ജക്കാര്‍ത്ത: കടല്‍ത്തീരങ്ങളില്‍ തിരിച്ചറിയപ്പെടാത്ത ജീവികളുടെ ജഡം അടിയുന്നതായുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ പല കോണുകളില്‍നിന്നും കേള്‍ക്കാറുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ വാര്‍ത്ത. 

മെയ് 10ാം തീയതി ഹുലുങ് കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാര ജീവിയുടെ ജഡമാണ് പരിഭ്രാന്തിയും കൗതുകവുമുണര്‍ത്തിയിരിക്കുന്നത്. ഗ്രാമവാസികളാണ് വിചിത്ര ജന്തുവിന്റെ ജഡം ആദ്യമായി കണ്ടത്. കടല്‍ജലത്തിന്റെ നിറം ചുവപ്പായി മാറിയതും ശ്രദ്ധയില്‍പ്പെട്ടു. ഒരു ആനയേക്കാള്‍ വലിപ്പമുള്ള ജീവിയുടെ ശരീരമാണ് തീരത്ത് അടിഞ്ഞത്. എന്നാല്‍ ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത്തരമൊരു ജീവിയെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല. 

15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവിയെന്നാണ് റിപ്പോര്‍ട്ട്. അസാധാരണ വലിപ്പമുള്ള കണവ ഇനത്തില്‍പ്പെടുന്ന ജീവിയുടേതോ ഭീമാകാരനായ തിമിംഗലത്തിന്റേതോ ആവാം ജഡമെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. സാധാരണക്കാരും ശാസ്ത്രജ്ഞരുമടക്കം ആയിരക്കണക്കിനാളുകളാണ് ഇത് കാണാനെത്തുന്നത്. ഇപ്പോള്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.