മ്മ മരിച്ചു. കുഞ്ഞുങ്ങള്‍ക്കതു ബോധ്യമായി. നദിക്കരയില്‍, ദു:ഖം ഖനീഭവിച്ച കണ്ണുകളുമായി അവ നിന്നു. തീരത്ത് സങ്കടത്തോടെ അലഞ്ഞു. കുത്തിയൊഴുകുന്ന നദിയിലേക്ക് നിശ്ശബ്ദ വേദനയോടെ നോക്കി നിന്നു. 

ആഫ്രിക്കയിലെ മസായ് മാര വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ കഥ. വന്യമൃഗങ്ങളുടെ ജീവിതത്തില്‍ സാധാരണമല്ലാത്ത നിഗൂഢത മലായ്കയുടെ മരണത്തിന്റെയും കുഞ്ഞുങ്ങളുടെ കണ്ണീരിന്റെയും കഥയില്‍ വനപാലകരും ലോകത്തെ വന്യജീവി ശാസ്ത്രജ്ഞരും കാണുന്നു. ഇന്നും അവര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമാണ്. 

മസായിമാരയിലെ ചെമ്പുലികളുടെ (Cheetah) റാണിയായിരുന്നു മലായ്ക. എല്ലാം തികഞ്ഞ ചീറ്റപ്പുലി. വീറും വിരുതും തികഞ്ഞ പെണ്‍പുലി. അസാധാരണ വേഗം. അനിതരസാധാരണമായ ശൗര്യം. പിഴക്കാത്ത കണക്കു കൂട്ടല്‍. കനിവില്ലാത്ത ക്രൗര്യം. തളരാത്ത പോരാട്ടവീര്യം. വേട്ടകളില്‍ മിന്നല്‍പ്പിണര്‍. മസായിമാരയുടെ ചരിത്രത്തിലെ ഏറ്റവും ഉഗ്രരൂപിയായ ചീറ്റ എന്നാണ് മലായ്ക വനപാലകര്‍ക്കിടയില്‍ അറിയപ്പെട്ടത്. വനനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു അവള്‍. 

Malaika cheetah

ഒലോറെ ഒലോക്ക് നദിയില്‍ ഒരു ദിവസം അവള്‍ മുങ്ങി മരിച്ചു. വനപാലകര്‍ അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്. 2018 മാര്‍ച്ചിലായിരുന്നു അത്. അന്നവള്‍ക്ക് പതിനൊന്നു വയസ്സാണ്. ചെമ്പുലികള്‍ പൊതുവെ നീന്തലില്‍ സമര്‍ഥരാണ്. മലായ്ക പ്രത്യേകിച്ചും. നദികളില്‍ വീണാലും നീന്തി രക്ഷപ്പെടാന്‍ അവയ്ക്കാവും. പക്ഷെ മലായ്ക തീരമണഞ്ഞില്ല. ഇന്നും ദുരൂഹമാണ് അതിനാല്‍ അവളുടെ മരണം. 

Malaika cheetah

ഒലോറെ ഒലോക്കില്‍ ഭീകരരൂപികളായ മുതലക്കൂട്ടങ്ങളുണ്ട്. സാധാരണ സീബ്രകളെയും മറ്റുമാണ് അവ ആക്രമിക്കുന്നത്. മലായ്കയെ അവ കൂട്ടത്തോടെ ആക്രമിച്ചു കൊന്നുതിന്നു എന്നാണ് ഇപ്പോള്‍ വനപാലകര്‍ കരുതുന്നത്. അവളുടെ അവശിഷ്ടങ്ങള്‍ പോലും കിട്ടിയില്ല. 

Malaika cheetah

മസായിമാരയിലെത്തുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാരെല്ലാം എന്നും മലായ്കയുടെ ആകര്‍ഷണ വലയത്തിലായിരുന്നു. ഗാംഭീര്യം തുടിക്കുന്ന അവളുടെ ചിത്രം പകര്‍ത്തുക എന്നതാണ് മസായ്മാര സന്ദര്‍ശിക്കുന്ന എല്ലാവരുടെയും ലക്ഷ്യം. നൂറു കണക്കിനു ഫോട്ടോഗ്രാഫര്‍മാര്‍ മലായ്കയുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കാണണം.

Malaika cheetah

വാഹനങ്ങളിലിരുന്ന് അവര്‍ ക്യാമറാ ഫ്ളാഷുകള്‍ മിന്നിക്കുമ്പോള്‍  കണ്ണിലെ കൃഷ്ണമണി പോലെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച് അവള്‍ നില്‍ക്കും. ഗാംഭീര്യവും ജാഗ്രതയും തികഞ്ഞ നില്‍പ്പ്. ആ ചിത്രത്തിനായി ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിത്തിരക്കുമ്പോള്‍ അതാസ്വദിക്കുന്ന മട്ടിലാണ് അവള്‍ നിന്നുകൊടുക്കാറുള്ളത്. 

padmanabhan narayananപാലക്കാട് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ പത്മനാഭന്‍ നാരായണന്‍ 2017 നവംബറില്‍ രണ്ടാഴ്ചക്കാലം മസായ്മാരയില്‍ താമസിച്ച് മലായ്കയെ പിന്തുടരുകയുണ്ടായി. അന്നദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളാണ് ഈ ലേഖനത്തോടൊപ്പമുള്ളത്. മലായ്കയെക്കുറിച്ചു കേട്ടറിഞ്ഞാണ് ജോലി ചെയ്യുന്ന ഖത്തറില്‍ നിന്ന് അവധിയെടുത്ത് അദ്ദേഹം മസായ്മാരയിലെത്തുന്നത്. വന്യജീവി ഫോട്ടോഗ്രാഫിയില്‍ പേരെടുത്ത അദ്ദേഹത്തെ മലായ്കയെക്കുറിച്ചുള്ള കഥകള്‍ പ്രലോഭിപ്പിച്ചു. മലായ്കയെ പകര്‍ത്താതെ മടങ്ങില്ലെന്ന നിശ്ചയവുമായാണ് ദോഹയില്‍ നിന്ന് അദ്ദേഹം മസായ്മാരയിലേക്കു പറന്നത്. 

Malaika cheetah

ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഫ്രെയിമുകളാണ് അന്ന് മലായ്ക തനിക്കു സമ്മാനിച്ചതെന്ന് പത്മനാഭന്‍ നാരായണന്‍ ഓര്‍ക്കുന്നു. നിരവധി ചിത്രങ്ങള്‍ കിട്ടി. മലായ്കയുടെ വാത്സല്യവും ക്രൗര്യവും ഗാംഭീര്യവും തുടിക്കുന്ന പലതരം ആംഗിളുകള്‍. ഡോഗോ (Dogo) എന്നും കിഗുമ്പ (Kigumba) എന്നും വനപാലകര്‍ പേരിട്ടു വിളിക്കുന്ന രണ്ട് ഓമനക്കുഞ്ഞുങ്ങളോടൊപ്പമാണ് മലായ്കയെ കണ്ടത്.

Malaika cheetah

അമ്മയോടൊപ്പം ഓടിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ ആ ചിത്രങ്ങളെ കൂടുതല്‍ പ്രസന്നസുന്ദരമാക്കി. ജാഗ്രതയോടെ കാത്തും എന്നാല്‍ വാത്സല്യത്തോടെ കളിക്കാന്‍ വിട്ടും ഒപ്പം കരുതലോടെ നിരീക്ഷിച്ചും മലായ്ക കുഞ്ഞുങ്ങളെ നോക്കുന്നത് ഹൃദയം കവരുന്ന അനുഭവമായിരുന്നുവെന്ന് പത്മനാഭന്‍ ഓര്‍മിക്കുന്നു.

Malaika cheetah

ചെമ്പുലിക്കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും ഭീഷണി സിംഹങ്ങളും കഴുതപ്പുലികളുമാണ്. അവ പുലിക്കുഞ്ഞുങ്ങളെ തരം കിട്ടിയാല്‍ പിടിച്ചു തിന്നും. അമ്മയുടെ കരുതലില്ലാതെ ചെമ്പുലിക്കുഞ്ഞുങ്ങള്‍ അതിജീവിക്കില്ല. രണ്ടര വയസ്സു വരെയെങ്കിലും അമ്മ അവരെ നോക്കണം. അതിനകം സ്വന്തം തടി നോക്കാനും ഇര തേടാനും അവ പഠിക്കും. പത്മനാഭന്‍ കാണുമ്പോള്‍ കഷ്ടി രണ്ടു വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളാണ് കോഗോയും കിഡുംബയും. പരിശീലനത്തിന്റെ നിര്‍ണായക കാലമായിരുന്നു അത്. 

Malaika cheetah

അടുത്ത മാര്‍ച്ചിലാണ് മലായ്ക പുഴയില്‍ വീണു മരിക്കുന്നത്. മസായിമാരയിലെ ഗൈഡുകളും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇത്ര വേദനാജനകമായ രംഗങ്ങള്‍ അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല. അസാധാരണമായിരുന്നു ആ മരണവും കുഞ്ഞുങ്ങളുടെ സങ്കടവും. അമ്മ മരിച്ചു എന്നു വിശ്വസിക്കാതെ കാത്തിരിക്കുന്ന പുലിക്കുഞ്ഞുങ്ങള്‍.

Malaika cheetah

പുഴക്കരയിലുടനീളം കണ്ണീരോടെ അലഞ്ഞുനടന്ന കുഞ്ഞുങ്ങളുടെ കാഴ്ച അവരെ അമ്പരപ്പിച്ചു. അത്യപൂര്‍വമായ ഒരു ബന്ധമായിരുന്നു ആ അമ്മയും കുഞ്ഞുങ്ങളും തമ്മിലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ആ ദൃശ്യങ്ങള്‍. അമ്മയെ കാത്ത് ഏതാണ്ട് രണ്ടാഴ്ചക്കാലം അവ പുഴക്കരയില്‍ തുടര്‍ന്നു. പുഴയിലേക്കിറങ്ങിപ്പോയ അമ്മ പിന്നീടൊരിക്കലും അവരെ കാണാന്‍ കരയിലേക്കു വന്നില്ല...

Malaika cheetah

'ഡോഗോയ്ക്കും കിഗുംബക്കും ഇപ്പോള്‍ നാലു വയസ്സായിക്കാണും. അവരെ കണ്ടെത്തി ക്യാമറയില്‍ പകര്‍ത്തണം' -വീണ്ടും മസായിമാരയിലേക്കു പോവാനൊരുങ്ങുന്ന പത്മനാഭന്‍ നാരായണന് ഇപ്പോള്‍ അതാണ് ലക്ഷ്യം. 'അവരിപ്പോള്‍ വലുതായിക്കാണും. സ്വതന്ത്രരായി ഇര തേടി നടക്കുന്നുണ്ടാവും. അവര്‍ക്കും കുഞ്ഞുങ്ങളായിട്ടുണ്ടാവും.. ഒരു പക്ഷെ, അറിയില്ല, അവരിപ്പോഴും ആ നദിക്കരയില്‍ വരുന്നുണ്ടാവും.. ഒരാഴ്ചയെങ്കിലും അവിടെ താമസിച്ച് അവരെ പിന്തുടരാനാണ് പരിപാടി'- പത്മനാഭന്‍ പറയുന്നു. 

Malaika cheetah

Malaika cheetah

Malaika cheetah

Malaika cheetah

 

Content Highlights: Malaika the Cheetah and Her Cubs in masai mara