ഈ വര്‍ഷം മാര്‍ച്ച്  23-നു  പുറത്തിറക്കിയിരിക്കുന്ന പരിസ്ഥിതി ആഘാതപഠനം (ഇഐഎ-2020) കരട് വിജ്ഞാപനത്തെ വിലയിരുത്തുകയാണ് ലേഖനം. നിലവിലുള്ള നിയമങ്ങളുടെയും മുന്‍ വിജ്ഞാപനങ്ങളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു.

പാരിസ്ഥിതികാഘാത പഠനം, പാരിസ്ഥിതികാനുമതി തുടങ്ങിയ കാര്യങ്ങളില്‍ പുതിയ വിജ്ഞാപനം കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പുതിയ വിജ്ഞാപന പ്രകാരം പരിസ്ഥിതി ഇനി പൊതു താല്പര്യ വിഷയമല്ലാതാകുകയും പാരിസ്ഥിതികമായ ജാഗ്രത അവഗണിക്കപ്പെടുകയും ചെയ്യും. കോര്‍പറേറ്റ് താല്‍പര്യങ്ങളും വലിയ തോതിലുള്ള അഴിമതി താല്‍പര്യങ്ങളുമാണ് ഇതിനു പിന്നില്‍. കോടതിവിധികളും മുന്‍ വിജ്ഞാപനങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണ്. കോവിഡ് ഭീതിയില്‍ നാടാകെ നില്‍ക്കുമ്പോള്‍, തഞ്ചത്തില്‍ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ രണ്ടാം ഭാഗം.

നിലവില്‍ ഓഗസ്റ്റ് 11-വരെയാണ് പുതിയ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സമയം. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ moeffc@gov.in എന്ന ഇമെയിലിലേക്കാണ് അഭിപ്രായങ്ങളയക്കേണ്ടത്.

 

ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാം

അനുവദിച്ച പദ്ധതികള്‍

ഒരു പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചാല്‍ അനുമതി വ്യവസ്ഥകള്‍ ലംഘിക്കുന്നുവോ എന്ന പരിശോധനാ റിപ്പോര്‍ട്ട്‌ നല്‍കേണ്ടത് ആറു മാസത്തില്‍ ഒരിക്കല്‍ എന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാക്കി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അനുമതി റദ്ദാക്കിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കുന്നു. പദ്ധതികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും (എ, ബി) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫിസ് എന്നത് മാറ്റി അത്  എ വിഭാഗത്തിന് മാത്രമാക്കി. ബി വിഭാഗം പദ്ധതികള്‍  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയാക്കി. ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചതിന്റെ രേഖകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ഇത് ഒരു വര്‍ഷം (ആറു മാസം വീതമുള്ള രണ്ടെണ്ണം) നല്‍കാതിരിക്കുന്ന സ്ഥാപനത്തിനുള്ള അനുമതി റദ്ദാക്കണമെന്ന വ്യവസ്ഥ റദ്ദാക്കുന്നു. പാരിസിഥിതികാനുമതിയിലെ വ്യവസ്ഥകള്‍ കമ്പനികള്‍ മുന്‍വശത്തെ ഗേറ്റിനു അടുത്ത് പ്രദര്‍ശിപ്പിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കുന്നു. 

പൊതു തെളിവെടുപ്പ് സമയത്തു ഏതെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിച്ച ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിഒക്കു പാരിസ്ഥിതികാനുമതിയുടെ രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. അതുപോലെ അനുമതിയുടെ ഒരു കോപ്പി സ്ഥലത്തെ ഭൂഗര്‍ഭജലവകുപ്പിനു നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നു.  

വിധികളുടെ ലംഘനം

നിരവധി സുപ്രീം കോടതി/ദേശീയ ഹരിത ട്രിബ്യുണല്‍  വിധികളുടെ നഗ്നമായ ലംഘനമാണ് ഈ വിജ്ഞാപനം-

1 . കോമണ്‍ കോസ് കേസ് 2017-ഈ കേസില്‍ നിയമം ലംഘിച്ചു ഖനനം നടത്തിയവരില്‍ നിന്നും അവരെടുത്ത ധാതുക്കളുടെ വില പൂര്‍ണ്ണമായും ഈടാക്കാന്‍ കോടതി വിധിച്ചു.  ഇക്കാര്യം ഈ വിജ്ഞാപനം പരിഗണിക്കുന്നതേയില്ല.  
2. ഗോവ ഫൌണ്ടേഷന്‍ കേസ്സ് 2006  വന്യമൃഗ സങ്കേതങ്ങളുടെ പത്തു കിമി പരിധിയില്‍ വരുന്ന എല്ലാ പദ്ധതികള്‍ക്കും വനം വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന വിധി ഇവിടെ പരിഗണിക്കുന്നതേയില്ല. 
3. സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റ്‌ കേസ് 

കരുതല്‍ തത്വം എന്ന അടിസ്ഥാനതത്വത്തിന്റെ ലംഘനം അനുവദിക്കാന്‍ കഴിയില്ലെന്ന് 2017 ലെ ഈ വിധിയില്‍ ദേശീയ ഹരിത ട്രിബ്യുണല്‍ പറഞ്ഞിട്ടുണ്ട്. 20000 ച. മീറ്ററിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള  കെട്ടിടങ്ങള്‍ക്കു പാരിസ്ഥിതികാഘാത പഠനവും പൊതുതെളിവെടുപ്പും ആവശ്യമാണ്. അതില്ലാതെ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണ്. 2018 മാര്‍ച്ച് 23 ലെ വിധിയില്‍ സുപ്രീം കോടതി ഇത് ശരി വച്ചിട്ടുമുണ്ട്. ഇതും വിജ്ഞാപനം കണക്കിലെടുക്കുന്നില്ല. 

ഇളവുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാം? 

ഉദാഹരണത്തിന് അഞ്ചേക്കറില്‍ താഴെയുള്ള ഖനനങ്ങള്‍ക്കും ഒന്നരലക്ഷം ച.മി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്കും പഠനമില്ലാതെ അനുമതി എന്ന നിര്‍ദ്ദേശം തന്നെ എടുക്കുക. 1986 ലെ നിയമം മൂന്നാം ഖണ്ഡിക അനുസരിച്ചു ഒരു പദ്ധതിക്ക് നല്‍കുന്ന അനുമതിയും ഒറ്റ വാക്കിലുള്ളതല്ല. ഒട്ടേറെ വ്യവസ്ഥകളോട് കൂടിയതാണത്. ഒരേ തരത്തിലുള്ള പദ്ധതി വ്യത്യസ്ത സ്ഥലങ്ങളില്‍ ആകുമ്പോള്‍ അതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. (നമ്മുടെ ശരീരത്തില്‍ ഒരേ ശക്തിയിലുള്ള അടികള്‍ രണ്ട് ഭാഗത്തു കിട്ടുമ്പോള്‍-ഉദാ. കാലിലും മുഖത്തും- ഉണ്ടാകുന്ന ആഘാതം വ്യത്യസ്തമായിരിക്കുമല്ലോ.) ഓരോ സ്ഥലത്തിനും വ്യത്യസ്ത വ്യവസ്ഥകളോടെയാകും അംഗീകാരം നല്‍കുക. 

ഖനനം  നടത്തുമ്പോള്‍ ഭൂമിയില്‍ തിരുത്താനാവാത്ത മാറ്റങ്ങള്‍ ഉണ്ടാകുന്നു. അതുപോലെ കെട്ടിടം നിര്‍മ്മിക്കുമ്പോഴും പരിസ്ഥിതി  മലിനമാക്കുന്നു, ശോഷിക്കുന്നു. മുന്‍കാലങ്ങളില്‍ ഇവ നടത്തുന്നവരുടെ ലാഭം മാത്രം നോക്കിയാണ് പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. സമീപവാസികള്‍ക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒരിക്കലും പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടാണ് പലപ്പോഴും കോടതികള്‍ ഇടപെടുകയും അതിനു നിയന്ത്രണങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തത്. ഇത്തരം പദ്ധതികള്‍ തുടങ്ങുന്നതിനുമുമ്പ് അവയുണ്ടാക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ പഠിച്ചു വിദഗ്ധസമിതിക്കു മുന്നില്‍ വക്കണം. ആവശ്യമെങ്കില്‍ സമിതി സ്ഥലം നേരില്‍ കണ്ട് ആവശ്യമായ നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കുന്നതാണ് നിലവിലുള്ള നിയമം. പാരിസ്ഥിതിക സന്തുലനം പരമാവധി നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ വിജ്ഞാപനം ഇവയുടെ മുന്‍കൂര്‍ പരിശോധനയും അനുമതിയും റദ്ദാക്കുന്നു. ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ ഖനനമോ  നിര്‍മ്മാണമോ നടത്താന്‍ കഴിയും. അപേക്ഷ ലഭിച്ചാല്‍ 15 ദിവസങ്ങള്‍ക്കകം അനുമതി നല്‍കണമെന്ന വ്യവസ്ഥ കൂടി വരുന്നതോടെ ഒരു തരം പരിശോധനയും സാധ്യമല്ലാതെ വരുന്നു. വലിയ തോതിലുള്ള പാരിസ്ഥിതിക തകര്‍ച്ചയുടെ ഇക്കാലത്തു   കൂടുതല്‍ ശക്തമായ നിയന്ത്രങ്ങളാണ് വേണ്ടത്. 

മുന്‍കൂര്‍ പാരിസ്ഥിതികാനുമതി

മുന്‍കൂര്‍ പാരിസ്ഥിതികാനുമതി  എന്നത് തന്നെ മുന്‍കരുതല്‍ തത്വം എന്ന അടിസ്ഥാന പ്രമാണത്തിന്റെ ഭാഗമാണ്. പാരിസ്ഥിതികനീതിയുടെ ആണിക്കല്ലാണിത്. ഒരു പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു  കഴിഞ്ഞാല്‍ അതിന്റെ പാരിസ്ഥിതികാഘാതം വിലയിരുത്തുക എളുപ്പമല്ല. അതുകൊണ്ട് തന്നെ പദ്ധതി ആരംഭിച്ച ശേഷമുള്ള അനുമതി എന്നത് തീര്‍ത്തും തെറ്റാണെന്നു 2017 ലെയും 2020 ലെയും വിധികളിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ആസൂത്രണ ഘട്ടത്തില്‍ തന്നെ പദ്ധതി മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അറിയുകയും അവ ഒഴിവാക്കാനോ പരമാവധി കുറക്കാനോ വേണ്ട നടപടികള്‍ എടുക്കുക എന്നതാണ് കരുതല്‍ തത്വം.  ഇത്തരം പല നാശങ്ങളും പരിഹരിക്കാന്‍ കഴിയാത്തവയാണ് എന്നതിനാലാണ് മുന്‍കൂര്‍ അനുമതി എന്ന തത്വം സുപ്രീം കോടതി നിരവധി കേസുകളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതു. പദ്ധതി ആരംഭിച്ച ശേഷം അനുമതി എന്നത് ഒരിടത്തും പാരിസ്ഥിതിക നിയമത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. പിന്നെയത്  സാധൂകരിക്കുക എന്നത് ഈ തത്വങ്ങളുടെ ലംഘനമാണ്.  ഇത് പൂര്‍ണ്ണമായും ലംഘിക്കപ്പെടുകയാണ് ഈ വിജ്ഞാപനത്തില്‍.  

അഞ്ചേക്കറില്‍ താഴയുള്ള ഖനനത്തിന് പാരിസ്ഥിതികപഠനവും അനുമതിയും വേണ്ട എന്ന വിജ്ഞാപനത്തില്‍ ഭേദഗതി 27.02.2012 ല്‍ സുപ്രീം കോടതിയുടെ ദീപക് കുമാര്‍ കേസിലെ വിധിയുടെ ലംഘനമാണ്. ഇതുസംബന്ധിച്ചു 15.01.2016നു വനം പരിസ്ഥിതി വകുപ്പ് തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.  2016 ലെ സി എ ജി റിപ്പോര്‍ട് (നമ്പര്‍ 39)  പാരിസ്ഥിതിക നിയമങ്ങള്‍ ശക്തമാക്കണമെന്നു ആവശ്യപ്പെട്ടതാണ്. അതും ഈ വിജ്ഞാപനത്തില്‍ പരിഗണിച്ചിട്ടില്ല.   

ഇത്തരം ഗൗരവതരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിലല്ല എന്ന് വ്യക്തമാണ്. അങ്ങനെ ആയിരുന്നെങ്കില്‍ സുപ്രീം കോടതിയുടെയും മറ്റും വിധികളോ  മന്ത്രാലയത്തിന്റെ തന്നെ മുന്‍കാല വിജ്ഞാപനങ്ങളോ അവഗണിക്കപ്പെടില്ലായിരുന്നു.

ഇവിടെ താലപര്യങ്ങള്‍ വ്യക്തമാണ്. മൂലധനമുടമകളുടെ താല്‍പര്യങ്ങളും വലിയ തോതിലുള്ള അഴിമതി താല്‍പര്യങ്ങളുമാണ് ഇത്തരത്തില്‍ അപകടകരമായ  ഒരു നടപടിക്കു കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതിന് പിന്നില്‍. ഈ നീക്കങ്ങളില്‍ നിന്നും അവരെ തടയേണ്ടത് വരാനിരിക്കുന്ന മുഴുവന്‍ തലമുറയുടെയും അനിവാര്യതയാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളോ ജനപ്രതിനിധികളോ ഒരു അഭിപ്രായപ്രകടനങ്ങളും നടത്തുന്നല്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ജനപക്ഷത്തുനിന്ന്, പ്രത്യേകിച്ച് യുവാക്കളുടെ പക്ഷത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണം. നമ്മുടെ എംപിമാരും എംഎല്‍എമാരും ഇക്കാര്യത്തില്‍ നിലപാട് പറയണം. അതിനവരെ നിര്‍ബന്ധിക്കണം. ലോകത്തിനാകെ മാതൃകയെന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ ഇനിയും മൗനം വെടിയണം. കോപ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെടണം. 

വാല്‍ക്കഷ്ണം: ഈ വിജ്ഞാപനത്തിനെതിരെ പരിസ്ഥിതി മന്ത്രിക്കു പരാതികള്‍ അയക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ദില്ലിയിലെ ഫ്രെണ്ട്‌സ് ഫോര്‍  ഫ്യുച്ചര്‍  എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ അനുസരിച്ചു കേസ് എടുത്തിരിക്കുന്നു. ഈ വിഷയത്തില്‍ അവര്‍ നിരന്തരമായി പ്രചാരണം നടത്തുന്നു. അത് പൊതു പ്രവര്‍ത്തനമാണ്, ഭരണഘടനാവകാശമാണ്. പക്ഷെ അവരെ ഭീകരവാദികള്‍ ആക്കുന്നു.

Content Highlights: Environment Impact Assessment (EIA) notification 2020