lizard
കുന്നൂരിൽ കണ്ടെത്തിയ ദ്രാവിഡ
ജെക്കോ ഇനത്തിൽപ്പെട്ട പല്ലി

ഗൂഡല്ലൂര്‍: ഹിമയുഗകാലത്തെ ദ്രാവിഡ ജെക്കോ പല്ലി വര്‍ഗത്തില്‍പ്പെട്ട പല്ലിയെ പശ്ചിമഘട്ടമേഖലയിലെ കുന്നൂരില്‍ കണ്ടെത്തി. പശ്ചിമഘട്ട മേഖലയാണ് ഈ പല്ലിയുടെ ആവാസകേന്ദ്രം. 2018-ല്‍ ബെംഗളൂരുവിലെ ഗവേഷകര്‍ പശ്ചിമഘട്ടമേഖലയില്‍ ആറുവര്‍ഗം പല്ലികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. 2018 മുതല്‍ 2020 വരെ നടത്തിയ പഠനത്തിലാണ് ഏഴിനമുണ്ടെന്നും ഏഴാമത്തെ ഇനം നീലഗിരിയിലെ കോത്തഗിരി, കുന്നൂര്‍ ഭാഗങ്ങളിലാണ് കൂടുതലായി കാണാറുള്ളതെന്നും കണ്ടെത്തിയത്. ദ്രാവിഡ ജെക്കോ കുന്നൂരെന്‍സിസ് എന്നാണ് ശാസ്ത്രീയ നാമം.

ഹിമയുഗത്തിനുമുമ്പ് പശ്ചിമഘട്ടം മുഴുവനും പ്രത്യേകിച്ച് ദക്ഷിണ പശ്ചിമഘട്ടം മുഴുവനും വ്യാപിച്ചിരുന്ന ഈ പല്ലിവര്‍ഗം പിന്നീട് തണുപ്പുള്ള പ്രദേശങ്ങളിലേക്ക് മാറി. മാറിയ കാലാവസ്ഥയില്‍ പല പര്‍വത പ്രദേശങ്ങളിലും ഒറ്റപ്പെട്ടുപോയ ഇവ അവിടത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പുതിയ ഇനങ്ങളായി രൂപാന്തരപ്പെട്ടു. തിരുനെല്‍വേലി മലനിരകള്‍, പൊന്മുടി അനുബന്ധ പ്രദേശങ്ങള്‍, മൂന്നാര്‍ മലകള്‍, വാല്‍പ്പാറ, വയനാട് എന്നിവിടങ്ങളിലാണ് ഇവ അവശേഷിച്ചത്. കുന്നൂരില്‍ നിന്ന് കണ്ടെത്തിയ ഇനമാണ് ഇവയില്‍ ഏറ്റവും പുരാതനമെന്ന് ഗവേഷകര്‍ കരുതുന്നു. ശരീരാവശിഷ്ടത്തിന്റെ ഡി.എന്‍.എ. പരിശോധനയിലും തുടര്‍ന്ന് നടത്തിയ വംശഘടനാ (ഫെലോജനിക്) പഠനത്തിലുമാണ് വിവരങ്ങള്‍ വ്യക്തമായത്.

ശരീരം ചാരനിറമുള്ള തവിട്ടുനിറവും കടും തവിട്ട് പാടുകളുള്ളതുമാണ്. വാല്‍ കട്ടിയുള്ളതാണ്, അടിഭാഗത്ത് കടും തവിട്ട് വരകളുള്ള വിലങ്ങനെയുള്ള വരകളാലുള്ള ചെറിയ ചെതുമ്പലുകള്‍ കൊണ്ട് മൂടിയിരിക്കുന്നു.

തല ചുരുങ്ങുകയും ചെറിയ തരികളാല്‍ മൂടുകയും ചെയ്യുന്നു. ശരീരം നിയന്ത്രിതമായി വികസിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ചെറുനീളമുള്ള നഖമുള്ള കാലുകള്‍ വളഞ്ഞതും ഉയര്‍ന്നുവരുന്നതുമാണ്.

പശ്ചിമഘട്ട മലനിരകളിലെ കാലാവസ്ഥാ മാറ്റമാണ് എന്റമിക് ജീവിവര്‍ഗങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഊട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വന്യജീവിവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍. സനിലിന്റെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ഥികളായ ഡോ. ടി.ടി. ഷമീര്‍, നിറ്റു ജോര്‍ജ്, സുലേഖ ജെ. ബക്കര്‍ എന്നിവരാണ് പഠനം നടത്തിയത്.

content highlights: Ice age lizard species' relatives found in Nilgiri