• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Environment
More
  • News
  • Video
  • Feature
  • Climate
  • Biodiversity
  • Gallery
  • Green Warriors
  • Mbiseed.com
  • Clean Earth

പരിസ്ഥിതി വിജ്ഞാപനം 2020: സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്പര്യം?| സി.ആര്‍.നീലകണ്ഠന്‍ എഴുതുന്നു

C. R. Neelakandan
Aug 8, 2020, 02:38 PM IST
A A A
# സി.ആര്‍.നീലകണ്ഠന്‍
Athirappilly
X

Photo: Mathrubhumi Archives

ഈ വര്‍ഷം മാര്‍ച്ച്  23-നു  പുറത്തിറക്കിയിരിക്കുന്ന പരിസ്ഥിതി ആഘാതപഠനം (ഇഐഎ-2020) കരട് വിജ്ഞാപനത്തെ വിലയിരുത്തുകയാണ് ലേഖനം. നിലവിലുള്ള നിയമങ്ങളുടെയും മുന്‍ വിജ്ഞാപനങ്ങളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു.

പാരിസ്ഥിതികാഘാത പഠനം, പാരിസ്ഥിതികാനുമതി തുടങ്ങിയ കാര്യങ്ങളില്‍ പുതിയ വിജ്ഞാപനം കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പുതിയ വിജ്ഞാപന പ്രകാരം പരിസ്ഥിതി ഇനി പൊതു താല്പര്യ വിഷയമല്ലാതാകുകയും പാരിസ്ഥിതികമായ ജാഗ്രത അവഗണിക്കപ്പെടുകയും ചെയ്യും. കോര്‍പറേറ്റ് താല്‍പര്യങ്ങളും വലിയ തോതിലുള്ള അഴിമതി താല്‍പര്യങ്ങളുമാണ് ഇതിനു പിന്നില്‍. കോടതിവിധികളും മുന്‍ വിജ്ഞാപനങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണ്. കോവിഡ് ഭീതിയില്‍ നാടാകെ നില്‍ക്കുമ്പോള്‍, തഞ്ചത്തില്‍ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ ആദ്യഭാഗം.

നിലവില്‍ ഓഗസ്റ്റ് 11-വരെയാണ് പുതിയ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സമയം. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ eia2020-moefcc@gov.in എന്ന ഇമെയിലിലേക്കാണ് അഭിപ്രായങ്ങളയക്കേണ്ടത്.

 

1972 സ്റ്റോക്‌ഹോം സമ്മേളന തീരുമാനം ഇന്ത്യ ഒപ്പിട്ടതാണ്. 1974 ല്‍ ജലം, 1981 ല്‍ വായു സംരക്ഷണനിയമങ്ങള്‍. 1984 ല്‍ ഭോപ്പാല്‍  ദുരന്തം ഉണ്ടായപ്പോള്‍ മലിനീകരണം നടത്തി ആയിരങ്ങളെ കൊലചെയ്തവര്‍ രക്ഷപ്പെട്ടു. ഇത് മറികടക്കാന്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം 1986 ല്‍ നിര്‍മ്മിച്ചു. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കാനും അതില്‍ ജനങ്ങള്‍ക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA )  എന്ന വ്യവസ്ഥ  1994ല്‍ കൊണ്ടുവന്നു.  അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നല്‍കി 2006 ല്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ മുമ്പ് കേന്ദ്ര സര്‍ക്കാരിന് മാത്രം അധികാരം എന്നത് ചില പദ്ധതികള്‍ക്കു സംസ്ഥാനങ്ങള്‍ക്കും അധികാരം (വിഭാഗങ്ങള്‍- എ കേന്ദ്രം, ബി-സംസ്ഥാനം) എന്നാക്കി.

പാരിസ്ഥിതികാഘാത പഠനം, അത് പദ്ധതി ഉടമയുടെ ചെലവില്‍ ചെയ്യണം, അത് പ്രസിദ്ധീകരിക്കണം, പൊതുജനങ്ങളില്‍ നിന്നും ഇത് സംബന്ധിച്ചുള്ള അഭിപ്രായ രൂപീകരണം (പൊതു തെളിവെടുപ്പ്) വേണം. ജില്ലാ കളക്ടര്‍ അതിനു മേല്‍നോട്ടം വഹിക്കണം. ആ നടപടികളുടെ  വീഡിയോ അടക്കം എടുത്തു പദ്ധതി റിപ്പോര്‍ട്ടിനൊപ്പം അംഗീകാരം നല്‍കുന്ന സമിതിക്കു മുന്നില്‍ വക്കണം. ഇത്ര കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിട്ടു പോലും കാര്യങ്ങള്‍ ഫലപ്രദമാകുന്നില്ല. പാരിസ്ഥിതിക  പഠനം നടത്തുന്നവര്‍ പദ്ധതി ഉടമകള്‍ക്ക് വേണ്ടപ്പെട്ടവര്‍, തട്ടിക്കൂട്ടി പദ്ധതിക്കനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നു, പൊതു തെളിവെടുപ്പ് പ്രഹസനമാക്കുന്നു,  തെളിവെടുപ്പില്‍ പറയുന്ന കാര്യങ്ങള്‍ സമിതി പരിഗണിക്കണമെന്ന നിബന്ധനയില്ല, സമിതിയുടെ ഘടന തന്നെ പലപ്പോഴും ഉദ്യോഗസ്ഥമേധാവിത്വത്തിന്റേതാണ്, വിദഗ്ധര്‍ പേരിനു മാത്രം, ഓരോ പദ്ധതിക്കും പരിശോധിക്കാന്‍ ചിലപ്പോള്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ മാത്രം സമിതിക്കു കിട്ടും. ആയിരക്കണക്കിന് പേജുള്ള രേഖകളും ജനാഭിപ്രായങ്ങളും കേള്‍ക്കാറില്ല, സര്‍ക്കാര്‍ സമ്മര്‍ദ്ദം പദ്ധതികള്‍ക്കായി ഇപ്പോഴും ഉണ്ടാകും.  

പുതിയ വിജ്ഞാപനത്തില്‍ പറയുന്നത് ഇതിനേക്കാള്‍ ദുര്‍ബലമായ പാരിസ്ഥിതിക നിയന്ത്രണങ്ങളാണ്.  ഈ വര്‍ഷം മാര്‍ച്ച്  23 നു  പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനം കോവിഡ് ഭീതിയില്‍ നാടാകെ നില്‍ക്കുമ്പോള്‍, തഞ്ചത്തില്‍ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. 

 

അടിസ്ഥാനപരമായ ചില വിയോജിപ്പുകള്‍

വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം. പ്രാദേശികഭാഷകളില്‍ ഇല്ല. അത് നിയമവിരുദ്ധം. ഈ പ്രശ്‌നം വെച്ചുകൊണ്ട് വിജ്ഞാപനത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള തിയ്യതി സെപ്റ്റംബര്‍ 7  വരെയാക്കി കര്‍ണാടക ഹൈക്കോടതി ഇടക്കാലവിധി ആഗസ്റ്റ് അഞ്ചിന് ഉണ്ടായി. 1986 നിയമത്തിന്റെയും പാരിസ്ഥിതികവിവേകത്തിന്റെയും അടിത്തറ തകര്‍ക്കുന്നവയാണ് ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതികള്‍.

1972 സ്റ്റോക്‌ഹോം സമ്മേളനത്തിലും 1993-ലെയും 2005ലെയും വിജ്ഞാപനങ്ങളുടെ ആമുഖത്തിലും പാരിസ്ഥിതികാഘാത പഠനം എന്തിനാണെന്ന് വ്യക്തമായി പറയുന്ന വസ്തുതകള്‍ ഉണ്ട്. 

  • വിവിധ തലങ്ങളിലെ വിദഗ്ധ പരിശോധനാസമിതികളുടെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കല്‍
  • ഈ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ട രേഖകളും പഠനവിഷയങ്ങളും (ടിഒആര്‍) തീരുമാനിക്കാന്‍
  • പൊതു തെളിവെടുപ്പിന്റെയും അംഗീകാരം നല്കുന്നതിന്റെയും ഘട്ടങ്ങളില്‍ പൊതു തെളിവെടുപ്പ് എങ്ങനെ നടക്കുന്നു, പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങള്‍ക്കു എന്ത് സംഭവിക്കുന്നു, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ ഉണ്ടാക്കുന്നതെങ്ങനെ?
  • പദ്ധതിക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? അനുമതിക്കുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടോ, പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ എടുക്കേണ്ട നടപടികള്‍ എന്തെല്ലാം, ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണം

കാലാവസ്ഥാമാറ്റം, കോവിഡ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവയൊന്നും പരിഗണിക്കപ്പെടുന്നില്ല. മുന്‍ വിജ്ഞാപനത്തിനെ തുടര്‍ന്നുണ്ടായ കോടതികളുടെയോ ദേശീയ ഹരിത ട്രിബ്യുണലിന്റെയോ  വിധികളോ പുതിയ ശാസ്ത്രീയ അറിവുകളോ പരിഗണിക്കുന്നില്ല. നിരന്തരമുണ്ടാകുന്ന പ്രളയങ്ങള്‍, നഗരപ്രളയങ്ങള്‍, കടലാക്രമണങ്ങള്‍, മുതലായവയൊന്നും പരിഗണിക്കാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒപ്പിട്ട കരാറുകള്‍ പാലിക്കണമെന്ന ചിന്തയില്ല, ഭരണഘടനയുടെ 21, 48A  വകുപ്പുകളുടെ ലംഘനമാണ് ഇതില്‍ പലതും. കരുതല്‍ തത്വം,  മലിനീകരിക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം (Polluter-pays principle),  സുസ്ഥിര വികസനതത്വം (Sustainable Development principle), തലമുറകള്‍ തമ്മിലുള്ള സമത്വം (Inter-Generational Equity,വിനാശം തടയല്‍ തത്വം (Principle of Non-regression ), താല്പര്യ വൈരുധ്യം  (conflict  of interest) മുതലായവയൊന്നും പരിഗണിക്കപ്പെടുന്നില്ല. 

താല്‍പര്യ വൈരുധ്യം- നിരവധി ഉദാഹരണങ്ങളില്‍  ഒന്ന് മാത്രം പറയാം. വനം, പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പ്രകാശ് ജാവ്‌ദേകര്‍  തന്നെ ഘനവ്യവസായങ്ങളുടെ വകുപ്പും നോക്കുന്നു. ഇവതമ്മില്‍ താത്പര്യ സംഘര്‍ഷമുണ്ടായാല്‍ മന്ത്രി എവിടെ നില്‍ക്കും? 

അടിസ്ഥാനലംഘനങ്ങള്‍- 1986 നിയമത്തിന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തലും. അതിനെതിരായ ഒരു വിജ്ഞാപനം നിലനില്‍ക്കില്ല. വിനാശം തടയല്‍  എന്ന തത്വം ലംഘിക്കുക വഴി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണ്. കേന്ദ്ര സംസ്ഥാനങ്ങളുടെ അധികാരത്തില്‍പെട്ട പദ്ധതികളെ രണ്ടായി തിരിക്കുന്നു എ, ( കേന്ദ്രം)   ബി ഒന്നും ബി രണ്ടും (സംസ്ഥാനം). ഇതില്‍ ബി രണ്ടിന് പാരിസ്ഥിതികാനുമതി വേണ്ട. എയിലും ബിഒന്നിലും  വരുന്ന വമ്പന്‍ പദ്ധതികള്‍ പലതും ബി രണ്ടിലേക്കു മാറ്റുന്നു. ഇത് വഴി പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തല്‍ അപകടപ്പെടുന്നു. 

പരിസ്ഥിദുര്‍ബലമേഖലകളില്‍ നിന്നും, സംസ്ഥാനാന്തര അതിര്‍ത്തികളില്‍ നിന്നും അഞ്ചു കി മി തുടങ്ങിയ നിയന്ത്രണങ്ങളില്‍ നിന്നും പല വ്യവസായങ്ങളെയും ഒഴിവാക്കുന്നു. അംഗീകാരം ലഭിച്ച ശേഷം അതിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ എടുക്കേണ്ട നടപടികള്‍ ഈ വിജ്ഞാപനത്തില്‍ വളരെ ലഘൂകരിച്ചിരിക്കുകയാണ്.  2006 മുതലുള്ള ഒരു പതിറ്റാണ്ട് കാലത്തു വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഏഴു വിദഗ്ധ സമിതികള്‍ ഈ നടപടികള്‍  ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ആ ശുപാര്‍ശകളെല്ലാം ഈ കരട് വിജ്ഞാപനം അവഗണിച്ചിരിക്കുന്നു.   

2006 വിജ്ഞാപനത്തില്‍ പാരിസ്ഥിതികാനുമതി ആവശ്യമായിരുന്നവയില്‍  പലതും ഇപ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. അവയില്‍ ചിലവ താഴെ കൊടുക്കുന്നു-

  • ഏറെ മലിനീകരണം സൃഷ്ടിക്കുന്ന മണ്ണ് ഖനനങ്ങള്‍ എല്ലാം
  • ഒരുകോടി രൂപവരെ മൂലധനമുള്ള എല്ലാ ധാതു സംസ്‌കരണങ്ങളും
  • പല തരം സിമന്റ് ഉത്പാദന യൂണിറ്റുകള്‍ 
  • കാര്‍ബണ്‍ ബ്‌ളാക് പോലുള്ളവ ഉത്പാദിപ്പിക്കുന്ന പെട്രോളിയം അധിഷ്ഠിത യൂണിറ്റുകള്‍
  • LABSA പോലുള്ള പെട്രോളിയം രാസവസ്തു നിര്‍മ്മാണ യൂണിറ്റുകള്‍ 
  • പെയിന്റ്, ചായങ്ങള്‍ തുടങ്ങിയവയും അവയുടെ അസംസ്‌കൃത വസ്തുക്കളും നിര്‍മിക്കുന്ന യൂണിറ്റുകള്‍ 
  • മലനിരകളില്‍ അടക്കം ദേശീയ സംസ്ഥാന പാതകളുടെ നിര്‍മ്മാണവും വിപുലീകരണവും 
  • പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ ഏരിയല്‍ റോപ്വേകള്‍
  • നിരവധി കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ 

പല മേഖലകളിലെ പദ്ധതികളിലും മുമ്പ് നല്‍കിയിരുന്ന ഇളവുകള്‍ വര്‍ധിപ്പിച്ചു. ഉദാഹരണം- 

  • ലോഹസംസ്‌കരണയൂണിറ്റിന് 30000 ടണ്‍ ആയിരുന്ന പരിധി ഒരുലക്ഷം ടണ്‍  ആക്കി ഉയര്‍ത്തി, മത്സ്യബന്ധന തുറമുഖങ്ങളുടെ പരിധി വര്‍ഷത്തില്‍ 10000 ടണ്‍ എന്നത് മൂന്നിരട്ടിയാക്കി. 
  • 70 മീറ്ററില്‍ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട... (ഇന്ത്യയിലെ എല്ലാ ഹൈവേകളും 60 മീറ്റര്‍ വീതി മാത്രം.) 2006 വിജ്ഞാപനത്തില്‍ ഇത് 40 മീറ്റര്‍ മാത്രമായിരുന്നു.
  • ജലസേചന പദ്ധതികള്‍ 2000 ഹെക്ടര്‍ മുതല്‍ 50000 ഹെക്ടര്‍ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10000 മുതല്‍ 50000 ഹെക്ടര്‍ വരെ ആക്കി. അതിനു താഴെയുള്ളവ പഠനം  ആവശ്യമില്ലാത്ത ബിരണ്ട് വിഭാഗത്തിലേക്ക് മാറ്റി. 
  • എല്ലാ ചെറുകിട ഇടത്തരം മരുന്ന് നിര്‍മ്മാണ യൂണിറ്റുകളെയും ബി ഒന്നില്‍ നിന്നും രണ്ടിലേക്കു മാറ്റി.
  • എല്ലാ ചെറുകിട ഇടത്തരം കൃത്രിമ റബ്ബര്‍ യൂണിറ്റുകളും മാറ്റി.
  • എല്ലാ ചെറുകിട ഇടത്തരം സിമന്റ് ക്ലിങ്കര്‍ യൂണിറ്റുകളും 
  • മാലിന്യമായ കടലാസില്‍ നിന്നും കടലാസ് ഉല്‍പാദിപ്പിക്കുന്ന എല്ലാ യൂണിറ്റുകളും 
  • സമുദ്രത്തിലെ എണ്ണ, പ്രകൃതിവാതക ഖനനത്തിനും സംസ്‌കരണത്തിനുമുള്ള പദ്ധതികള്‍ മുന്‍പ് എ വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ അത് രണ്ടാക്കി. ഏറ്റവുമധികം പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന ഖനനം വേര്‍പെടുത്തി പഠനം വേണ്ടാത്ത ബി രണ്ടിലാക്കി. കാരണം പറയുന്നത് അത് കേവലം മൂന്നു മുതല്‍ ആറു മാസം വരെ മാത്രമാണ് എന്നതാണ്. ബാക്കി വിഭാഗങ്ങള്‍ എ യില്‍ നിലനിര്‍ത്തി.
  • താപവൈദ്യുതനിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുന്‍പ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ അവയെ മൂന്നാക്കി തിരിച്ചു 100 MW നു മുകളില്‍ മാത്രം എ വിഭാഗം ,15 നും  100 MW നും ഇടയിലുള്ളവക്ക് ബി ഒന്ന് വിഭാഗവും, അതിനു താഴെ ബി രണ്ടും ആക്കി. 

പൊതുവ്യവസ്ഥകള്‍ 

എല്ലാ തരം അനുമതികള്‍ക്കും 2006 വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകള്‍ ബാധകമായിരുന്നു. ഉദാഹരണം-

  • ഏതെങ്കിലും പദ്ധതികള്‍ പാരിസ്ഥിതിക ദുര്‍ബലമായതോ  അധിക മലിനീകരണമുള്ളതോ ആയ പ്രദേശത്തില്‍ നിന്നും  അഞ്ചു കിലോമീറ്ററില്‍  കുറവ് ദൂരത്താണെങ്കില്‍ അതിനെ എ വിഭാഗത്തില്‍ പെടുത്തണം എന്നതായിരുന്നു ഒരു പൊതു വ്യവസ്ഥ. പക്ഷെ ഇപ്പോള്‍ അതു മാറ്റുന്നു. പൊതുമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍,  നഗരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ദേശീയപാതകള്‍ തുടങ്ങി പലതിനെയും ഈ പൊതു വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കുന്നു.
  • കേന്ദ്ര/ സംസ്ഥാന അനുമതിയും പൊതു തെളിവെടുപ്പും ആവശ്യമായ എ,ബി1 വിഭാഗത്തില്‍ പെട്ട നിലവിലുള്ള പദ്ധതികള്‍ വികസിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ നവീകരിക്കുമ്പോള്‍ അവയുടെ ശേഷി അമ്പത് ശതമാനത്തിലേറെ വര്‍ധിക്കുന്നില്ലെങ്കില്‍ അവയെ പഠനത്തില്‍ നിന്നും പൊതുതെളിവെടുപ്പില്‍ നിന്നും ഒഴിവാക്കുകയാണ്.
  • കോര്‍പറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തം (CER ) എല്ലാ പദ്ധതികള്‍ക്കും നിയമപരമായ ബാധ്യതയാണ് . അത് വര്‍ദ്ധിപ്പിക്കണമെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം തന്നെ നിയോഗിച്ച വിദഗ്ധ സമിതികള്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ വിജ്ഞാപനത്തില്‍ ആ ചുമതല കാര്യമായി കറക്കുന്നു. പരിസ്ഥിതി മാനേജ്മെന്റ് പ്ലാനിന്റെ തുകയ്ക്ക് പുറമെ ആകണം  CER എന്നത് ഒഴിവാക്കി. അത് പ്ലാന്‍ തുകയില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. 
  • ഈ തുക പരിസ്ഥിതി നാശം ഉണ്ടായ പ്രദേശത്തു ചിലവാക്കണം എന്ന നിബന്ധന മാറ്റി. ചുറ്റുമുള്ള ഏതെങ്കിലും പ്രദേശത്തു മുടക്കിയാല്‍ മതിയെന്നാക്കി. ഏതു രീതിയില്‍ ചിലവാക്കണമെന്നു തീരുമാനിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി വേണമെന്ന നിബന്ധന ഒഴിവാക്കി. പതിനഞ്ചു വിഷയങ്ങളില്‍ ഈ പണം വിനിയോഗിക്കണം എന്ന നിബന്ധനയും ഒഴിവാക്കി. ഉടമയുടെ ഇഷ്ടം പോലെ ചിലവഴിക്കാം. 
  • മൂലധനമുടക്കിനു ആനുപാതികമായ  തുക CER നായി നീക്കിവെക്കണം  എന്നത് മാറ്റുന്നു. എ,  ബിഒന്ന്  വിഭാഗത്തിലെ പദ്ധതികള്‍ക്കു മാത്രമേ  ഇതാവശ്യമുള്ളു. അത് തന്നെ നിബന്ധനയില്ല. 
  • 1 ,50 , 000 ചതുരശ്ര മീറ്റര്‍  വിസ്തീര്‍ണ്ണം വരെയുള്ള കെട്ടിടങ്ങള്‍ക്കു പാരിസ്ഥിതികാനുമതി കിട്ടാന്‍ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. ,ഇത് 20000 ചതു.  മീറ്റര്‍ ആയിരുന്നു.  (നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടി ത്രീ ടെര്‍മിനല്‍ വരെ വലുപ്പമുള്ള കെട്ടിടങ്ങളാണിത്) 
  • അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് അനുമതിക്കു EIA   വേണ്ട. ഒന്നുമില്ലാതെ അനുമതി നല്‍കണം. 
  • പാരിസ്ഥിതികാനുമതിക്കു അപേക്ഷ നല്‍കി പതിനഞ്ചു ദിവസങ്ങള്‍ക്കകം അത് നല്‍കിയില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കും (ഡീംഡ് അനുമതി)
  • പദ്ധതികളെ തരം തിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം  നോക്കി എന്ന രീതി മാറ്റി മുതല്‍ മുടക്കു കൂടി പരിഗണിക്കണം എന്ന വ്യവസ്ഥ കൊണ്ട് വരുന്നു. 
  • തന്ത്രപ്രധാനമെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. 

കരുതല്‍ തത്വം

ഒരു നാശം ഉണ്ടാകുമെന്ന ചിന്തയുണ്ടെങ്കില്‍ അതില്ലെന്നു ഉറപ്പാക്കിയ ശേഷം മാത്രം പദ്ധതി എന്നതാണ് ആ തത്വം. കോടതികളും അംഗീകരിച്ചതാണ്. കാരണം  ഒരു നാശം ഉണ്ടായാല്‍ എത്ര പണം മുടക്കിയാലും അത് തിരുത്താന്‍ കഴിയില്ല. അതുകൊണ്ട് ഏതു പദ്ധതിയും ആരംഭിക്കുന്നതിനു മുമ്പ് പാരിസ്ഥിതികാനുമതി വേണം. പക്ഷെ ഈ നിബന്ധന ഇനിയില്ല. പദ്ധതി തുടങ്ങിയ ശേഷം അനുമതിക്ക് അപേക്ഷിക്കുക (ഈസ് ഓഫ് ഡൂയിങ് ബിസിനസ്). അതിനിടയില്‍ എന്തെങ്കിലും നാശം ഉണ്ടായാല്‍ അതിനു ഒരു തുക പിഴ ഈടാക്കി അതിനു അംഗീകാരം കൊടുക്കാം.
 
പരാതി നല്‍കാനുള്ള സമയപരിധി കുറച്ചു, അതിനുള്ള അവകാശം ഇനി സര്‍ക്കാരിനോ പദ്ധതി ഉടമക്കോ മാത്രം. പരിസ്ഥിതി ഇനി പൊതു താല്പര്യ വിഷയമല്ല. 

അംഗീകാരം നല്‍കുന്ന സമിതിയുടെ പദവി കുറക്കുന്നു. സംസ്ഥാനതല അംഗീകാരസമിതിയിലെ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ യോഗ്യതകള്‍ സംബന്ധിച്ച് നിലവിലുള്ള വിജ്ഞാപനത്തിന്റെ അനുബന്ധന ആരില്‍ ഖണ്ഡിക 3 (4) വ്യക്തമായി പറയുന്നു. ഇത് പുതിയ വിജ്ഞാപനത്തില്‍ പൂര്‍ണ്ണനമായും ഒഴിവാക്കി. ആരെയും നിയമിക്കാം. അതില്‍ 15 അംഗങ്ങള്‍ വേണമെന്ന നിബന്ധനയും ഒഴിവാക്കി. പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട രേഖകള്‍ സംബന്ധിച്ചുള്ള നിബന്ധനകളും റദ്ദാക്കി. ആദ്യ സ്‌ക്രീനിങ്  ഘട്ടത്തിലാണ് ഈ പദ്ധതി ഏതു വിഭാഗത്തില്‍ പെടുന്നു എന്നും മറ്റും തീരുമാനിക്കപ്പെടുന്നത്. 

പാരിസ്ഥിതികാനുമതിക്കായി പഠിക്കേണ്ട വിഷയങ്ങള്‍ (ടിഒആര്‍) സംബന്ധച്ചുള്ള  അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും(ഡീംഡ് അനുമതി) എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കി. കേവലം ഏഴു ദിവസമാക്കി. അതുപോലെ അമ്പത് ശതമാനത്തിലേറെ മാറ്റങ്ങള്‍ വരുന്ന നവീകരണ വിപുലീകരണ പദ്ധതികള്‍ക്കുള്ള ടിഒആര്‍ അപേക്ഷക്കുള്ള മറുപടി നല്‍കാനുള്ള  സമയവും ഏഴു ദിവസമാക്കി. 

പാരിസ്ഥിതികാഘാത പഠനം നടത്തേണ്ട പ്രദേശം- എ , ബിഒന്ന് വിഭാഗം പദ്ധതികള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റര്‍ എന്നത് എ വിഭാഗത്തിന് മാത്രമാക്കി. ( പഠിക്കേണ്ടത് 314 ചത്ത്. കി മി ) . ബിഒന്ന് വിഭാഗത്തിന് ഇത് അഞ്ചു കിലോമീറ്റര്‍ ആക്കി ( അതായത് 78 . 5 ചതു.കി മി മാത്രം ).

ഒരു പദ്ധതിയുടെ പാരിസ്ഥിതികാഘാതം പഠിച്ചതിനു (ഇ ഐ എ) അനുസരിച്ചാകണം പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ (ഇ എം പി)  എന്ന നിബന്ധന ഒഴിവാക്കി. രണ്ടും തമ്മില്‍ ബന്ധം വേണമെന്ന് ഇല്ല എന്നാക്കി. 

ഇ എം പി കള്‍ക്കൊപ്പം അവക്കുണ്ടാകുന്ന ചിലവുകളോ സമയക്രമമോ കാണിക്കണം എന്ന നിബന്ധന ഒഴിവാക്കി. അതും മൂലധനത്തിന്റെ വിനിമയവുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയും ഒഴിവാക്കുന്നു. അതിനു മാത്രമായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കപ്പെടുന്നു.  പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അതിന്റെ പാരിസിഥിതികാഘാതം വിലയിരുത്താന്‍ വേണ്ട സ്റ്റാഫ് എത്രയെന്നു കാണിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കുന്നു. 

EIA തയ്യാറാക്കാന്‍ അംഗീകൃത യോഗ്യതയുള്ള സ്ഥാപനമായിരിക്കണമെന്നും അവര്‍ക്കു അംഗീകാരം നല്‍കുന്ന സമിതിയുമായി ഒരു ബന്ധവും പാടില്ലെന്നുമുള്ള നിബന്ധനയും ഒഴിവാക്കുന്നു.  

അന്തര്‍സംസ്ഥാനപ്രദേശങ്ങളെ ബാധിക്കുന്നതോ  ഭൂമി മുക്കിക്കളയുന്നതോ ആയ ജലസേചന പദ്ധതികള്‍ക്കു കേന്ദ്ര സമിതിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. അത്തരം പദ്ധതികള്‍ അമ്പതിനായിരം ഹെക്ടറില്‍ താഴെ മാത്രം ജലസേചനം നടത്തുന്നവയാണെങ്കില്‍ സംസ്ഥാന സമിതിയുടെ മാത്രം അംഗീകാരം മതി എന്നാക്കിയിരിക്കുന്നു. 

പ്രതിദിനം പതിനായിരം ലിറ്റര്‍ വരെ നാടന്‍ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തില്‍ നിന്നും പൊതു തെളിവെടുപ്പില്‍ നിന്നും ഒഴിവാക്കുന്നു.
തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണ്ണെടുപ്പിനു മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 

ഉയര്‍ന്ന (എലവേറ്റഡ്) റോഡുകളും ഫ്ളൈഓവറുകളും 150000 ചതുരശ്ര മീറ്ററിന് താഴെയെങ്കില്‍ അവയെ ബി രണ്ടു വിഭാഗത്തില്‍ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു.   

പൊതു തെളിവെടുപ്പ്

പൊതുതെളിവെടുപ്പ് അനിവാര്യമാണ്. ചിലപ്പോഴെങ്കിലും അത് പദ്ധതികളെ ചോദ്യം ചെയ്യാറുണ്ട്. ഇതിലാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ലോകം മുഴുവന്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്തു ഇന്ത്യയില്‍ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമം. ഒരു പദ്ധതിയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ 30 ദിവസങ്ങള്‍ക്കകം അവര്‍ അഭിപ്രായം പറയണമെന്നു 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോള്‍ അമ്പത് ശതമാനത്തിലേറെ വര്‍ധനവില്ലെങ്കില്‍ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു.

ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം

Content Highlights: Environment Impact Assessment (EIA) notification 2020

PRINT
EMAIL
COMMENT
Next Story

മൂന്നാറിലെ പക്ഷികളെ കീടനാശിനികള്‍ കൊല്ലുന്നു

കീടനാശിനി തളിച്ച കൃഷിയിടങ്ങള്‍ മൂന്നാറിലെ പക്ഷികള്‍ക്കു വിനയാകുന്നു. പാറ്റ .. 

Read More
 

Related Articles

എങ്ങുപോയി നമ്മുടെ വൃശ്ചികക്കുളിരുകൾ
Features |
Environment |
ഇ.ഐ.എ. 2020: നിങ്ങള്‍ യഥാർഥ ഭാരതമാതാവിന്‍റെ മണ്ണിനെ കേള്‍ക്കണം- വന്ദനശിവ | അഭിമുഖം
Books |
പ്രകൃതിധ്വംസകര്‍ക്ക് കോവിഡെന്നോ മഹാമാരിയെന്നോ വ്യത്യാസമില്ല- മാധവ് ഗാഡ്ഗില്‍
Environment |
പ്ലാച്ചിമട: ഒരു ജനതയുടെ അതിജീവനത്തിന്റെ സമരവഴികള്‍
 
  • Tags :
    • Environment
    • EIA 2020
More from this section
Black and Orange Flycatcher
മൂന്നാറിലെ പക്ഷികളെ കീടനാശിനികള്‍ കൊല്ലുന്നു
Mamiyil Sabu, E K Janaki Ammal National Award
സസ്യശാസ്ത്രജ്ഞന്‍ മാമിയില്‍ സാബുവിന് ഇ കെ ജാനകിയമ്മാള്‍ പുരസ്‌കാരം
Cjheetah
ഒരു പ്രസവത്തില്‍ ഏഴു മക്കള്‍, ആറെണ്ണവും നഷ്ടമായപ്പോള്‍ അവസാനത്തെ കുഞ്ഞുമായി അമ്മ രാജ്യം വിട്ടു
Secretary Bird
വംശനാശത്തിന്റെ പാതയില്‍ സെക്രട്ടറി പക്ഷി
Galaxy Frog
കറുത്ത മുത്ത്, മിന്നുന്ന നക്ഷത്രം; ആളൊരു കുഞ്ഞന്‍ തവള
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.