ലീമ: വീട്ടിലൊരു അരുമയെ വാങ്ങാനെത്തിയ മരിബെല്‍ സോറ്റെലോയ്ക്കും കുടുംബത്തിനും കടക്കാര്‍ സൈബീരിയന്‍ ഹസ്‌കിയെന്ന വ്യാജേന നല്‍കിയത് എട്ടു മാസം പ്രായമായ കുറുക്കനെ. പെറുവിന്റെ തലസ്ഥാനമായ ലീമയിലെ പെറ്റ് ഷോപ്പിലാണ് കുടുംബം തട്ടിപ്പിനിരയായത്. സൈബീരിയന്‍ ഹസ്‌കിയുടെ കുട്ടിയെന്ന വ്യാജേനയാണ് കടക്കാര്‍ കുറുക്കന്‍ കുഞ്ഞിനെ കുടുംബത്തിന് പരിചയപ്പെടുത്തിയതും വിറ്റതും. സൈബീരിയന്‍ ഹസ്‌കിയെന്ന് വിശ്വസിച്ച് മരിബെല്ലും കുടംബവും ഏകദേശം 1,000 രൂപയ്ക്ക് (13 ഡോളര്‍) മുടക്കിയാണ്‌ കുറുക്കനെ വാങ്ങിയത്. 

Read Moreചതിയനും സൂത്രശാലിയുമാണെന്ന് കഥ; കുറുക്കന്‍ പക്ഷെ സാധുവാണ്, ഉറക്കെ ഓരി ഇടില്ല, ഏകപത്‌നീ വ്രതക്കാരും

വാങ്ങിയപ്പോള്‍ പട്ടികുഞ്ഞുങ്ങളുടേതിന് സമാനമായ എല്ലാ സ്വഭാവസവിശേഷതകളും അവനിലുണ്ടായിരുന്നു. 'റണ്‍ റണ്‍' എന്ന പേര് വീണ അവന് വളരുന്തോറും  മാറ്റങ്ങളുണ്ടായി. വളര്‍ന്നപ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള കോഴികളെയും താറാവുകളെയും മറ്റും 'റണ്‍ റണ്‍' കൊന്നു തിന്നാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് സമീപപ്രദേശങ്ങളിലുള്ളവരുടെ പരാതികളുടെ പ്രളയമായിരുന്നു. പതിയെ അവന് രൂപത്തിലും മാറ്റങ്ങളുണ്ടായി. പിന്നാലെ മെലിഞ്ഞ കാലുകളും, കൂര്‍ത്ത തലയും, സൂക്ഷ്മമായ ചെവികളും മറ്റുമുള്ള 'ആന്‍ഡിയന്‍ ഫോക്‌സ്‌' ആണ് അതെന്ന് മരിബെല്‍ തിരിച്ചറിയുകയായിരുന്നു.

പരാതികളുടെ കെട്ടിന് പിന്നാലെ നഷ്ടപരിഹാരം നല്‍കേണ്ട ചുമതലയും മരിബെല്ലിലെത്തി ചേര്‍ന്നു. സമീപത്തുള്ള സ്ത്രീയുടെ മൂന്ന് ഗിനി പന്നികളെ കൊന്നതിനെ തുടര്‍ന്ന് അവരടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരത്തിന്  നല്ലൊരു തുക മരിബെല്ലിന് ചെലവായി. 'റണ്‍ റണ്‍' എന്ന അവന്‍ പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ കഴിഞ്ഞ മേയില്‍ വീട് വിട്ടു. അതേസമയം ചെറുപ്പത്തില്‍ അവന്‍ പട്ടിക്കുള്ള ആഹാരങ്ങള്‍ തിന്നുകയും അവയെ പോലെ കുരയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന് മരിബെല്‍ പറഞ്ഞു. 

ആറു മാസത്തിനു ശേഷം പെറുവിലെ സെര്‍ഫോര്‍ വൈള്‍ഡ് ലൈഫ് സര്‍വ്വീസസ് റണ്‍ റണ്ണിനെ കണ്ടെത്തി. മൃഗഡോക്ടര്‍മാരുടെ പരിശോധനയ്ക്കായി  പാര്‍ക്യു ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലേക്ക് അയ്ച്ചിരിക്കുകയാണ് റണ്‍ റണ്ണിനെ ഇപ്പോള്‍. വന്യമൃഗങ്ങളെ ആമസോണ്‍ പ്രദേശങ്ങളില്‍ നിന്നു കടത്തി അനധികൃതമായി ലീമയില്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പെറുവിലെ നാഷണല്‍ ഫോറസ്റ്റ്  ആന്‍ഡ് വൈള്‍ഡ് ലൈഫ് സര്‍വ്വീസ് (സെര്‍ഫോര്‍) പ്രതികരിച്ചു. ഈ വര്‍ഷം മാത്രം വന്യമൃഗങ്ങളെ അനധികൃതമായി കടത്തി വില്‍പന നടത്തിയ 125 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് സെര്‍ഫോര്‍ പറഞ്ഞു. ഈ മൃഗങ്ങളെയെല്ലാം കണ്ടു കെട്ടിയിട്ടുണ്ട്. പെറുവില്‍ വന്യമൃഗങ്ങളുടെ അനധികൃത കടത്തല്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.

Content Highlights: family in peru gets 'Andean Fox' instead of 'Siberian husky'