പായല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പുതിയൊരു സസ്യയിനത്തെ നിലമ്പൂരിലെ അമരമ്പലം വനമേഖലയില്‍ കണ്ടെത്തി. ഇലകളില്‍ പറ്റിപ്പിടിച്ച് വളരുന്ന പ്രത്യേകയിനം സസ്യത്തെയാണ് കണ്ടെത്തിയത്. 

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. മഞ്ജു സി. നായര്‍, ഡോ. കെ. പി. രാജേഷ്, ഗവേഷണ വിദ്യാര്‍ഥിനിയായ വി.കെ.ചാന്ദിനി എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. പ്രമുഖ സസ്യശാസ്ത്രജ്ഞനായ ഡോ. കെ.എസ് മണിലാലിനോടുള്ള ആദരസൂചകമായി 'കൊളോലെജെനിയ മണിലാലിയ' (Cololejeunea manilalia) എന്നാണ് പുതിയതായി കണ്ടെത്തിയ സസ്യത്തിന് പേരുനല്‍കിയത്.

എപ്പിഫിലസ് ലിവര്‍വോര്‍ട്‌സ് എന്ന സസ്യവിഭാഗത്തില്‍പ്പെടുന്നതാണ് പുതിയതായി കണ്ടെത്തിയ സസ്യം. കുറ്റിച്ചെടികളുടെയും വൃക്ഷങ്ങളുടെയും ഇലകളില്‍ വളരുകയും ജീവിതചക്രം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന സസ്യവിഭാഗമാണിത്. മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ ഇലകള്‍ക്കുമേല്‍ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. മഞ്ഞും ഊര്‍പ്പവുമുള്ള നിത്യഹരിത, ചോലവനങ്ങളിലാണ് ഈ സസ്യവിഭാഗത്തെ കണ്ടുവരുന്നത്. ജൈവവ്യവസ്ഥയില്‍ സുപ്രധാന പങ്കുള്ള സസ്യവിഭാഗമാണ് ബ്രയോഫൈറ്റ്‌സ്. 

Bryophyteതമിഴ്‌നാട്ടില്‍പ്പെട്ട മുക്കുരുത്തി ദേശീയോദ്യാനത്തോട് അതിര്‍ത്തിപങ്കിടുന്ന ന്യൂ അമരമ്പലത്തെ ചോലവനങ്ങളില്‍നിന്നാണ് കൊളോലെജെനിയ മണിലാലിയ എന്ന പുതിയ സസ്യ വര്‍ഗ്ഗത്തെ കണ്ടെത്തിയത്. ഹങ്കറിയില്‍നിന്നുള്ള അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ 'അക്റ്റ ബൊട്ടാണിക്ക ഹങ്കറിക്ക'യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുജിസി, ഡി എസ് ടി തുടങ്ങിയവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനുവേണ്ടി കോഴിക്കോട്ടെ മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയാണ് പഠനത്തിനാവശ്യമായ ഫീല്‍ഡ് സ്റ്റഡി നടത്തിയത്.