കളമശ്ശേരി: കിഴക്കന്‍ അറബിക്കടലില്‍നിന്ന് പുതിയ ഇനം ആഴക്കടല്‍ കക്ക കണ്ടെത്തി. കാര്‍വാര്‍ തീരത്തുനിന്നുമാറി ആഴക്കടലിലാണ് സൈലോ ഫാഗൈഡേ കുടുംബത്തിലുള്ള കക്ക കണ്ടെത്തിയത്. സമുദ്രോപരിതലത്തിനു താഴെയായി തടികള്‍ക്കുള്ളിലാണ് ഇവ വളരുന്നത്. സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന തടികളിലും ഇവ അപൂര്‍വമായി കാണാറുണ്ട്. 7000 മീറ്റര്‍ ആഴത്തില്‍വരെ ഇവയെ കാണാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി വകുപ്പിലെ ഡോ. പി.ആര്‍. ജയചന്ദ്രന്‍, എം. ജിമ, ബ്രസീല്‍ സാവോപോളോ സര്‍വകലാശാലയിലെ മാര്‍സെല്‍ വെലാസ് ക്വെസ് എന്നിവരാണിത് കണ്ടെത്തിയത്.

ഈ കക്കകള്‍ അവയുടെ തോട് ഉപയോഗിച്ച് മരംതുരന്ന് ചെറു തരികളാക്കി ഭക്ഷിക്കുകയാണ് ചെയ്യുന്നത്. സൈലോഫാഗ എന്ന വാക്കിന്റെ അര്‍ഥം 'തടി ഭക്ഷണമാക്കുന്ന' എന്നാണ്. ഈ കക്ക ഭക്ഷ്യയോഗ്യമല്ല.

സൈലോഫാഗ നന്ദാനി എന്നാണിതിന് പേരിട്ടത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഡീനും പ്രശസ്ത പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്. ബിജോയ് നന്ദനെ ആദരിച്ചാണ് ഈ പേര് നല്‍കിയത്. ഈ കണ്ടെത്തല്‍ രാജ്യാന്തര ശാസ്ത്രമാസിക മറൈന്‍ ബയോ ഡൈവേഴ്‌സിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: new clam found in arabian sea