കാട് നശിപ്പിച്ച് കോണ്‍ക്രീറ്റ് കാടുകളുണ്ടാക്കിയ ആധുനിക മനുഷ്യന്‍ അതിന് പ്രായിശ്ചിത്തം  ചെയ്യാനൊരുങ്ങുകയാണ്, വനനഗരങ്ങളും തൂക്കുവനങ്ങളും പോലുള്ള നിര്‍മിതികള്‍ സൃഷ്ടിച്ചുകൊണ്ട് 

First Forest City of the World
ലിയോക്‌ച്ചോയില്‍ നിര്‍മാണം ആരംഭിച്ച വനനഗരത്തിന്റെ ദൃശ്യമാതൃക. ചിത്രം കടപ്പാട്: Stefano Boeri Architetti

 

ന്‍ഡോര എന്ന വിദൂര ഉപഗ്രഹത്തില്‍ ഭാവിയില്‍ യുറേനിയംധാതു തേടിപ്പോകുന്ന മനുഷ്യരും, ആ ഉപഗ്രഹത്തിലെ 'നാവി' വര്‍ഗ്ഗക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷമാണല്ലോ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത 'അവതാര്‍' (2009) എന്ന സിനിമയുടെ പ്രമേയം. പന്‍ഡോരയില്‍ നാവി വര്‍ഗ്ഗം പാര്‍ക്കുന്നത് വിശാലമായ 'ഭവനവൃക്ഷ'ങ്ങളിലാണ്. ആ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ, അവരെ പരസ്പരം സഹകരിക്കാന്‍ നാഡീബന്ധമൊരുക്കുന്ന ആ ഭവനവൃക്ഷങ്ങളുമായി ചേര്‍ന്നാണ്. 

ചൈനയിലെ ലിയോക്‌ച്ചോയില്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ വനനഗരത്തിന്റെ ചിത്രീകരണം കാണുമ്പോള്‍, അവതാറിലെ നാവി വര്‍ഗ്ഗക്കാരുടെ ഭവനവൃക്ഷം (Hometree) ഓര്‍മയില്‍ വരും. പ്രകൃതിയുമായി നാഭീബന്ധം വിടാതെ സൂക്ഷിക്കാന്‍ നാവി വര്‍ഗ്ഗക്കാരെ എങ്ങനെയാണോ ഭവനവൃക്ഷം സഹായിക്കുന്നത്, അതുപോല മനുഷ്യനെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ വനനഗരവും അവസരമൊരുക്കുന്നു.  

തെക്കന്‍ ചൈനയില്‍ ഗ്വാങ്ഷി ( Guangxi ) പ്രവിശ്യയിലെ ലിയോക്‌ച്ചോ മുനിസിപ്പാലിറ്റി കമ്മീഷന്‍ ചെയ്ത പ്രോജക്ടാണ് 'ലിയോക്‌ച്ചോ ഫോറസ്റ്റ് സിറ്റി' ( Liuzhou Forest Ctiy ). പ്രസിദ്ധ ഇറ്റാലിയന്‍ ഗ്രൂപ്പായ 'സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി' (Stefano Boeri Architetti) നിര്‍മിക്കുന്ന ഈ വനനഗരം 2020ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

First Forest City of the World
വനനഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും വൃക്ഷങ്ങളും ചെടികളും വളരുന്നുണ്ടാകും. ചിത്രം കടപ്പാട്: Stefano Boeri Architetti

 

ലോകത്തിന്റെ വിവധഭാഗങ്ങളില്‍ ഹരിത നിര്‍മിതികളുണ്ടാക്കുന്നതില്‍ പ്രമുഖരാണ് സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി. ഇറ്റലിയിലെ മിലാനില്‍ പ്രസിദ്ധമായ 'തൂക്കുവനം' ( Vertical Forest ) രൂപകല്‍പ്പന ചെയ്തത് ഈ ഗ്രൂപ്പാണ്. ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു ഫ് ളാറ്റ് സമുച്ചയമാണത്. കിഴക്കന്‍ ചൈനയിലെ നാഞ്ചിങ് (Nanjing) നഗരത്തില്‍ സമാനമായ പദ്ധതി സ്റ്റെഫാനോ ബോയേരി ഏറ്റെടുത്തുകഴിഞ്ഞു. അതിനിടെയാണ്, ഒരു വനനഗരം തന്നെ ചൈനയില്‍ സൃഷ്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഓഫീസുകള്‍, വീടുകള്‍, ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ ഒക്കെ ഉള്‍പ്പെട്ട സമുച്ചയമാണ് ലിയോക്‌ച്ചോയിലെ വനനഗരത്തിലുണ്ടാവുക.

First Forest City of the World
ലിയോക്‌ച്ചോ വനനഗരത്തിന്റെ ദൃശ്യമാതൃക. ചിത്രം കടപ്പാട്: Stefano Boeri Architetti

 

മുപ്പതിനായിരം പേര്‍ക്ക് താമസിക്കാന്‍ പാകത്തിലാണ് ലിയോക്‌ച്ചോയില്‍ വനനഗരം വരുന്നത്. അന്തരീക്ഷ മലിനീകരണം ചെറുക്കുകയാണ് വനനഗരത്തിന്റെ മുഖ്യലക്ഷ്യം. ഒരുവര്‍ഷം പതിനായിരം ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സയിഡും അമ്പത്തേഴ് ടണ്‍ മാലിന്യങ്ങളും ആഗിരണം ചെയ്യാന്‍ വനനഗരത്തിന് കഴിയും. ഒപ്പം തൊള്ളായിരം ടണ്‍ ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യും. 

First Forest City of the World
ലിയോക്‌ച്ചോ വനനഗരത്തിന്റെ ദൃശ്യമാതൃക. ചിത്രം കടപ്പാട്: Stefano Boeri Architetti

 

ലിയോക്‌ച്ചോയ്ക്ക് വടക്ക് ലിയുജിയാങ് നദിക്കടുത്ത് 432 ഏക്കര്‍ പ്രദേശമാണ് വനനഗരമായി മാറുക. റെയില്‍ ലൈനുകളിലോടുന്ന ഇലക്ട്രിക് വഹനങ്ങളില്‍ ഈ ഹരിതനഗരത്തിലെവിടെയും സഞ്ചരിക്കാം. പാര്‍പ്പിടമേഖലകളിലേക്കും കച്ചവടസ്ഥലങ്ങളിലേക്കും വനനഗരത്തിലെ രണ്ട് സ്‌കൂളുകളിലേക്കും ആസ്പത്രിയിലേക്കുമൊക്കെ ഇങ്ങനെ മലിനീകരണമുണ്ടാക്കാതെ പോകാന്‍ കഴിയും. ഊര്‍ജത്തിന്റെ കാര്യത്തിലും ലിയോക്‌ച്ചോ വനനഗരം സ്വയംപര്യാപ്തമായിക്കും. വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷനിങ്ങിന് ജിയോതെര്‍മല്‍ എനര്‍ജിയാണ് ഉപയോഗിക്കുക, കെട്ടിടങ്ങളിലെല്ലാം സൗരോര്‍ജ പാനലുകളുമുണ്ടാകും.  

First Forest City of the World
ലിയോക്‌ച്ചോ വനനഗരത്തിന്റെ ദൃശ്യമാതൃക. ചിത്രം കടപ്പാട്: Stefano Boeri Architetti

 

പൂര്‍ത്തിയാകുമ്പോള്‍ നാല്പതിനായിരം വൃക്ഷങ്ങള്‍ വനനഗരത്തിലുണ്ടാകും, പത്തുലക്ഷം ചെടികള്‍ വേറെയും! 100 വ്യത്യസ്ത സ്പീഷീസുകളില്‍ പെട്ടവയാകും വൃക്ഷങ്ങളും ചെടികളുമെല്ലാം. 'പാക്കുകളിലും തുറസ്സുകളിലും മാത്രമല്ല, എല്ലാ കെട്ടിടങ്ങളിലും ചെടികള്‍ വളരുന്നുണ്ടാകും', സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റിയുടെ അറിയിപ്പില്‍ പറയുന്നു. 

First Forest City of the World
ലിയോക്‌ച്ചോ വനനഗരത്തിന്റെ ദൃശ്യമാതൃക. ചിത്രം കടപ്പാട്: Stefano Boeri Architetti

 

കാര്‍ബണ്‍ ഡയോക്‌സയിഡ് ആഗിരണം ചെയ്തും ഓക്‌സിജന്‍ പുറത്തുവിട്ടും വായുവിനെ മാലിന്യമുക്തമാക്കാന്‍ ഈ ചെടികളും വൃക്ഷങ്ങളും സഹായിക്കും. ശബ്ദശല്യം കുറയ്ക്കാനും ഈ നഗരത്തിലെ സസ്യസമുച്ചയത്തിനാകും. ലിയോക്‌ച്ചോ മേഖലയിലെ പക്ഷികള്‍ക്കും പ്രാണികള്‍ക്കും അനുകൂലസാഹചര്യമൊരുക്കി ജൈവവൈവിധ്യം കാക്കാനും വനനഗരം സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്ത് ചെലവുവരും വനനഗരത്തിനെന്ന കാര്യം സ്‌റ്റെഫാനോ ബോയേരിയോ ചൈനീസ് അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. 

ലിയോക്‌ച്ചോ വനനഗരത്തിന്റെ കാര്യത്തിലെന്ന പോലെ, നഗര മലിനീകരണം ചെറുക്കാനാണ് ചൈനയിലെ നാഞ്ചിങ് നഗരത്തില്‍ സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി തൂക്കുവനം നിര്‍മിക്കുന്നതും. അടുത്തടുത്ത് രണ്ട് ടവറുകളുണ്ടാകും ആ പ്രോജക്ടില്‍. രണ്ട് ടവറുകളിലും കൂടി 23 സ്പീഷീസുകളില്‍ പെട്ട വൃക്ഷങ്ങളും 2500 ചെടികളും വളരുന്നുണ്ടാകും. ഓഫീസുകളും 247 മുറികളുള്ള ലക്ഷ്വറി ഹോട്ടലും ഒരു മ്യൂസിയവും ഗ്രീന്‍ വാസ്തുവിദ്യാസ്‌കൂളും നാഞ്ചിങിലെ തൂക്കുവനത്തിലുണ്ടാകും. അടുത്ത വര്‍ഷം തൂക്കവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായേക്കും. ചൈനീസ് നഗരങ്ങളായ ഷാങ്ഹായി, ഷെന്‍ഷാന്‍ എന്നിവിടങ്ങളിലും സമാനമായ പ്രോജക്ടുകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Vertical Forest
ചൈനയിലെ നാഞ്ചിങ് നഗരത്തില്‍ നിര്‍മിക്കുന്ന തൂക്കുവനം. ചിത്രം കടപ്പാട്: Stefano Boeri Architetti

 

കാട് നശിപ്പിച്ച് കോണ്‍ക്രീറ്റ് കാടുകളുണ്ടാക്കിയ ആധുനിക മനുഷ്യന്‍ അതിന് പ്രായിശ്ചിത്തം ചെയ്യാനൊരുങ്ങുകയാണോ? വനനഗരങ്ങളും തൂക്കുവനങ്ങളും പോലുള്ള നിര്‍മിതികള്‍ അതിന്റെ തുടക്കമാകുമോ?

അവലംബം : 

1. സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റിയുടെ വെബ്ബ്‌സൈറ്റ്

2. China Has Officially Started Construction on the World's First 'Forest City'. Futurism.com 

3. 'Forest cities': the radical plan to save China from air pollution. The Guardian