പൂര്‍ണ്ണമായും വംശം നശിച്ചുപോയ ജീവികളെയാണ് ''വംശനാശം സംഭവിച്ച ജീവികള്‍'  എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോഡോ പക്ഷികളും ദിനോസോറുകളും ഇത്തരത്തില്‍ വംശനാശം സംഭവിച്ചവയാണ്. പ്രജനനം നടക്കാതെ പോവുക, നിലനില്‍പ്പിന് ആവശ്യമായ പ്രകൃതി സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുക, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിന് കാരണമാകാം. 
അനിയന്ത്രിതമായ മത്സ്യബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവ മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകും. ഭൂമിയില്‍ 8.7 മില്യന്‍ സ്പീഷീസുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ വര്‍ഷവും ധാരാളം ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍നിന്നു നശിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു. ഇതില്‍ തന്നെ വംശനാശം വന്ന ജീവിവര്‍ഗത്തിലെ പക്ഷികളെ തിരഞ്ഞാല്‍ വലിയൊരു സംഖ്യയുണ്ടാകും. 

dodo
ഡോഡോ പക്ഷിയുടെ അസ്ഥി ലേലത്തിന് വെച്ചപ്പോൾ,
പിന്നിൽ ഡോഡോയുടെ ചിത്രവും | Getty images

ഡോഡോ പക്ഷി

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും മൂലം നിരവധി ജീവികള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെങ്കിലും മനുഷ്യന്‍രെ ദുര മൂലം വംശമറ്റ ജീവിവര്‍ഗ്ഗമാണ് മൗറീഷ്യസിലെ ഡോഡോ പക്ഷികള്‍. വലിപ്പം കൂടിയതും പറക്കാന്‍ കഴിയാത്തതുമായ പക്ഷികളായിരുന്നു ഇവ. 'ഡോഡോ 'എന്ന ശബ്ദം  പുറപ്പെടുവിക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ പേരു വന്നത്. ഇപ്പോള്‍ ഭൂമിയിലുള്ള താറാവുകളുമായി രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വര്‍ഗ്ഗത്തില്‍പ്പെട്ടവയാണു ഡോഡോ പക്ഷികള്‍. ഒരു മീറ്ററോളം ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തില്‍നിന്ന് പൊഴിഞ്ഞു വീഴുന്ന പഴവര്‍ഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപുകളില്‍ മാത്രമായിരുന്നു ഇവയെ കണ്ടിരുന്നത്. മണ്ണിലാണ് ഇവ മുട്ടയിടുന്നത്. മരത്തില്‍ നിന്നും വീഴുന്നവയും ചെറു ചെടികളിലെ പഴങ്ങളുമായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. മനുഷ്യനൊപ്പം എത്തിയ മറ്റു ജീവികളും ഇവയുടെ വംശനാശത്തിന് കാരണമായി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഡോഡോകള്‍ മണ്ണിലുണ്ടാക്കിയ കൂടുകളും മുട്ടകളും ധാരാളമായി നശിപ്പിക്കപ്പെട്ടു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ നാവികരാണ് ഡോഡോ പക്ഷികളെ കുറിച്ചുള്ള ആദ്യ വിവരണം 1598 ല്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒരു നൂറ്റാണ്ടിനുള്ളില്‍ അവസാന ഡോഡോയും ലോകത്തോടു വിടപറഞ്ഞു. 1662-ലാണ് ഏറ്റവും ഒടുവില്‍  മനുഷ്യന്‍ ഒരു ഡോഡോയെ കണ്ടതായി പറയപ്പെടുന്നത്. ഓക്‌സ്‌ഫോഡിലെ ആഷ്‌മോളിയന്‍ മ്യൂസിയത്തില്‍ ഡോഡോയുടെ മുഴുവന്‍ അസ്ഥികൂടം കാണാന്‍ കഴിയും.  ഈ അസ്ഥികൂടത്തിന്റെ തലയുടെ സൂക്ഷ്മ പരിശോധനയില്‍ ഈയംകൊണ്ടുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ട് അധികം വര്‍ഷമായിട്ടില്ല. ദ്വീപിലെത്തിയ മനുഷ്യര്‍ തോക്കിന്റെ ഉന്നം പഠിക്കാനായി ഡോഡോയെ ദുരുപയോഗപ്പെടുത്തിയത് ഇവയുടെ നാശത്തിന് കാരണമായിയെന്ന വാദത്തെ ഈ കണ്ടെത്തല്‍ ശക്തിപ്പെടുത്തുന്നു. ആഷ്‌മോളിയന്‍ മ്യൂസിയത്തിലെ ഡോഡോയുടെ രൂപവുമായിട്ടുള്ള സാദൃശ്യമാണ് ആലിസ് ഇന്‍ വണ്ടര്‍ലാന്റില്‍ ഒരു പ്രധാന കഥാപാത്രമായി ഡോഡോ പക്ഷിയെ അവതരിപ്പിക്കാന്‍ കാരണമായതത്രെ.

treeഡോഡോപ്പക്ഷികള്‍ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാല്‍വേറിയ മരങ്ങളും ഇല്ലാതായിത്തുടങ്ങി. ഡോഡോകള്‍ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസര്‍ജ്ജിക്കുമ്പോള്‍ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകള്‍ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്

   അടുത്തിടെ ശാസ്ത്രജ്ഞര്‍ മൗറിഷ്യസിലെ അപൂര്‍വ സാന്നിദ്ധ്യമായ കാല്‍വേറിയ വൃക്ഷവും ഡോഡോ പക്ഷിയും തമ്മില്‍ ബന്ധമുണ്ടെന്നു നിരീക്ഷിച്ചു . ഡോഡോപ്പക്ഷികള്‍ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാല്‍വേറിയ മരങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചത്രേ.  മുന്നൂറിലധികം വര്‍ഷം പ്രായമുള്ള വിരലിലെണ്ണാവുന്ന കാല്‍വേറിയ മരങ്ങള്‍ മാത്രമേ ഇനി ദ്വീപിലുള്ളൂ . എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഈ ഇനത്തില്‍പ്പെട്ട ഒരു പുതിയ മരം പോലും ഇവിടെ മുളച്ചിട്ടില്ലെന്നാണ് അനുമാനം. ഡോഡോകള്‍ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസര്‍ജ്ജിക്കുമ്പോള്‍ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകള്‍ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള്‍ അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉപാധി ഇല്ലാതെയായി. അതുകൊണ്ടു തന്നെ കാല്‍വേറിയ വൃക്ഷങ്ങളും ഡോഡോയ്ക്കൊപ്പം നശിച്ചു.

moa
മോവ പക്ഷിയുടെ വരച്ച ചിത്രം |By Heinrich Harder (1858-1935) -
The Wonderful Paleo Art of Heinrich Harder,
Public Domain, https://commons.wikimedia.org/w/index.php?curid=2417140

മോവ പക്ഷികള്‍

ന്യൂസിലന്‍ഡിലെ മോവപക്ഷികള്‍ മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായത് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് . പോളിനേഷ്യക്കാരായ മാവോറികള്‍ കെട്ടു ചങ്ങാടത്തില്‍ ആയിരുന്നു മുന്‍പ് ന്യൂസിലന്‍ഡില്‍ എത്തുന്നത്. അവരുടെ പ്രധാന ഭക്ഷണമായി മാറിയത് മോവ പക്ഷികളും അവയുടെ മുട്ടകളും ആണ് . ഒമ്പതോളം സ്പീഷീസില്‍പ്പെട്ട  മോവപക്ഷികള്‍ ന്യൂസിലന്‍ഡില്‍ ഉണ്ടായിരുന്നു. ഇവയില്‍ ഏറ്റവും വലിയതിന് ആനയോളം വലിപ്പം ഉണ്ടായിരുന്നു. മറ്റെങ്ങും കാണാത്ത പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്നു ഇവിടം. മിക്ക പക്ഷികള്‍ക്കും ശത്രുക്കള്‍ ഇല്ലാത്തതിനാല്‍ പറക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ അവയുടെ ചിറകുകളും കുറുകിപ്പോയി. പരിണാമത്തിലൂടെ ആര്‍ജ്ജിച്ച ഇത്തരം സവിശേഷതകള്‍ അവയ്ക്ക് വിനയായി. ന്യൂസിലാന്‍ഡിലേക്ക് വെള്ളക്കാരുടെ കടന്നു വരവിനു മുന്‍പുതന്നെ മോവപക്ഷികള്‍ പഴങ്കഥയായി മാറുകയും ചെയ്തു.

elephant bird
ആനപ്പക്ഷി | By DFoidl - Own work, CC BY-SA 3.0,
https://commons.wikimedia.org/w/index.php?curid=19943238

ആനപക്ഷി

മഡഗാസ്‌ക്കറിലെ ആനപക്ഷി ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പക്ഷി ആയിരുന്നു.  മധ്യേഷ്യന്‍ പുരാവൃത്തങ്ങളെ ആസ്പദമാക്കിയുള്ള മാര്‍ക്കോപോളോയുടെയും മറ്റും വിവരണങ്ങളില്‍ നിന്നാണ് ആന പക്ഷി എന്ന പദം  ഉണ്ടാകുന്നത്. എന്തായാലും മാര്‍ക്കോപോളോ തന്റെ സഞ്ചാരം ആരംഭിക്കുന്നത് മുന്‍പേ ആനപക്ഷി ഭൂലോകത്ത് നിന്നും മണ്‍മറഞ്ഞിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒറ്റപ്പെട്ട ദ്വീപായ മഡഗാസ്‌കറില്‍ മറ്റെങ്ങും ഇല്ലാത്ത ജീവിവര്‍ഗങ്ങള്‍ ഉണ്ടായിരുന്നത്രേ. ആന പക്ഷിക്ക് അമ്പതടിയോളം പൊക്കം ഉണ്ടായിരുന്നുവെന്നും മാര്‍ക്കോ പോളോയുടെ വിവരണത്തില്‍ ഉണ്ട്.

himalayan quail
ഹിമാലയൻ കാട | By John Gould - http://extinct-website.com/extinct-website/product_info.php?cPath=22_31&
products_id=395, Public Domain,
https://commons.wikimedia.org/w/index.php?curid=12255649

ഹിമാലയന്‍കാട

ഇന്ത്യയില്‍ പിങ്ക് വര്‍ണ്ണത്തലയന്‍ താറാവ് , ഹിമാലയന്‍ കാട  എന്നീ പക്ഷികള്‍ക്കും കഴിഞ്ഞ നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു. ഉത്തരഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു പക്ഷിയാണ് ഹിമാലയന്‍ കാട (Himalayan quail). ഒഫ്രൈസിയ സൂപ്പര്‍സിലിയോസ(Ophrysia superciliosa )എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെട്ടിരുന്ന ഹിമാലയന്‍ കാടയെ അവസാനമായി രേഖപ്പെടുത്തിയത് 1876 ല്‍ മസ്സൂറിക്ക് സമീപം വച്ചായിരുന്നു. ഇത് കാടകളുടെ ഫാസിയാനിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു.

passenger pigeon
സഞ്ചാരി പ്രാവ് | By Louis Agassiz Fuertes -
Birds of New York (New York State Museum. Memoir 12),
wikicommons

സഞ്ചാരിപ്രാവ്

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം കുറ്റിയറ്റുപോയ ജീവികളുടെ പട്ടികയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പക്ഷിയാണ് സഞ്ചാരി പ്രാവുകള്‍. ഒരു കാലത്ത് വടക്കേ അമേരിക്കയില്‍ ആകെയുള്ള പക്ഷികളുടെ എണ്ണത്തില്‍ 40 ശതമാനവും സഞ്ചാരി പ്രവുകളായിരുന്നു. 1870-ല്‍ വടക്കേ അമേരിക്കയിലെ സിന്‍സിനാറ്റി പട്ടണത്തിന് മുകളിലൂടെ പറന്നുപോയ പ്രാവിന്‍ കൂട്ടത്തിന് 500 കിലോമീറ്റര്‍ നീളവും 16 കിലോമീറ്റര്‍ വീതിയും ഉണ്ടായിരുന്നുവത്രെ. ഇക്കൂട്ടത്തില്‍ 20,000 ലക്ഷം പ്രാവുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് എണ്ണമുണ്ടായിരുന്ന സഞ്ചാരി പ്രാവ് മനുഷ്യ വേട്ടയാടലുകള്‍ കൊണ്ടു മാത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിസ്മൃതിയിലായി.  അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യന്‍ വംശജരാണ് സഞ്ചാരി പ്രാവിന്റെ വംശഹത്യ നടത്തിയതെന്നു പറയപ്പെടുന്നു. വെടി വെച്ചും അടിച്ചു കൊന്നും കല്ലെറിഞ്ഞും വല വെച്ചും അവര്‍ പക്ഷികളെ വേട്ടയാടി. പിന്നെ സഞ്ചാരി പ്രാവില്ലാതെ ആഹാരമില്ലെന്നായി. ഇളം പക്ഷിക്കാണ് കൊഴുപ്പും സ്വാദും എന്ന് പ്രചരിച്ചതോടെ ആക്രമണം കൂടുകളിലേക്കായി. കൂടുകള്‍ അടിച്ചിടാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ മരങ്ങള്‍ തന്നെ വെട്ടിയിട്ടു. മുട്ട പൊട്ടിയും പറക്കമുറ്റാത്തവ ചതഞ്ഞരഞ്ഞും ഇവ കൂട്ടത്തോടെ ഇല്ലാതായി. തുടര്‍ന്ന് സഞ്ചാരി പ്രാവുകളെ വെടിവെക്കുന്ന മത്സരങ്ങളരങ്ങേറി. ഇതിന് പക്ഷികള്‍ പറന്നു വരുന്നതറിയിക്കാന്‍ ടെലഗ്രാഫ് സൗകര്യങ്ങള്‍ വരെ ഉപയോഗപ്പെടുത്തിയിരുന്നത്രെ. 15 ലക്ഷത്തോളം പ്രാവുകളെ ഒരൊറ്റ മത്സരത്തില്‍ വെടിവെച്ചു കൊന്നുവെന്നും പറയപ്പെടുന്നു. ഒരു മത്സരത്തില്‍ വിജയിയായ ആള്‍ കൊന്നൊടുക്കിയത് 30,000 പ്രാവുകളെയാണെന്നും സയന്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ദീകരിച്ച പഠനത്തില്‍ പറയുന്നു. 1880 ആകുമ്പോഴേക്കും അവയുടെ ചെറിയ കൂട്ടങ്ങള്‍ മാത്രം അവശേഷിച്ചു. 1902 ആകുമ്പോഴേക്കും വംശനാശം സംഭവിച്ചു. എണ്ണിയാലൊടുങ്ങാത്ത പക്ഷികളിലൊന്നിന്റെ അവസാന കണ്ണിയായിരുന്നു മാര്‍ത്ത. മനുഷ്യന്റെ ക്രൂരതയുടെ ജീവിക്കുന്ന ഇതിഹാസമായി സിന്‍സിനാറ്റി മൃഗശാലയില്‍ ജീവിച്ചിരുന്ന മാര്‍ത്ത എന്ന അവസാനത്തെ സഞ്ചാരി പ്രാവ് 1914-ല്‍ ലോകത്തോടു വിടപറഞ്ഞു

poaching elephant
ആഫ്രിക്കയിൽ വേട്ടയാടപ്പെട്ട് ചെരിഞ്ഞ ആന | AFP

വംശനാശം വലിയൊരു പ്രക്രിയ

മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളും ഒക്കെ ഉള്‍പ്പെട്ടതാണ് ജൈവവൈവിധ്യം. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് മുതല്‍ തന്നെ അതിന്റെ നാശവും തുടങ്ങി.ഇന്ന് നാം കാണുന്ന ഓരോ ജീവിയും നീണ്ടകാലത്തെ പരിണാമ പ്രക്രിയയുടെ ഫലമാണ്. ഓരോ ജീവി വര്‍ഗ്ഗത്തിലും ബാക്കി നില്‍ക്കുന്നവയുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും അവയ്ക്ക് നിലനില്‍ക്കാനുള്ള ശേഷി ഇല്ലാതാവുകയും വംശനാശത്തിലേക്ക് പോവുകയും ചെയ്യും. പ്രതിവര്‍ഷം ഏതാണ്ട് 30000 ജൈവജാതികള്‍.

Human Evolutionഓരോ മണിക്കൂറിലും മൂന്ന് ജീവികള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുണ്ട്. ഓരോവര്‍ഷവും 18000ത്തിനും 55000ത്തിനുമിടയില്‍ ജീവികള്‍ അപ്രത്യക്ഷമാവുന്നു.

ജൈവശാസ്ത്രജ്ഞര്‍ ഇതിനെ ആറാം വംശനാശം എന്ന് വിളിക്കുന്നു. 25100 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ പെര്‍മിയന്‍ ട്രയാസ്സിക് വംശനാശമാണ് ഏറ്റവും വലിയ വംശനാശമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ വംശനാശത്തില്‍ നിന്ന് കരകയറാന്‍ നട്ടെല്ലുള്ള ജീവികള്‍ക്ക് 30 ദശലക്ഷം വര്‍ഷം വേണ്ടിവന്നു. ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിന് കാരണമായ  ക്രിട്ടേഷ്യസ് പെര്‍മിയന്‍ ട്രയാസ്സിക് വംശനാശമാണ്  അവസാന കാലത്തുണ്ടായ വംശനാശം. അഞ്ച് വംശനാശം വരെയുള്ളതിന് കാരണം പ്രകൃതിയില്‍ സ്വാഭാവികമായുണ്ടായ മാറ്റങ്ങളായിരുന്നുവെങ്കില്‍ ആറാംവംശനാശത്തിന് പ്രധാന കാരണമാകുന്നത് മനുഷ്യ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ്. ആവാസവ്യവസ്ഥാ നാശവും അമിത ചൂഷണവും മലിനീകരണവും വിദേശ സ്പീഷിസുകളുടെ കടന്നു കയറ്റവുമൊക്കെയാണ് ഇന്നത്തെ പാരിസ്ഥിക സമ്മര്‍ദ്ദങ്ങളിലേക്കും സ്പീഷിസുകളുടെ നാശത്തിലേക്കുമൊക്കെ എത്തിക്കുന്നത്. 

മനുഷ്യ നിര്‍മ്മിത ഹോളോസീന്‍ വംശനാശം

asian rhino
വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ കണ്ടാമൃഗം |AFP

     ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹോളോസീന്‍ വംശനാശം മനുഷ്യന്റെ ആവിര്‍ഭാവത്തോടുകൂടി ഉണ്ടായതാണ്. ഈ വംശനാശത്തില്‍ ജനിതക വൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു.ആറാംവംശനാശത്തെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളായി തിരിക്കാം. ഏതാണ്ട് 100000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക മനുഷ്യന്‍ കൃഷിയിലേക്ക് തിരിഞ്ഞതു മുതല്‍ക്കാണ്.

പിന്നീടുള്ള കാലഘട്ടത്തില്‍ മനുഷ്യന്‍ ആധിപത്യമുറപ്പിച്ച ഇടങ്ങളിലെല്ലാം മറ്റു ജീവികള്‍ ഭൗമോപരിതലത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടുകൊണ്ടേയിരുന്നു. ശത്രുക്കളെ നേരിടാന്‍ വിവിധ ഉപായങ്ങള്‍ സ്വീകരിച്ചിരുന്ന മറ്റു ജീവികള്‍ക്ക് ബുദ്ധിയും ആയുധപ്രയോഗ ശേഷിയുമുള്ള മനുഷ്യനെതിരെ പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനും പുറമെ മനുഷ്യന്‍ മറ്റു ജീവികള്‍ക്ക് വിവിധ രോഗാണുക്കളെയും പകര്‍ന്ന് നല്‍കി. ഭൂമിയില്‍ മനുഷ്യര്‍ കുടിയേറി പാര്‍ത്ത ഇടങ്ങളിലെല്ലാം മറ്റു ജീവികള്‍ കുടിയറ്റു പോയതായി ഫോസില്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 10000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആറാം വംശനാശത്തിന്റെ രണ്ടാംഘട്ടം ഇപ്പോഴും തുടരുന്നതായി ഗവേഷണ പഠനങ്ങള്‍ പറയുന്നു. കോവിഡ്-19 എന്ന മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുകയാണെങ്കിലും മനുഷ്യനെ ബാധിക്കുന്ന രോഗമായതുകൊണ്ട് നേടിയ അറിവിന്റെ പിന്‍ബലത്തില്‍ രോഗപ്പകര്‍ച്ചയെ ഒരു പരിധിവരെ തടയാന്‍ കഴിയുന്നു. ഇത്തരം ഒരു രോഗാണു പരാഗകാരികളായ ഷട്ട്പദങ്ങളെയാണ് ആക്രമിച്ചതെങ്കില്‍ നമുക്ക് ചിന്തിക്കാന്‍  കഴിയുന്നതിനും അപ്പുറത്തേക്ക് ആയിരിക്കും കാര്യങ്ങളുടെ പോക്ക്. വംശനാശത്തിന്റെ ഇന്ത്യന്‍തോത് പരിണാമകാലഘട്ടത്തിലെ ശരാശരിയേക്കാള്‍ നൂറിരട്ടിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാറി വരുന്ന പാരിസ്ഥിക കാലാവസ്ഥാ മാറ്റവും ഇത്തരം വംശനാശ പരമ്പരകള്‍ക്ക് ആക്കം കൂട്ടാനാണ് സാദ്ധ്യത. ദിനോസറുകളുടെ വംശനാശത്തിന് ശേഷമുള്ള ഏറ്റവും മോശമായ വംശനാശ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ സംഘടനകളും വ്യക്തമാക്കുന്നു. മനുഷ്യന്‍ സ്വയം തിരികൊളുത്തിയ ആറാം വംശനാശത്തിന്റെ കാഴ്ച്ചക്കാരന്‍ മാത്രമല്ല ഇര കൂടിയാണ് മനുഷ്യര്‍. 

content highlights: Human cause extinction, How human's wiped out Dodo bird, passenger pigeons and Moa