ന്യജീവി സംരക്ഷണരംഗത്ത് ഏറ്റവുംകൂടുതൽ ചർച്ചചെയ്യപ്പെടുന്നത് മനുഷ്യ-വന്യജീവി ബന്ധങ്ങളിലെ അപചയമാണ്. ഓരോ പ്രദേശത്തും വ്യത്യസ്ത ജീവികളുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുയരുന്നത്. എങ്കിലും ആനകളുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ജീവഹാനിയും കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.  പ്രാദേശികമായ പ്രത്യേകതകൾ, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതി തുടങ്ങി നിരവധി ഘടകങ്ങൾ ഇതിന്റെ തീവ്രതയിൽ മാറ്റംവരുത്തുന്നു.

കടന്നുചെല്ലുന്ന ആനകൾ വനാതിർത്തിയിലും വനത്തിൽത്തന്നെയും പ്രശ്നങ്ങളുണ്ടാക്കുന്നത് ഏതാണ്ട് സാധാരണയായി. മിക്കസ്ഥലങ്ങളിലും ഒരുപരിധിവരെ ജനങ്ങൾക്ക് ഇത് ശീലവുമായി. എന്നാൽ, വനാതിർത്തിയിൽനിന്ന്‌ ദൂരേയ്ക്ക്‌ വന്യജീവികൾ, പ്രത്യേകിച്ച് ആനകൾ സഞ്ചരിക്കുന്നത് സാധാരണ ജനങ്ങൾക്ക് ആശങ്കകളുണ്ടാക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംഭവം 1980-ലാണുണ്ടാവുന്നത്. തമിഴ്‌നാട്ടിൽനിന്ന്‌ ആന്ധ്രയിലെ ചിറ്റൂരിലേക്ക് ഒരുകൂട്ടം ആനകൾ കടന്നുചെന്നു. കൗണ്ടിന്യ വന്യജീവിസംരക്ഷണകേന്ദ്രം പ്രഖ്യാപിച്ച് ആന്ധ്രയിലെ രാഷ്ട്രീയനേതൃത്വം ആനകളുടെ ആ പുതിയ ആവാസവ്യവസ്ഥ സംരക്ഷിച്ചു.

ഛത്തീസ്ഗഢിലെ വനങ്ങളിൽ ആനകൾ സ്വൈരവിഹാരം നടത്തിയിരുന്നതായി ചരിത്രം പറയുന്നു. എന്നാൽ, നൂറുവർഷമായി ഇവിടെ ആനയെ കണ്ടിരുന്നില്ല. അതിനുശേഷം തൊണ്ണൂറുകളുടെ മധ്യത്തിൽ ജാർഖണ്ഡ്‌-ഒഡിഷ ഭാഗങ്ങളിൽനിന്ന്‌ ആനകൾ കൂട്ടമായി ഛത്തീസ്ഗഢ് വനങ്ങളിലെത്തി. 2005-ൽ  കർണാടകയിൽനിന്ന്‌ ഒരു വലിയ കാട്ടാനക്കൂട്ടം മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലേക്കുകയറി ഗോവവരെ എത്തി. ഈ പ്രദേശങ്ങളിലെല്ലാം ആനകളുടെ ജീവിതവും സ്വഭാവവും അറിയാത്ത ജനങ്ങളും ഒരുപരിധിവരെ വനംവകുപ്പുദ്യോഗസ്ഥരും പരിഭ്രാന്തരായി. ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഇന്ന് ആനകളുടെ ആവാസവ്യവസ്ഥയാണ്.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരമില്ല. ആനകളുടെ അപാരമായ ഓർമശക്തിയും അവയുടെ പൂർവ ആവാസവ്യവസ്ഥകളെക്കുറിച്ച് ലഭിച്ചിട്ടുള്ള ജനിതക കൈമാറ്റത്തിലൂടെയുള്ള വിവരങ്ങളും ആകാമെന്ന് ഛത്തീസ്ഗഢിലെ സംഭവംവെച്ചുപറയാം.

ഇത്തരം ‘പലായനങ്ങൾ’കൂടാതെ ചില ആനക്കൂട്ടങ്ങൾ ജനവാസപ്രദേശങ്ങളിലൂടെ സ്ഥിരമായി അടുത്ത ആവാസവ്യവസ്ഥകളിലൂടെ നീങ്ങാറുണ്ട്. കഷണങ്ങളായിപ്പോയ ആവാസവ്യവസ്ഥകളിലേക്ക് എത്തിച്ചേരാൻ ജനവാസകേന്ദ്രങ്ങൾ സഞ്ചാരപഥങ്ങളായി ഉപയോഗിക്കുകയാണ് ഇവ ചെയ്യുന്നത്. തങ്ങളുടെ ആവാസവ്യവസ്ഥയെ മനുഷ്യൻ കൈയേറിയതാണിതിന്‌ പ്രധാനകാരണം.

ആനകൾ ശീലം മാറ്റുമ്പോൾ

ഇതിൽനിന്ന്‌ വിഭിന്നമായി ആനകളുടെ സംഘങ്ങൾ കൃഷിനാശവും കാട്ടിൽനിന്ന്‌ പുറത്തിറങ്ങിയുള്ള സഞ്ചാരവും ശീലമാക്കുന്നുണ്ട്. കർണാടകയിലെ തുമകൂരുവിൽ പതിനൊന്ന് ആണാനകളുടെ ഒരു സംഘം നാട്ടിലിറങ്ങി. തമിഴ്‌നാട്ടിലെ ഹൊസൂറിൽ മൂന്ന് ആണാനകളുടെ സംഘവും വയനാട്ടിലെ മാനന്തവാടി-പനമരം ഭാഗങ്ങളിൽ മൂന്ന് കൊമ്പന്മാരും നിലമ്പൂർ ചുങ്കത്തറയിൽ ഒരു കൊമ്പനും ഇത്തരത്തിൽ നാട്ടിലേക്ക് ഇറങ്ങിവന്നു. ഇതൊരു പ്രത്യേക അവസ്ഥയാണ്. ഇവിടെയാണ് ആനകളുടെ കുടുംബ-സാമൂഹിക ഘടന മനസ്സിലാക്കേണ്ടത്. മുതിർന്ന പിടിയാന നേതൃത്വം കൊടുക്കുന്ന ഒരു കുടുംബത്തിൽ വിവിധ പ്രായത്തിലുള്ള ആണും പെണ്ണും ഉണ്ടാകും.

കുട്ടികളുടെ പഠനം പൊതുവേ കൂട്ടത്തിലെ പെണ്ണാനകൾക്കാണ്. എന്നാൽ, ആൺ ആനക്കുട്ടികൾക്ക് മുതിർന്ന ആണാനകളിൽ(കൊമ്പനോ മോഴയോ ആകാം)നിന്ന് പലതും പഠിക്കുന്നു. 12-15 വയസ്സാകുമ്പോൾ ആണാനകൾ കൂട്ടംവിട്ട് ചുറ്റുപാടുകളിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സഞ്ചാരത്തിനിടയിൽ മറ്റു കൂട്ടങ്ങളോടും ചേർന്നേക്കാം. പൊതുവേ ഈ സമയത്തും നമ്മുടെ ശ്രവണത്തിനതീതമായ ശബ്ദവീചികളിലൂടെ സ്വന്തം കൂട്ടമായും അവർ ബന്ധപ്പെടും. ഒരേ കൂട്ടത്തിൽത്തന്നെയുള്ള പിടിയാനകളുമായി ഇണചേരുന്നതൊഴിവാക്കാനും അതിലൂടെ ജനിതകമൂല്യം വർധിപ്പിക്കാനുമുള്ള ഒരു പ്രകൃതി പ്രതിഭാസമാണിത്.

കൂട്ടംവിടുന്ന ആണാന സമാനരീതിയിൽ അലയുന്ന മറ്റു ആണാനകളുമായി ചങ്ങാത്തത്തിലായി ബാച്ച്‌ലർ കൂട്ടങ്ങൾ ഉണ്ടാകുന്നു. ഈ കൂട്ടത്തിൽത്തന്നെ ഒരു അധികാരക്രമമുണ്ട്. മുതിർന്ന ആണാനയിൽനിന്ന്‌ പലതും താഴെയുള്ളവർ പഠിക്കുന്നു. ഇതിൽ നല്ലതും ചീത്തയും ഉണ്ടാകും. കൃഷിയിടങ്ങളിൽ ഇറങ്ങുക തുടങ്ങിയ ‘ദുഃസ്വഭാവങ്ങൾ’കൂടി ആ പഠനത്തിലുണ്ടാകാം. ഇവരുടെ ബന്ധം അത്ര ദൃഢമല്ല. എന്നാലും കൂട്ടുകാർ പലപ്പോഴും ഒന്നിച്ചുതന്നെ നീങ്ങും. ഇവയാണ് മിക്കസ്ഥലങ്ങളിലും ‘പ്രശ്നക്കാർ’ ആയി മാറുന്നത്.

പക്ഷേ, എന്തുകൊണ്ട് ആനകൾ ആവാസവ്യവസ്ഥയ്ക്ക് പുറത്തേക്കുവരുന്നു. വ്യക്തമായ ഉത്തരം കുറവാണ്. സാധാരണ വാമൊഴിയിലൂടെ പ്രചരിക്കുന്ന ‘കാട്ടിലെ ഭക്ഷണമില്ലായ്മയും ജലദൗർലഭ്യതയും’ തൊണ്ണൂറു ശതമാനം സംഭവങ്ങളിലും തെറ്റാണ്. വയനാട്ടിൽ ഓരോ രണ്ട് ചതുരശ്ര കിലോമീറ്ററിലും ഒന്ന് എന്ന കണക്കിന് ജലലഭ്യതയ്ക്കുള്ള മാർഗങ്ങൾ വനംവകുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും പ്രത്യേക ദൗർലഭ്യമൊന്നുമില്ല. തന്നെയുമല്ല, കൃഷിനാശം കൂടുതലും വേനലിലല്ല എന്നതും ശ്രദ്ധിക്കണം. പ്രശ്നം ഇവയുടെ സ്വഭാവരീതി തന്നെയാണ്. പലപ്പോഴും കാടിന്റെയരികിൽ വരുന്ന ഇവയെ തുരത്താനുള്ള നമ്മുടെ ശ്രമത്തിനിടയിൽ സമ്മർദത്തിലായ ഇവയ്ക്ക് ദിശാബോധം നഷ്ടപ്പെടുന്നതുമാകാം.

അവയോട് എങ്ങനെ പെരുമാറണം

കാരണങ്ങളെന്തായാലും ജനവാസസ്ഥലത്തേക്ക്‌ ഇറങ്ങുന്ന ആനകൾ ജനങ്ങൾക്ക് പേടിസ്വപ്നവും വനംവകുപ്പിന് വെല്ലുവിളിയുമാണ്. ഇവ ഇറങ്ങുന്ന ചില സ്ഥലങ്ങളെങ്കിലും പഴയകാല ആവാസ വ്യവസ്ഥയായിരുന്നു എന്നതിൽ തർക്കമുണ്ടാകാനും വഴിയില്ല. കാടുപിടിച്ചുകിടക്കുന്ന വനാതിർത്തികളിലെ പ്രദേശങ്ങൾ ആനകൾക്ക് ആവാസവ്യവസ്ഥയ്ക്ക് സമാനവുമാണ്. ഇത്തരം സന്ദർഭം ഒരുക്കുക എന്നതാണ് ആദ്യപടി. നമ്മുടെ നാട്ടിലെ പ്രധാനപ്രശ്നം ഇത്തരം സന്ദർഭങ്ങളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടമാണ്. വന്ന വഴികളിൽനിന്ന് ജനങ്ങളെ അകറ്റിനിർത്തുകയും ആനകളെ ഓടിക്കുന്നത്, ഏതുതരത്തിലായാലും ഒഴിവാക്കുകയും വേണം. അതോടൊപ്പം ആനകൾ കൂടുതൽ അകന്ന് ജനവാസകേന്ദ്രത്തിലേക്ക് പോകുന്നത് തടയാനുള്ള മാർഗങ്ങളും വേണം.

അത്തരം ശാന്തമായ ഒരന്തരീക്ഷത്തിൽ ആനകൾ തിരിച്ച് വന്നവഴിയേ നടക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ വേണമെങ്കിൽ അതിനാവശ്യമായ നിയമങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഇവിടെയാണ് വിവിധ വകുപ്പുകളുടെ ഏകീകരിച്ച പ്രവർത്തനം ആവശ്യമാകുന്നത്. വിദഗ്ധർക്കോ പരിചയസമ്പന്നരായ വനംവകുപ്പ് ജീവനക്കാർക്കോ സ്വതന്ത്രമായി, കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കാനുള്ള ഉത്തരവാദിത്വം സ്ഥലത്തെ ജനപ്രതിനിധികൾ ഏറ്റെടുക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്നുവരുന്ന ‘വിദഗ്ധാഭിപ്രായങ്ങളിൽ’നിന്നുകൂടി ജീവനക്കാരെ രക്ഷിക്കണം.

പ്രതിരോധമാർഗങ്ങൾ എന്തെല്ലാം

വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയാനുള്ള മാർഗങ്ങൾ ഓരോ പ്രദേശത്തെയും പ്രത്യേകത കണക്കിലെടുത്ത്, ഏതുജീവി എന്ന് പരിഗണിച്ച്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പങ്കാളിത്തത്തോടെ  നടപ്പാക്കുക എന്നതായിരിക്കണം നയം.  

പ്രധാനമായും ആനകളെ ഉദ്ദേശിച്ച് കേരളത്തിൽ കിലോമീറ്ററുകളോളം കിടങ്ങ് കുഴിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഇന്ന് മൂടിപ്പോകുകയോ ആനകൾ ചവിട്ടിയിറങ്ങുകയോ ചെയ്ത് ഫലപ്രദമല്ലാതായി. ഇതിന് ചെലവഴിച്ച ഭീമമായ തുക പാഴായി എന്നർഥം. അടിക്കാട് തെളിച്ച് എപ്പോെഴങ്കിലും പൊട്ടിയ കമ്പികൾ കൂട്ടിയോജിപ്പിച്ച് പരിപാലിച്ചാൽ ഏറ്റവും ഫലപ്രദം സൗരോർജവേലികളാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഏകദേശം 1500 കിലോമീറ്ററോളം സൗരോർജവൈദ്യുതവേലിയുണ്ട്‌. ഇതുകൂടാതെ കർഷകർ സ്വന്തം ചെലവിൽ തീർത്ത നൂറുകണക്കിന് കിലോമീറ്റർ വേറെയും. 1500 മീറ്റർ ഉള്ളതിൽ പ്രവർത്തിക്കുന്നത് ഏകദേശം 15 ശതമാനംമാത്രം. സൗരോർജ വൈദ്യുതവേലികൾ വേണമെന്ന് ഒരു കാലത്ത് മുറവിളികൂട്ടിയ അതിന്റെ ഗുണഭോക്താക്കളാരുംതന്നെ അത് പരിപാലിക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ല.  സ്വന്തമായി കുറഞ്ഞചെലവിൽ വേലികൾ സ്ഥാപിച്ച അട്ടപ്പാടിയിൽ ഇവ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

മാർഗതടസ്സം എന്നരീതിയിൽ എല്ലാവരും ആവശ്യപ്പെടുന്നത് പഴയ റെയിൽപ്പാളങ്ങൾ ഉപയോഗിച്ചുള്ള റെയിൽ ഫെൻസ് ആണ്. 1950-കളിൽ ആഫ്രിക്കയിലെ അഡോ ദേശീയോദ്യാനത്തിൽ വളരെ ഭംഗിയായി ചെയ്ത, ആംസ്‌ട്രോങ് വേലികൾ എന്നറിയപ്പെടുന്ന വേലികളുടെ ഒരു വ്യത്യസ്തരൂപമാണ് റെയിൽഫെൻസ്. ബന്ദിപ്പുരിലും നാഗർഹോളയിലും ജാർഖണ്ഡിലും ഇവയുണ്ട്. എന്നാൽ, ഇവിടങ്ങളിലെ ഡിസൈനിലെ പാകപ്പിഴകൊണ്ടാകാം ആനകൾ ചാടിക്കടക്കുന്നതും മറിച്ചിടുന്നതും. ആനക്കുട്ടികൾ നൂഴാൻ ശ്രമിക്കുമ്പോൾ കുടുങ്ങിപ്പോകുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോമീറ്ററിന് ഒന്നരക്കോടിരൂപ ചെലവ് താങ്ങാവുന്നതിലധികമാണ്. അതുകൊണ്ടുതന്നെ ആഫ്രിക്കയിൽ ഇത് അന്നുതന്നെ ഉപേക്ഷിച്ചു. റെയിൽ കിട്ടാനുള്ള സാധ്യതയും ഏതാണ്ട് ഇല്ലാതായി.

ഈയിടെയായി കൂടുതൽ കേൾക്കുന്നത് തേനീച്ച വളർത്തലാണ്. വന്യജീവികൾ തട്ടിയാൽ, അല്ലെങ്കിൽ അവയുടെ സാന്നിധ്യംകൊണ്ട് ശബ്ദമുണ്ടാക്കുന്ന ഇലക്ട്രോണിക് സംവിധാനം ശ്രീലങ്കയിൽ വിജയിച്ചിട്ടുണ്ട്. ഉറക്കമിളച്ച് കാവൽ നിൽക്കാതെ അലാറത്തിന്റെ ശബ്ദത്തിൽ ഉണർന്ന് ആനകളെ തുരത്തേണ്ടിവരുന്ന ഈ സംവിധാനം വളരെ ചെലവുകുറഞ്ഞതാണ്. പലേ തരത്തിലുള്ള ശബ്ദങ്ങൾ, കടുവകളുടെ അലർച്ചപോലെ ആനകളെ പിന്തിരിപ്പിക്കുമെന്നതിന്റെ അടിസ്ഥാനത്തിനുള്ള പരീക്ഷണങ്ങളും ദീർഘകാലഫലം ഉണ്ടാക്കിയില്ല. ഗ്രീസും കുരുമുളകുപൊടിയും കയറിൽ തേച്ച് തുരത്തുന്നതും ഫലപ്രദമായില്ല.

വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം പലയിടത്തും രൂപവത്‌കരിച്ചിട്ടുണ്ട്. ആവശ്യമായ ആയുധങ്ങളുടെ കുറവുകളുണ്ടെങ്കിലും ആത്മാർഥമായി പ്രവർത്തിക്കുന്ന ടീമിന്റെ സാന്നിധ്യം പ്രശ്നസ്ഥലങ്ങളിൽ  ആളുകൾക്ക് ആശ്വാസംപകരും. പക്ഷേ, പ്രശ്നബാധിത സ്ഥലത്തെ ജനങ്ങളെപ്പോലെ വനംവകുപ്പിലെ ജീവനക്കാരും മാനസികവും ശാരീരികവുമായ സമ്മർദത്തിലാണ്. ഇവരുടെ ഡ്യൂട്ടിസമയം ക്രമീകരിച്ച് വിശ്രമം നൽകുകയും ആവശ്യത്തിന് ഉപകരണങ്ങളും പരിശീലനവും  നൽകുന്നത് കുറച്ചുകൂടി  ഉപകരിക്കും.