ഭൂമുഖത്തെ ഏറ്റവും വലിയ തവളകള്‍ വലിയ അധ്വാനികളാണെന്ന് പഠനം. പുഴയോരങ്ങളില്‍ കല്ലൊക്കെ നീക്കിവെച്ച് ചെറുപൊയ്കകള്‍ നിര്‍മിച്ചാണ് അവ പ്രജനനം നടത്തുന്നതെന്ന് പുതിയ കണ്ടെത്തല്‍

ലോകത്തെ ഏറ്റവും വലിയ തവളയുടെ പേരാണ് 'ഗോലിയാത്ത് തവള'. ആഫ്രിക്കയില്‍ കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനി എന്നിവിടങ്ങളിലെ വന്യമേഖലകളില്‍ കാണപ്പെടുന്ന ഇവയ്ക്ക്, പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 34 സെന്റീമീറ്റര്‍ വരെ നീളവും മൂന്നേകാല്‍ കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ജി.എല്‍.ബാറ്റ്‌സ് ആണ് 1906-ല്‍ തെക്കന്‍ കാമറൂണ്‍ പ്രദേശത്തുനിന്ന് ഈ ഭീമന്‍ തവളവര്‍ഗ്ഗത്തെ കണ്ടെത്തി ശാസ്ത്രശ്രദ്ധയില്‍ എത്തിച്ചത്. 

വലുപ്പം മാത്രമല്ല, ഗോലിയാത്ത് തവളകള്‍ വലിയ അധ്വാനികളുമാണെന്ന് പുതിയൊരു പഠനം പറയുന്നു. അവയുടെ ശരീരഭാരത്തിന്റെ പകുതിയിലേറെ തൂക്കമുള്ള കല്ലുകള്‍ നീക്കിവെച്ച് ആറ്റുവക്കുകളില്‍ അവ സ്വന്തമായി പൊയ്കകള്‍ നിര്‍മിക്കുന്നതായാണ് കണ്ടെത്തല്‍! പ്രജനനം സുരക്ഷിതമാക്കാനും വാല്‍മാക്രികളെ സംരക്ഷിക്കാനുമാണ് 'ഗോലിയാത്തു'കള്‍ ഇതു ചെയ്യുന്നതെന്ന്, ഒരു ജര്‍മന്‍-കാമറൂണ്‍ ഗവേഷകസംഘം അടുത്തയിടെ 'ജേര്‍ണല്‍ ഓഫ് നാച്ചുറല്‍ ഹിസ്റ്ററി' (ഓഗസ്റ്റ് 8, 2019) യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗോലിയാത്ത് തവള (Goliath Frog - Conraua goliath) ലോകത്തെ മറ്റ് പല ഉഭയജീവികളെയും പോലെ, കടുത്ത വംശനാശഭീഷണി നേരിടുന്ന വര്‍ഗ്ഗമാണ്. ഒരര്‍ഥത്തില്‍ ശരീരവലുപ്പം തന്നെയാണ് ഗോലിയാത്തുകള്‍ക്ക് പാരയാകുന്നത്. കാരണം, മൂന്നു കിലോഗ്രാം വലിപ്പമുള്ള തവള, ഒരു വലിയ കോഴിയുടെയത്ര മാംസം നല്‍കും. അതിനാല്‍, പ്രദേശികവാസികള്‍ അവയെ കെണിവെച്ചും മറ്റും പിടിച്ച് തിന്നുന്നു. മനുഷ്യന്‍ മാത്രമല്ല, ചീങ്കണ്ണികളും പാമ്പുകളും ഗോലിയാത്തുകളെ ഭക്ഷണമാക്കാറുണ്ട്. ഒപ്പം, ഇവ കാണപ്പെടുന്ന വന്യമേഖലകളുടെയും കാടിന്റെയും വര്‍ധിച്ചു വരുന്ന നാശം കൂടിയാകുമ്പോള്‍ കഥ പൂര്‍ത്തിയാകുന്നു! 

Pond Building frogs
പ്രജനനത്തിനായി ഗോലിയാത്ത് തവള പുഴയോരത്ത് നിര്‍മിച്ച ചെറുപൊയ്ക. Pic Credit: Marvin Schafer.

വെറും ഒരു പതിറ്റാണ്ടിനിടെ, ഗോലിയാത്തുകളുടെ സംഖ്യയില്‍ 50 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്. ഇവയുടെ നാശം തടയാന്‍, സ്വാഭാവിക പരിസ്ഥിതിയില്‍ ഇവയുടെ വാല്‍മാക്രികള്‍ നശിക്കാതിരിക്കാന്‍ എന്തു വേണമെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകര്‍. അതിനിടെയാണ് ഗോലിയാത്തുകളുടെ കൂടുണ്ടാക്കല്‍ പ്രവര്‍ത്തനം കണ്ടെത്തിയത്! ജര്‍മനിയില്‍ ബെര്‍ലിന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകന്‍ മാര്‍ക്ക്-ഒലിവര്‍ റോഡെല്‍ (Mark-Oliver Rödel) നേതൃത്വം നല്‍കുന്ന സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

'തവളകളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ അറിയുന്നതാണ് ലോകത്തെ ഏറ്റവും വലിയ തവളയെക്കുറിച്ച്. പക്ഷേ, ഇത്രകാലവും അവ മുട്ടയിട്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കൂടുണ്ടാക്കുന്ന കാര്യം ശാസ്ത്രലോകം അറിഞ്ഞിട്ടില്ല! അത്ഭുതകരമായ കണ്ടെത്തലാണിത്'-ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍െ എണ്‍വിരോണ്‍മെന്റല്‍ സ്റ്റഡീസിലെ പ്രൊഫസറും പ്രശസ്ത ഉഭയജീവി ഗവേഷകനുമായ സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) 'മാതൃഭൂമി'യോട് പറഞ്ഞു. പശ്ചിമഘട്ടത്തില്‍ വയനാട്ടില്‍ നിന്നും, കര്‍ണാടകത്തിലെ കൂര്‍ഗ് മേഖലയിലും ചില തവളയിനങ്ങള്‍ മരത്തിന് മുകളില്‍ ഇലകള്‍ കൊണ്ട് കൂടുണ്ടാക്കി പ്രജനനം നടത്തുന്ന കാര്യം പഠിച്ചിട്ടുള്ള ഗവേഷകനാണ് ഡോ.ബിജു. വേറെയും തവളയിനങ്ങള്‍ കൂടുണ്ടാക്കുന്ന കാര്യം ഡോ.ബിജുവും സംഘവും കണ്ടെത്തിയിട്ടുണ്ട്.

Pond Building frogs
ആറ്റിറമ്പില്‍ ഗോലിയാത്ത് രൂപപ്പെടുത്തിയ മറ്റൊരു പൊയ്ക. Pic Credit: Marvin Schafer.

കൂടുണ്ടാക്കുന്ന തവളകള്‍ പുതുമയല്ലെങ്കിലും, ലോകത്തെ ഏറ്റവും വലിയ തവള പുഴയോരങ്ങളില്‍ ചെറുപൊയ്കകളുടെ രൂപത്തില്‍ കൂടുണ്ടാക്കുന്നു എന്നത് പുതിയ അറിവാണ്. 'ഭൂമിയിലെ ചില ഗംഭീരജീവികളെക്കുറിച്ച് നമുക്ക് എത്ര കുറച്ചു മാത്രമേ അറിയാവൂ എന്നാണ്' ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് റോഡെല്‍ പറഞ്ഞു. ഇപ്പോഴത്തെ കണ്ടെത്തലും തുടര്‍പഠനങ്ങളും, ഗോലിയാത്ത് തവളകളുടെ നിലനില്‍പ്പിനെ സഹായിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

പടിഞ്ഞാറന്‍ കാമറൂണിലെ ലിറ്റോറല്‍ ജില്ലയിലാണ് പെന്‍ജ പട്ടണം. ആ പട്ടണത്തിന് സമീപം എംപൗല പുഴ (Mpoula River) യുടെ ഓരങ്ങളില്‍ 2018 ഫെബ്രുവരി മുതല്‍ മെയ് മാസം വരെ, തദ്ദേശവാസികളുടെ സഹായത്തോടെ റോഡലിന്റെ സംഘം തിരച്ചില്‍ നടത്തി. ആ തിരച്ചിലിനിടെയാണ്, ഗോലിയാത്ത് തവളകള്‍ വലിയ അധ്വാനികളാണെന്ന് കണ്ടെത്തിയത്. ശത്രുജീവികളില്‍ നിന്ന് മുട്ടകളെയും വാല്‍മാക്രികളെയും രക്ഷിക്കാന്‍ വേണ്ടി ആറ്റിറമ്പുകളില്‍ അവ ചെറുപൊയ്കകള്‍ നിര്‍മിക്കുന്നു. 

രണ്ടുകിലോഗ്രാം വരെ ഭാരമുള്ള കല്ലുകള്‍ നീക്കിവെച്ച് പൊയ്കകള്‍ നിര്‍മിക്കുക കഠിനമായ പണിയാണ്. ഗോലിയാത്ത് തവളകള്‍ ഇത്ര വലുപ്പമുള്ളവയായി പരിണമിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഈ കൂടുവെയ്ക്കല്‍ പ്രവര്‍ത്തനം വിശദീകരണം നല്‍കുന്നതായി ഗവേഷകര്‍ കരുതുന്നു. 

Mpoula River
പടിഞ്ഞാറന്‍ കാമറൂണില്‍ ഗോലിയാത്തുകളുടെ ആവാസമേഖലയില്‍ പെട്ട എംപൗല പുഴ. Pic Credit: Marvin Schafer.

'വലിയ ശരീരവലുപ്പമുണ്ടെന്നു മാത്രമല്ല, ഉത്തരവാദിത്വമുള്ള രക്ഷിതാക്കളുമാണ് ഗോലിയാത്ത് തവളകള്‍'-പഠനസംഘത്തിലെ അംഗവും ബെര്‍ലിന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനുമായ മാര്‍വിന്‍ ഷേഫര്‍ (Marvin Schäfer) പറയുന്നു. എംപൗല പുഴയില്‍ തിരച്ചില്‍ നടത്തിയ പ്രദേശത്ത്, ഗോലിയാത്തുകളുണ്ടാക്കിയ 22 പ്രജനനകേന്ദ്രങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഒരു മീറ്ററിലേറെ വിസ്താരവും പത്തു സെന്റീമീറ്ററോളം ആഴവുമുള്ള ആ ചെറുപൊയ്കകളില്‍ 14 എണ്ണത്തില്‍ ഏതാണ്ട് 3000 തവളമുട്ട വീതം ഉണ്ടായിരുന്നു. 

ഗോലിയാത്തുകള്‍ മൂന്നിനം പൊയ്കകള്‍ നിര്‍മിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. പുഴയോരത്ത് സ്വാഭാവികമായി കാണപ്പെടുന്ന കല്‍പ്പൊയ്കകള്‍ കൂടാക്കി മാറ്റുന്നതാണ് ഒന്ന്. അതിലെ ചപ്പുചവറുകളും മറ്റും നീക്കംചെയ്താണ് പ്രജനനകേന്ദ്രങ്ങളാക്കുന്നത്. പുഴവക്കിലെ ആഴംകുറഞ്ഞ സ്വാഭാവിക പൊയ്കകളുടെ മധ്യേ നിന്ന് ചപ്പും ചവറും ചരലും നീക്കി അതിരുകള്‍ ബലപ്പെടുത്തി കൂട് സജ്ജമാക്കുകയോ വലുതാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. മൂന്നാമത്തേത്, പുഴയോരത്തെ നിരന്ന സ്ഥലം തോണ്ടി ചരലും പാറക്കല്ലുകളും നീക്കംചെയ്തുണ്ടാക്കുന്ന ചെറിയ ചളുക്കുകള്‍ (depressions) കൂടാക്കി മാറ്റുന്നതാണ്. മൂന്നാമത്തെ ഇനം പൊയ്കകളാണ് മികച്ച കൂടുകളായി മാറുന്നത്. മൂന്നുതരം കൂടുകളിലും വാല്‍മാക്രികള്‍ സംരക്ഷിക്കപ്പെടുന്നത് ഗവേഷകര്‍ കണ്ടു.

Goliath frogs
വാല്‍മാക്രി ഘട്ടം കഴിഞ്ഞ ഗോലിയാത്ത് തവളക്കുഞ്ഞ്. Pic Credit: Marvin Schafer. 

പൊയ്കകളിലെ വാല്‍മാക്രികളുടെ പ്രായം കണക്കാക്കി നോക്കിയപ്പോള്‍, ആ കൂടുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നു എന്ന സൂചനയാണ് ലഭിച്ചത്. ഇന്‍ഫ്രാറെഡ് സങ്കേതം ഉപയോഗിച്ച് ചില പൊയ്കകളില്‍ നടക്കുന്ന സംഗതികള്‍ ഗവേഷകര്‍ റിക്കോര്‍ഡ് ചെയ്യുകയുണ്ടായി. കൂടുകളെയും വാല്‍മാക്രികളെയും സംരക്ഷിക്കാന്‍ ഗോലിയാത്തുകള്‍ ജാഗരൂഗരാണെന്ന കാര്യം വ്യക്തമായി. അവയുടെ കൂടുണ്ടാക്കലിന്റെ മുഴുവന്‍ രഹസ്യങ്ങളും അനാവരണം ചെയ്യാന്‍ ഗവേഷകര്‍ക്കായിട്ടില്ല. അതിന് കൂടുതല്‍ പഠനം വേണ്ടി വരും. 

ഒരു നൂറ്റാണ്ടിന് മുമ്പ് ശാസ്ത്രലോകം തിരിച്ചറിയുകയും, ലോകമെങ്ങും പ്രശസ്തി നേടുകയും ചെയ്ത ലോകത്തെ ഏറ്റവും വലിയ തവള, പ്രജനനത്തിന് കൂടുണ്ടാക്കുന്ന കാര്യം ഇപ്പോഴാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. പ്രകൃതിയില്‍ ഇനിയും കണ്ടെത്താന്‍ എന്തൊക്കെയുണ്ടാകും എന്ന് അത്ഭുതപ്പെടാനേ നമുക്കു കഴിയൂ. അവിടെയാണ് വന്യതയും കാടുകളും സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം. ആമസോണ്‍ കാട് കത്തുന്നു എന്നറിയുമ്പോള്‍, ജീവലോകത്ത് മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത എന്തൊക്കെ രഹസ്യങ്ങളാകും കാട്ടുതീ വിഴുങ്ങുന്നതെന്ന ഉത്ക്കണ്ഠ ഉയരുന്നത് അതുകൊണ്ടാണ്! 

അവലംബം -

* Goliath frogs build nests for spawning - the reason for their gigantism? By Marvin Schafer, et.al. Journal of Natural History, Volume 53, 2019 - Issue 21-22. Aug 8, 2019. 
* World's largest frog moves heavy rocks to build nests, study finds. By Mongabay.com, Aug 13, 2019. 
* A novel nesting behaviour of a treefrog, Rhacophorus lateralis in the Western Ghats, India. By S.D.Biju. CURRENT SCIENCE, VOL. 97, NO. 3, 10 AUGUST 2009. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Goliath frogs, Pond Building frogs, Natural History, World's Biggest Frog