പനജി: പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന വ്യവസായ പദ്ധതികള്‍ക്കെതിരെ പോരാടി ഗോവയിലെ ഒരു പ്രദേശം. വനമേഖലകളാല്‍ സമ്പന്നമായ മോളം എന്ന ഗ്രാമമാണ് കടുത്ത പരിസ്ഥിതി നാശത്തിന്റെ വക്കിലുള്ളത്. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ഈ മേഖലയിലെ അപൂര്‍വമായ വനസമ്പത്ത് നശിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങള്‍.

ഗോവയുടെ കിഴക്കേ അറ്റത്താണ് മോളം, കോളം എന്നീ ഗ്രാമങ്ങളുള്ളത്. ഈ പ്രദേശത്തിന്റെ വലിയൊരു ഭാഗവും വനമേഖലയാണ്. നിരവധി അരുവികളും ചതുപ്പ് പ്രദേശങ്ങളും പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ള ഈ മേഖലയിലുണ്ട്. ഭഗവാന്‍ മഹാവീര്‍ വൈല്‍ഡ്‌ലൈഫ് സാങ്ച്വറി ആന്‍ഡ് മോളം നാഷണല്‍ പാര്‍ക്ക് ഇവിടെയാണുള്ളത്. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് മോളത്തെ വനമേഖലയുടെ ഒരു ഭാഗം. 

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പദ്ധതികളാണ് ഈ പ്രദേശത്ത് വരുന്നത്. ഇവയ്ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ അനുമതിയും ലോക്ഡൗണ്‍ കാലത്ത് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 400 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി സംഗോദിലെ ഒരു സ്വകാര്യ വനം പൂര്‍ണമായും വെട്ടിനശിപ്പിച്ചുകഴിഞ്ഞു. 

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മോളത്തെ സംരക്ഷിത വനമേഖലയിലുള്ള ഇരുപതിനായിരത്തിലധികം മരങ്ങള്‍ വെട്ടിനീക്കുമെന്നാണ് കണക്കാക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് പുറത്തുള്ള വനമേഖല കൂടി ഉള്‍പ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന മരങ്ങള്‍ ഇതിന്റെ ഇരട്ടിവരും. കടുവകളും കാട്ടുപോത്തുകളും അടക്കമുള്ള വലിയ ജീവിവൈവിധ്യങ്ങളുടെ ആവാസസ്ഥാനം കൂടിയാണ് ഇവിടമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യമല്ലാത്ത നടപകള്‍ക്കെതിരെ വലിയ വിമര്‍ശവും ഉയരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്കായി അനുമതി നല്‍കിയിരിക്കുന്നത് ഒരുതരത്തിലുള്ള കൂടിയാലോചനകളും ഇല്ലാതെയാണ്. കോവിഡ് ചൂണ്ടിക്കാട്ടി ഗ്രാമസഭസഭകള്‍ പോലും ചേരാതെയായിരുന്നു ഇതെന്നും ജനങ്ങള്‍ പറയുന്നു.

പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള സർക്കാർ പദ്ധതിക്കെതിരെ ജനങ്ങള്‍ നിവേദനങ്ങളും പാരാതികളും വളരെയധികം നല്‍കിക്കഴിഞ്ഞു. സോഷ്യല്‍  മീഡിയയിലടക്കം പ്രതിഷേധ കാമ്പയിനുകളും സജീവമാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുതന്നെ പോകാനൊരുങ്ങുകയാണ് അധികൃതർ.

Content Highlights: Goa destroys green cover to enable infrastructure projects