ഗുരുതരമായ വംശനാശം നേരിടുന്ന പക്ഷിയെ സംരക്ഷിക്കാനുള്ള സമിതിയില്‍ വിദഗ്ധരില്ല. എന്തിനാണ് ഈ ഒന്നിനും കൊള്ളാത്ത സമിതി? അടിയന്തരമായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിന് അന്ത്യശാസനം നല്‍കി.

വലിയ മരുകൊക്കിനെ (Great Indian Bustard) സംരക്ഷിക്കാനാണ് സമിതി.  കര്‍ണാടകത്തില്‍ ഈ പക്ഷി വംശം അറ്റുപോകുന്ന നിലയിലാണ്. വിരലില്‍  എണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ അലക്ഷ്യമായ സമീപനത്തോടെയാണ് വനം വകുപ്പിന്റെ ഉപദേശക സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

Great Indian Bastard
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്‌| ഫോട്ടോ: കെ.ആര്‍. അനൂപ്

രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ മരുഭൂമിയിലാണ് കുറച്ചെങ്കിലും ഈ പക്ഷികളുള്ളത്. ഗുജറാത്തിലും ആന്ധ്രയിലും മധ്യപ്രദേശിലും നാമമാത്രമായ എണ്ണമുണ്ട്. കര്‍ണാടകത്തില്‍ നിലവിലുള്ളവയെ സംരക്ഷിക്കാനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

കോയമ്പത്തൂരിലെ സാലിം അലി സെന്ററിന്റെ തികച്ചും ശാസ്ത്രീയമായ ഉപദേശങ്ങളും മാര്‍ഗരേഖകളും പക്ഷി സംരക്ഷണത്തിനുണ്ട്. പക്ഷെ, കര്‍ണാടക സര്‍ക്കാര്‍ അത് പൂര്‍ണമായും അവഗണിച്ച നിലയിലാണ് കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഉപദേശകസമിതിയുടെ മിനിറ്റ്സ് വായിച്ചുകൊണ്ട് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതിനാല്‍ ഒന്നിനും കൊള്ളാത്ത സമിതി ഉടമ്പടി പുനഃസംഘടിപ്പിക്കണം.

Great Indian Bastard
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്‌ | ഫോട്ടോ: കെ.ആര്‍. അനൂപ്

പക്ഷിയുടെ പ്രധാനപ്പെട്ട വാസസ്ഥലങ്ങളില്‍ വനം വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പരിസ്ഥിതി തകിടം മറിച്ചുവെന്ന് കോടതി പറഞ്ഞു. അത് പക്ഷിയുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കും. പക്ഷിയെ സംരക്ഷിക്കാന്‍ വിദ്ഗധരില്ലാതെ എന്താണ് ചെയ്യുക? ഡോക്ടറെയും തഹസില്‍ദാരെയും മറ്റുമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

ആകെ എട്ട് പക്ഷികളെ ഇപ്പോള്‍ കര്‍ണാടകത്തിലെ ബല്ലാരിയില്‍ ഉള്ളൂ. പക്ഷി വംശനാശത്തെ നേരിട്ടു കഴിഞ്ഞു. രാജസ്ഥാനിലെ ജയ്സാല്‍മറില്‍ ഈ പക്ഷിയെ സംരക്ഷിക്കാന്‍ മലയാളിയായ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.ആര്‍. അനൂപ് സ്വീകരിച്ച നടപടികള്‍ പ്രശംസനീയമായിരുന്നു. കാര്യക്ഷമമായ പ്രവര്‍ത്തനം അദ്ദേഹം നടത്തിയിരുന്നു. രാജസ്ഥാന്‍ കേഡറിലുള്ള അനൂപ് ഇപ്പോള്‍ തേക്കടി കടുവ സങ്കേതത്തിന്റെ ഫീല്‍ഡ് ഡയറക്ടറാണ്.

Great Indian Bastrd
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ്‌| ഫോട്ടോ: കെ.ആര്‍. അനൂപ്

Content Highlights: Great Indian Bustard bird extincting, Karnataka High Court intervenes