കോട്ടയ്ക്കല്‍: പശ്ചിമഘട്ട മലനിരയില്‍പ്പെട്ട അഗസ്ത്യമല, പൂയംകുട്ടി, കക്കയം എന്നിവിടങ്ങളിലെ വനാന്തര്‍ഭാഗത്തുനിന്ന് പുതിയ സസ്യം കണ്ടെത്തി. അനോന്വേസിയ(Annonaceae) സസ്യകുടുംബത്തിലെ മനോരഞ്ജിനി എന്നപേരില്‍ അറിയപ്പെടുന്ന ആര്‍ട്ടാബോട്രിസ്(Artabtorys) ജനുസ്സില്‍പ്പെടുന്നതാണ് പുതിയ സസ്യം.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യഗവേഷണകേന്ദ്രത്തിലെ സീനിയര്‍സയന്റിസ്റ്റായ ഡോ. കെ.എം. പ്രഭുകുമാറിന്റെയും ഡയറക്ടര്‍ ഡോ. ഇന്ദിരാബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് സസ്യത്തെ കണ്ടെത്തിയത്.

ഈ വിഭാഗത്തില്‍ എട്ടുസസ്യങ്ങള്‍ മാത്രമാണ് ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍നിന്ന് ഒന്നരനൂറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍പ്പെടുന്ന സസ്യത്തെ കണ്ടെത്തുന്നത് എന്നതുകൊണ്ട് പശ്ചിമഘട്ടം എന്ന് അര്‍ഥംവരുന്ന ആര്‍ട്ടാബോട്രിസ് സഹ്യാദ്രിക്കസ് (Artabtorys sahyadricus) എന്ന ശാസ്ത്രനാമമാണ് ഈ ചെടിക്ക് നല്‍കിയിരിക്കുന്നത്. അര്‍ധനിത്യഹരിതവനങ്ങളുടെ ഭാഗമായി വളരുന്ന ഇതിന്റെ സവിശേഷത നീണ്ട മഞ്ഞനിറത്തിലുള്ള പൂക്കളാണ്.

2010-ല്‍ അഗസ്ത്യമലയിലെ കരമനയാറില്‍നിന്നുകണ്ടെത്തിയ സസ്യത്തെ പിന്നീട് ഡോ. പ്രഭുകുമാറിന്റെയും ഡോ. എ.ജെ. റോബിയുടെയും നേതൃത്വത്തിലുള്ള സംഘം കുട്ടമ്പുഴ പൂയംകുട്ടിവനത്തില്‍നിന്നും കക്കയംകാടുകളില്‍നിന്നുംകണ്ടെത്തി. തുടര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ ഇതേ ജനുസ്സില്‍പ്പെട്ട മറ്റുസസ്യങ്ങളില്‍നിന്ന് ഇത് വിഭിന്നമാണെന്നുകണ്ടെത്തി. പഠനഫലം ഇറ്റലിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യവര്‍ഗീകരണ ജേണലായ വെബ്ബിയയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കലിക്കറ്റ് സര്‍വകലാശാലാ ബോട്ടണിവിഭാഗം ഗവേഷകന്‍ വി.എസ്. ഹരീഷ്, കേരളവനഗവേഷണകേന്ദ്രത്തിലെ ഡോ. പി. സുജനപാല്‍, കെ.ജെ. ഡാന്റസ് എന്നിവരും ഉള്‍പ്പെട്ടതാണ് ഗവേഷണസംഘം.