ടോക്യോ: ലോക വ്യാപകമായി ഉയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗില വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്‍. അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനില്‍നിന്ന് ജപ്പാന്‍ പിന്‍മാറുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ തിമിംഗില വേട്ട വീണ്ടും ആരംഭിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക വ്യാപകമായി കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ ജപ്പാന്‍ ക്രൂരമായ തിമിംഗില വേട്ട നിര്‍ത്തിവെച്ചിരുന്നത്.

ജപ്പാന്റെ അധികാരപരിധിയിലുള്ള സമുദ്രഭാഗത്തു മാത്രമാണ് തിമിംഗില വേട്ട നടത്തുകയെന്നും അന്റാര്‍ട്ടിക് മേഖലയില്‍ വേട്ട നടത്തില്ലെന്നും ജപ്പാന്റെ ഔദ്യോഗിക വക്താവ് യോഷിഹൈദ് സുഗ വ്യക്തമാക്കി. തിമിംഗില വേട്ട അനുവദിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് ജപ്പാന്‍ കമ്മീഷനില്‍നിന്ന് പിന്‍മാറിയത്. തുടര്‍ന്നായിരുന്നു വേട്ട പുനരാരംഭിക്കുമെന്ന പ്രഖ്യാപനം. 

ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായാണ് തിമിംഗില വേട്ട നടത്തുന്നതെന്നായിരുന്നു ജപ്പാന്റെ നിലപാട്. എന്നാല്‍ ജപ്പാന്‍ വന്‍തോതില്‍ തിമിംഗലങ്ങളെ കൊന്നൊടുക്കുകയും ഇവയുടെ മാംസം മാര്‍ക്കറ്റിലെത്തിക്കുകയും ചെയ്യുന്നത് ലോക വ്യാപകമായി എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനും രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം തിമിംഗില വേട്ടയ്ക്ക് എതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. 

Japan Whaling
Photo: AP

 

തിമിംഗില വേട്ട നിരോധിക്കുന്നതിനായി ലോക രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച തിമിംഗില വേട്ട കമ്മീഷന്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗിലങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചായിരുന്നു ജപ്പാന്‍ വന്‍ തോതില്‍ തിമിംഗില വേട്ട നടത്തിവന്നിരുന്നത്. ഇപ്പോള്‍ കമ്മീഷനില്‍നിന്ന് പിന്‍മാറുന്നതോടെ ഈ വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ തിമിംഗിലങ്ങളെ വേട്ടയാടാനാണ് ജപ്പാന്‍ ലക്ഷ്യംവെക്കുന്നത്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ദക്ഷിണ ധ്രുവത്തിലെ വേനല്‍ കാലത്ത് രൂപപ്പെടുന്ന പ്രത്യേക കാലാവസ്ഥയിലാണ് തിമിംഗില വേട്ട നടക്കുന്നത്. നൂറ്റാണ്ടുകളായി ജപ്പാന്‍ തിമിംഗിലങ്ങളെ വന്‍ തോതില്‍ വേട്ടയാടുകയും അവയുടെ ഇറച്ചി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തുവന്നിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ക്ഷാമകാലത്ത് തിമിംഗിലങ്ങളുടെ ഇറച്ചി പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സായി ജപ്പാന്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തിമിംഗില മാംസത്തിന്റെ ഉപയോഗത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്.

പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോഴും തിമിംഗില വേട്ട തുടരുന്നത്. തിമിംഗില വേട്ട പൂര്‍ണമായും നിര്‍ത്തുന്നത് തങ്ങളുടെ തിമിംഗില വേട്ടയുടെ സമ്പന്നമായ പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടക്കമുള്ളവരുടെ നിലപാട്. ഭരണ പക്ഷത്തുള്ള ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തിമിംഗിലവേട്ട തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Content Highlights: Japan, Hunting Whales Again, International Whaling Commission