ജീവന്‍ ഒരു തുടര്‍ച്ചയാണ്, പരസ്പര ബന്ധിതമാണ്. ഒരു ജീവിവര്‍ഗം ഇല്ലാതാവുക എന്നു പറഞ്ഞാല്‍, ആ വര്‍ഗ്ഗത്തിന് കൂടി അനുകൂലമല്ലാത്ത നിലയില്‍ ഭൂമിയുടെ ആവാസവ്യവസ്ഥ മാറി എന്നാണര്‍ഥം

Achatinella apexfulva snail
ജോര്‍ജ്-ആ വര്‍ഗത്തിലെ അവസാനത്തെ ഒച്ച്. ചിത്രം കടപ്പാട്: David Sischo/DLNR.

പേര് 'ജോര്‍ജ്' എന്നാണെങ്കിലും കക്ഷി ഒച്ച് ആയിരുന്നു. വെറും ഒച്ചല്ല, ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ഒച്ച്! പരീക്ഷണശാലയില്‍ ജനിച്ച്, അവിടെ തന്നെ 14 വര്‍ഷം ജീവിക്കുന്നതിനിടെ അവന്‍ വാര്‍ത്തകളില്‍ നിറഞ്ഞു, മാഗസിനുകളുടെ കവര്‍‌സ്റ്റോറിയായി. 2019-ലെ പുതുത്സരദിനത്തില്‍ ജോര്‍ജ് വിടവാങ്ങിയ വിവരം ഹവായ് യൂണിവേഴ്‌സിറ്റി ഖേദപൂര്‍വ്വം ലോകത്തെ അറിയിച്ചു! 

മരയൊച്ചുകളുടെ കൂട്ടത്തില്‍പെട്ടതാണ് ജോര്‍ജ്. ജോര്‍ജിന്റെ അന്ത്യത്തോടെ ഒരുകാര്യം കൂടി സംഭവിച്ചു: ജോര്‍ജ് ഉള്‍പ്പെടുന്ന സ്പീഷീസ് (Achatinella apexfulva) ഭൂമുഖത്തുനിന്ന് ഇല്ലാതായി. ആ ജീവിവര്‍ഗ്ഗത്തിലെ അവസാന അംഗമായിരുന്നു ജോര്‍ജ്! 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനം വഴി പ്രശസ്തിയാര്‍ജിച്ച പ്രദേശമാണ് ഇക്വഡോറിന്റെ ഭാഗമായ ഗാലപഗോസ് ദ്വീപുകള്‍. ശാന്തസമുദ്രത്തിലെ ആ പ്രദേശത്തെ പിന്റ ദ്വീപില്‍ കഴിഞ്ഞിരുന്ന 'ലോണ്‍സം ജോര്‍ജ്' (Lonesome George) എന്ന ആമയുടെ പേരിന്റെ ചുവടുപിടിച്ചാണ്, ഹവായിയിലെ ഏകാകിയായ മരയൊച്ചിന് 'ജോര്‍ജ്' എന്ന വിളിപ്പേര് നല്‍കിയത്. 2012 ജൂണ്‍ 24-ന് ലോണ്‍സം ജോര്‍ജ് ജീവന്‍ വെടിഞ്ഞതോടെ, അതുള്‍പ്പെട്ട ആമവര്‍ഗ്ഗം (Chelonoidis abingdonii) ഭൂമുഖത്ത് ഇല്ലാതായി! രണ്ടു ജോര്‍ജുമാരും സമാനമായ ദുരന്തകഥയിലെ നായകന്‍മാരാണെന്ന് സാരം. സ്വന്തം സ്പീഷീസിലെ അവസാന അംഗമാകുക എന്ന വിധിയാണ് ഇരുജീവികളും ഏറ്റുവാങ്ങിയത്!  

Lonesome George
ലോണ്‍സം ജോര്‍ജ് -ആ വര്‍ഗത്തിലെ അവസാനത്തെ ആമ. ചിത്രം കടപ്പാട്: Nationalgeographic

ഏതാണ്ട് 750 ഓളം ഒച്ചിനങ്ങള്‍ ഉണ്ടായിരുന്ന പ്രദേശമാണ് ഹവായ് ദ്വീപുകള്‍. അവയില്‍ ആദ്യം ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ട ഒന്നാണ് ജോര്‍ജിന്റെ വര്‍ഗ്ഗം. 1787-ല്‍ തന്നെ ജോര്‍ജിന്റെ കൂട്ടരെപ്പറ്റിയുള്ള വിവരം ശാസ്ത്രത്തിന്റെ ഭാഗമായി. ഹവായ് മേഖലയിലെ ജൈവ വ്യവസ്ഥ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ അവിടുത്തെ ഒച്ചുകള്‍ക്ക് വലിയ പങ്കുണ്ട്. ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ എളുപ്പം അലിയാന്‍ മണ്ണിരകളെപ്പോലെ ഒച്ചുകളും സഹായിക്കുന്നു. മരങ്ങളുടെ ഇലകളിലുണ്ടാകുന്ന ഫംഗസുകളെ തിന്നു നശിപ്പിക്കുക വഴി, രോഗബാധയില്‍ നിന്ന് മരങ്ങളെ രക്ഷിക്കാനും ഒച്ചുകള്‍ സഹായിക്കുന്നു. 

പലനിറങ്ങളിലുള്ള അത്യാകര്‍ഷകമായ ഷെല്ലുകളോടു കൂടിയ ഒച്ചുകള്‍ അവിടെയുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒറ്റദിനം കൊണ്ട് പതിനായിരം ഒച്ച് ഷെല്ലുകള്‍ ശേഖരിച്ച കാര്യം 'നാഷണല്‍ ജ്യോഗ്രഫിക്' പറയുന്നു. അങ്ങനെ വന്‍തോതില്‍ ശേഖരിക്കുക വഴി, ചില ഒച്ചിനങ്ങള്‍ ആ നൂറ്റാണ്ടില്‍ തന്നെ അന്യംനിന്നു! 

ജോര്‍ജിന്റേതുള്‍പ്പടെ, ഹവായിയിലെ പല തനത് ഒച്ചിനങ്ങള്‍ക്കും വലിയ ഭീഷണിയായത് ആഫ്രിക്കന്‍ ഒച്ച് (Achatina fulica) പോലുള്ള അധിനിവേശയിനങ്ങളാണ്. 1955-ല്‍ ആഫ്രിക്കന്‍ ഒച്ചിനെ നേരിടാന്‍ 'റോസി വൂള്‍ഫ്‌സ്‌നെയ്ല്‍' (Euglandina rosea) എന്ന ഒച്ചിനത്തെ ഇറക്കുമതി ചെയ്തത് കൂനിന്മേല്‍ കുരു പോലെയായി. റോസി ഒച്ചുകള്‍ ആഫ്രിക്കന്‍ ഒച്ചുകളെ മാത്രമല്ല, തദ്ദേശീയ ഇനങ്ങളെയും വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങി. ആഗോളതാപനം വര്‍ധിച്ചത് റോസി ഒച്ചുകള്‍ക്ക് പെരുകാനും വ്യാപിക്കാനും അനുകൂല സാഹചര്യമൊരുക്കി. 

അങ്ങനെയാണ് ജോര്‍ജിന്റെ വര്‍ഗ്ഗവും അന്ത്യത്തിലെത്തിയത്. ആ സ്പീഷീസില്‍ പെട്ട പത്തു മരയൊച്ചുകളെ 1997-ല്‍ ഹവായ് യൂണിവേഴ്‌സിറ്റിയുടെ ലാബില്‍ വളര്‍ത്താന്‍ തുടങ്ങി. അവയ്ക്കുണ്ടായ ഏതാനും സന്തതികളില്‍ ജോര്‍ജ് മാത്രമേ അതിജീവിച്ചുള്ളൂ. ജോര്‍ജിന്റെ കൂട്ടരെ എവിടെയെങ്കിലും കണ്ടെത്താന്‍ വര്‍ഷങ്ങളോളം നടത്തിയ തിരച്ചിലുകളൊന്നും ഫലം ചെയ്തില്ല. ഹവായിയിലെ മരയൊച്ചുകളില്‍ അവശേഷിക്കുന്ന ഇനങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ജോര്‍ജിന്റെ വിധി വ്യക്തമാക്കുന്നു.

'പല ഒച്ചിനങ്ങളും അപ്രത്യക്ഷമാകുന്നത് ഞങ്ങള്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു'-ഹവായ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞന്‍ മൈക്കല്‍ ജി ഹാഡ്ഫീല്‍ഡ് പറഞ്ഞു.  

ഇതുപോലെ ഓരോ ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ സമീപകാല ചരിത്രത്തില്‍ വേറെയുമുണ്ട്. 1914 സെപ്റ്റംബര്‍ ഒന്നിന് യു.എസില്‍ ഒഹായോയിലെ സിന്‍സിനാറ്റി മൃഗശാലയില്‍ ചത്ത പാസഞ്ചര്‍ പ്രാവിന്റെ (passenger pigeon) കാര്യമെടുക്കുക. അതോടെ ആ വര്‍ഗ്ഗം (Ectopistes migratorius) ഇല്ലാതായി! 20,000 വര്‍ഷം വടക്കേഅമേരിക്കയില്‍ വിഹരിച്ചിരുന്ന പക്ഷിയിനമാണത്. 

passenger pigeon
പാസഞ്ചര്‍ പ്രാവുകള്‍. ചിത്രം കടപ്പാട്: documentjournal.com 

യൂറോപ്യന്‍മാര്‍ എത്തുന്ന സമയത്ത് ഏതാണ്ട് 500 കോടി പാസഞ്ചര്‍ പ്രാവുകള്‍ വടക്കേഅമേരിക്കയിലുണ്ടായിരുന്നു. ആര്‍ത്തി മൂത്ത് ഇറച്ചിക്കു വേണ്ടി മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു ആ ജീവിവര്‍ഗ്ഗത്തെ! പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒറ്റ ദിവസം തന്നെ 25,000 പാസഞ്ചര്‍ പ്രാവുകളെ വെടിവെച്ചിട്ട സംഭവങ്ങളുണ്ട്!

പല ജീവിവര്‍ഗ്ഗങ്ങളും മണ്‍മറയുന്നത് അവയെക്കുറിച്ച് പഠിക്കുക പോലും ചെയ്യുംമുമ്പാണ് എന്നതാണ് സങ്കടകരമായ സംഗതി. അമേരിക്കന്‍ ഗവേഷകനായ ജെയ് സാവേജ് കോസ്റ്റാറിക്കയിലെ മോന്റെവെര്‍ഡ വനപ്രദേശത്ത് കണ്ടെത്തിയ സുവര്‍ണ തവള (Golden Toad) യുടെ കാര്യമെടുക്കുക. 1966-ല്‍ ആദ്യമായി കണ്ടെത്തിയ അവ, സമുദ്രനിരപ്പില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ഉയരെ പത്തു ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കോടക്കാട്ടില്‍ (ക്ലൗഡ് ഫോറസ്റ്റ്) ആണ് കഴിഞ്ഞിരുന്നത്. 1989 മെയ് 15-ന് ആ ജീവിവര്‍ഗ്ഗത്തിലെ (Bufo periglenes) ഒരംഗത്തെ അവസാനമായി കണ്ടു. വര്‍ഷങ്ങളോളം നടത്തിയ തിരിച്ചിലുകള്‍ പ്രയോജനം ചെയ്തില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു.

Golden Toad
സുവര്‍ണ തവള. ചിത്രം കടപ്പാട്: Charles H. Smith/ Wikimedia Commons

സുവര്‍ണ തവളയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ആദ്യജീവിയാണത്. ഭൂമിക്ക് ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം ജീവിവര്‍ഗങ്ങളുടെ പ്രതിനിധി! 

ജോര്‍ജിന്റെ വിടവാങ്ങലാണ് ഇത്തരം സങ്കടകരമായ ഓര്‍മകള്‍ ഉണര്‍ത്തുന്നതെങ്കിലും, പുതിയ വര്‍ഷം തന്നെ ആശ്വാസകരമായ ഒരു വാര്‍ത്ത വന്നത് ബൊളീവിയയില്‍ നിന്നാണ്. പത്തുവര്‍ഷമായി അവിടെ ഒരു മ്യൂസിയത്തില്‍ ഏകാകിയായി കഴിയുന്ന 'സെഹുവെന്‍കാസ് നീര്‍ത്തവള' (Sehuencas water frog) യായ 'റോമിയോ'ക്ക് ഒടുവില്‍ 'ജൂലിയറ്റി'നെ കണ്ടെത്തി എന്നതാണത്. റോമിയോയുടെ വര്‍ഗ്ഗം (Telmatobius yuracare) അന്യംനിന്നിട്ടില്ല എന്നതാണ് ഗവേഷകരെ ആശ്വസിപ്പിക്കുന്നത്.

lonely tree frog
ഏകാകിയായ റോമിയോ എന്ന സെഹുവെന്‍കാസ് നീര്‍ത്തവള. ചിത്രം കടപ്പാട്: Global Wildlife Conservation.

ബൊളീവിയയിലെ കോടക്കാടുകള്‍ മാത്രമാണ് റോമിയോയുടെ വര്‍ഗ്ഗത്തിന്റെ ആവാസമേഖല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ തവളകള്‍ സുലഭമായിരുന്നു. ഒരിനം ഫംഗസിന്റെ ആക്രമണവും, വനനാശവും, വെള്ളത്തില്‍ തവളമുട്ടകള്‍ തിന്നുതീര്‍ക്കുന്ന അധിനിവേശ മത്സ്യങ്ങളുടെ വരവുമാണ് ആ തവളയിനത്തെ അന്ത്യത്തിലെത്തിച്ചത്. ഒടുവില്‍, ആ സ്പീഷീസില്‍ അവശേഷിച്ച അവസാന അംഗം റോമിയോ ആണെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. പത്തുവര്‍ഷമായി മ്യൂസിയത്തില്‍ കഴിയുന്ന റോമിയോ, 2017-ന് ശേഷം ഇണയെ ആകര്‍ഷിക്കാനുള്ള വിളി പോലും നിര്‍ത്തി!

അപ്പോഴാണ് ആ ശുഭവാര്‍ത്തയെത്തിയത്-ബൊളീവിയയിലെയും ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷനിലെയും ഗവേഷകര്‍ നടത്തിയ തിരച്ചിലില്‍ മൂന്നാണും രണ്ടു പെണ്ണും ഉള്‍പ്പടെ അഞ്ച് സെഹുവെന്‍കാസ് നീര്‍ത്തവളകളെ കണ്ടെത്തിയിരിക്കുന്നു! ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍ നിന്നാണ് അവയെ കണ്ടെത്തിയത്. തല്‍ക്കാലത്തേക്ക് ആ നീര്‍ത്തവള വര്‍ഗത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് ഗവേഷകര്‍. ജൂലിയറ്റിനെ കിട്ടിയ സ്ഥിതിക്ക് അവയുടെ കുഞ്ഞുങ്ങളുണ്ടാകുമോ, വീണ്ടും ആ തവളയുടെ വന്യവര്‍ഗ്ഗത്തെ പുനസ്ഥാപിക്കാന്‍ സാധിക്കുമോ എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. 

lonely tree frog
പുതിയതായി കണ്ടെത്തിയ 'ജൂലിയറ്റ്' (സെഹുവെന്‍കാസ് നീര്‍ത്തവള), ഗവേഷകയായ തെരേസ കമാച്ചോ ബദാനിയുടെ കൈയില്‍. ചിത്രം കടപ്പാട്: Robin Moore/AFP/Getty Images 

ഭൂമിയില്‍ എത്രയോ ജീവിവര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇല്ലാതാകുന്നത് ഇത്ര വലിയ പ്രശ്‌നമാണോ എന്ന് ചിന്തിക്കുന്നവരുണ്ട്. ജീവന്‍ ഒരു തുടര്‍ച്ചയാണ്, പരസ്പര ബന്ധിതമാണ്. ഒരു ജീവിവര്‍ഗം ഇല്ലാതാവുക എന്നു പറഞ്ഞാല്‍, ഒരു വര്‍ഗ്ഗത്തിന് കൂടി അനുകൂലമല്ലാത്ത നിലയില്‍ ഭൂമിയുടെ ആവാസവ്യവസ്ഥ മാറി എന്നാണര്‍ഥം. ഇക്കാര്യത്തില്‍ ഏറ്റവും കര്‍ക്കശമായ വിലിയിരുത്തല്‍ നടത്തിയിട്ടുള്ളത്  പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ സാലിം അലിയാണ്. 1985-ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: 'ഒരു ജീവരൂപത്തെ അവഗണിക്കുമ്പോള്‍, മുഴുവന്‍ ജീവരൂപങ്ങളെയുമാണ് നിങ്ങള്‍ അവഗണിക്കുന്നത്'. ഇതിലും വ്യക്തമായി ഇക്കാര്യം വിവരിക്കുക സാധ്യമല്ല. 

അവലംബം - 

* Lonely George the tree snail dies, and a species goes extinct. BY CHRISTIE WILCOX. National Geographic, Jan 8, 2019.
* Juliet and friends found for Romeo the lonely water frog. Damian Carrington. The Guardian, Jan 15, 2019.  
Lonesome George. Galapagos tortoise was the last of his kind. National Geographic.
* Why did the passenger pigeon die out? Norwegian University of Science and Technology, January 11, 2018 . 
* ആഗോളതാപനത്തിന്റെ ആദ്യ ഇര. ജോസഫ് ആന്റണി. മാതൃഭൂമി വാരാന്തപ്പതിപ്പ്, ജൂലായ് 19, 2009. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Extinction of Species, Golden Toad, Global Warming, Biodiversity lose, lats Achatinella apexfulva snail, lonely tree frog, Passenger Pigeon