കോഴിക്കോട്: പശ്ചിമഘട്ടത്തിലെ അഗസ്ത്യമല വനമേഖലയില്‍മാത്രം കാണപ്പെടുന്ന അപൂര്‍വ ഓര്‍ക്കിഡാണ് പാഫിയൊപെഡിലം ഡ്രൂറി. മനോഹരമായ മഞ്ഞപ്പൂക്കളുണ്ടാവുന്ന ഡ്രൂറിയില്‍നിന്ന് വിദേശരാജ്യങ്ങള്‍ വികസിപ്പിച്ചെടുത്തത് അറുപതിലേറെ ഹൈബ്രിഡ് ഇനങ്ങളാണ്. ഇന്ത്യയില്‍ വികസിപ്പിക്കപ്പെട്ടത് ഒന്നും. രാജ്യത്തെ വനങ്ങളിലെ സവിശേഷ ജൈവവൈവിധ്യം വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് ഡ്രൂറിയുടെ ഉദാഹരണം വ്യക്തമാക്കുന്നു.

സസ്യശാസ്ത്രത്തില്‍ തത്പരനായിരുന്ന ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഹെബര്‍ ഡ്രൂറിയാണ് 19-ാം നൂറ്റാണ്ടില്‍ അപൂര്‍വ വനപുഷ്പത്തെ കണ്ടെത്തിയത്. 1870-ല്‍ പാഫിയൊപെഡിലം ഡ്രൂറി എന്നപേരില്‍ ഓര്‍ക്കിഡിനെ വര്‍ഗീകരിച്ച് രേഖപ്പെടുത്തി. യൂറോപ്പിലേക്ക് ഇവ ധാരാളമായി കടത്തി. വന്‍തോതില്‍ ശേഖരിക്കപ്പെട്ടതോടെ വനങ്ങളില്‍ ഡ്രൂറി അപ്രത്യക്ഷമായി. പിന്നീട് 1972-ലാണ് ഇവയെ വീണ്ടും കണ്ടെത്തിയത്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് (ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ.) നിലവില്‍ ഡ്രൂറി സംരക്ഷിക്കുന്നത്. ഇന്ത്യയില്‍ ഡ്രൂറിയുടെ ഏക ഹൈബ്രിഡ് ഇനം വികസിപ്പിച്ചതും ഇവിടെയാണ്.

ഇന്ത്യയില്‍ 1400-ലേറെ ഇനം വന്യ ഓര്‍ക്കിഡുകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അലങ്കാരസസ്യമെന്നനിലയിലും പുഷ്പവിപണിക്കുമായി 250-ല്‍ത്താഴെ ഹൈബ്രിഡ് ഇനങ്ങള്‍ മാത്രമാണ് രാജ്യത്ത് വികസിപ്പിക്കപ്പെട്ടത്. ലോക ഓര്‍ക്കിഡ് വിപണിയില്‍ മുന്നിലുള്ള സിങ്കപ്പൂരിന് 250-ല്‍ത്താഴെ തനത് ഓര്‍ക്കിഡ് ഇനങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍, ഇതില്‍നിന്ന് ആറായിരത്തിലധികം ഹൈബ്രിഡ് ഇനങ്ങള്‍ അവര്‍ വികസിപ്പിച്ചു.

ടി.ബി.ജി.ആര്‍.ഐ.യില്‍ 1996-മുതലാണ് ബ്രീഡിങ് പരീക്ഷണം തുടങ്ങുന്നത്. വൈകി രംഗത്തെത്തിയതാണ് ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനു തടസ്സമായതെന്ന് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഓര്‍ക്കിഡ് ബയോളജി വിഭാഗം തലവന്‍ ഡോ. എം. സലീം ചൂണ്ടിക്കാട്ടി.

ഇവിടെ മറ്റുസ്ഥാപനങ്ങള്‍ ഓര്‍ക്കിഡ് ബ്രീഡിങ് സീരിയസായി എടുത്തിട്ടില്ല. ഇന്ത്യ ഈരംഗത്ത് ശൈശവാവസ്ഥയിലാണ്.

പുഷ്പവ്യവസായത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുന്നവയാണ് ഹൈബ്രിഡ് ഇനങ്ങള്‍. തായ്ലാന്‍ഡ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയില്‍ ഓര്‍ക്കിഡുകള്‍ ഇറക്കുമതിചെയ്യുന്നത്. ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ഓര്‍ക്കിഡുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈരാജ്യങ്ങള്‍ പല ഇനങ്ങളും വികസിപ്പിച്ചത്.