങള്‍ ചാരനിറത്തിലാണ് കാണുക. തണ്ടിനും ഇലയ്ക്കും സുഗന്ധമുള്ളതും ഈ സസ്യത്തിന്റെ പ്രത്യേകതയാണ്.

Content Highlights: new plant species discovered from western ghats maruthwamala