മൂന്നാര്‍: 2018-ലെ നീലക്കുറിഞ്ഞിക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. 2018 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍വരെയാണ് ഇനി കുറിഞ്ഞി പൂക്കുന്നകാലം. 12വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്നത്.

ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് ഇവ ഏറ്റവുമധികം പൂക്കുന്നത്. 2006ലാണ് ഇവ വ്യാപകമായി പൂത്തത്. അഞ്ചു ലക്ഷം വിനോദ സഞ്ചാരികളാണ് അന്ന് മൂന്നാര്‍ സന്ദര്‍ശിച്ചത്.2018ല്‍ ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.

ഇത്രയും സഞ്ചാരികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, വാഹന പാര്‍ക്കിങ്, ഗതാഗത സംവിധാനം, പരമാവധി ആളുകള്‍ക്ക് പൂക്കള്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം, തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും, അവലോകന യോഗം ശനിയാഴ്ച നടന്നു. വനം വകുപ്പ് ഡോര്‍മിറ്ററിയില്‍ നടന്ന യോഗത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഇരവികുളം അസി.വാര്‍ഡന്‍ എസ്.സന്ദീപ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

കുറിഞ്ഞി പൂക്കാലത്ത് സ്വീകരിക്കേണ്ടനടപടികള്‍ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് ഉടന്‍ കൈമാറുമെന്ന് വാര്‍ഡന്‍ ആര്‍.ലക്ഷ്മി പറഞ്ഞു.