കോട്ടയ്ക്കൽ: കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ മണ്ണിടിച്ചിലും കേരളത്തിൽ രണ്ടുവർഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും പൂർണമായും മനുഷ്യനിർമിതമാണെന്ന് പറയാനാവില്ലെന്ന് പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.

“പ്രകൃതിദുരന്തങ്ങൾ വളരെ സങ്കീർണങ്ങളായ കാരണങ്ങളാൽ ഉണ്ടാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക കാരണംകൊണ്ടാണ് അവയുണ്ടാവുന്നതെന്ന് പറയാനാവില്ല. തീർച്ചയായും മനുഷ്യനിർമിതമായ ഘടകങ്ങളും ഇതിനു കാരണമായി മാറിയിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞവർഷം ചാലക്കുടി പുഴയിലെ വെള്ളത്തിന്റെ തോതും മറ്റും പഠിക്കുന്ന റിവർ റിസർച്ച് സെന്ററിന്റെയും പഞ്ചായത്തുകളുടെയും മുന്നറിയിപ്പ് അവഗണിച്ചതാണ് ചാലക്കുടി പുഴ കരകവിയുവാനും വെള്ളപ്പൊക്കമുണ്ടാവാനും കാരണമായത്.

അശാസ്ത്രീയമായി നിർമിച്ച റോഡുകളും കെട്ടിടങ്ങളും വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതുമൊക്കെ ദുരന്തത്തിനു കാരണങ്ങളാണ്. കേരളത്തിൽ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏൽപ്പിക്കാവുന്നതാണ്. സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വം ഇവർക്കുണ്ടാവും.

ക്വാറികളുടെ പ്രവർത്തനങ്ങൾ ഒരു പരിധിവിട്ടാൽ മണ്ണിടിച്ചിലിനും മറ്റും കാരണമാവും. ക്വാറികൾ പരിധി വിടുന്നുണ്ടോയെന്ന കാര്യം ജനങ്ങൾ വിലയിരുത്തുകയും ഇടപെടുകയുംവേണം.

പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിലോല മേഖലകളിൽ തങ്ങൾ മുന്നോട്ടുവെച്ച റിപ്പോർട്ട് നടപ്പാക്കിയാൽ ജനജീവിതം ദുസ്സഹമാവുമെന്നത് തെറ്റിദ്ധാരണയാണ്. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ നടപ്പാക്കണമെന്ന് പറയുന്നില്ല; അദ്യം റിപ്പോർട്ടിന്റെ മലയാളപരിഭാഷ പശ്ചിമഘട്ട മലനിരകളിലെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കണം. പിന്നീട് ജനങ്ങൾ ഇടപെട്ട് അവരുടെ അഭിപ്രായം സർക്കാരിനെ അറിയിച്ചാൽ മതിയാകും. സ്വീകരിക്കേണ്ടത് സ്വീകരിച്ച് അവഗണിക്കാം”- ഗാഡ്ഗിൽ പറഞ്ഞു.

Content Highlights: madhav gadgil on kerala flood and western ghats