ഫ്രാന്‍സിലെ ഡെമോഗ്രാഫിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് 2050-ല്‍ ലോകജനസംഖ്യ 973 കോടിയാകും. ഇവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കണമെങ്കില്‍ ഇന്നുള്ളതിന്റെ ഇരട്ടി ഭക്ഷ്യവസ്തുക്കള്‍ വേണ്ടിവരും. അതായത് ഭക്ഷ്യോത്പാദനം 500 കോടി ടണ്‍ ആയി ഉയരണം. നിലവിലെ സാഹചര്യത്തില്‍ ഉത്പാദനം ഇത്രയും അളവ് വര്‍ധിപ്പിക്കുക സാധ്യമല്ല. ഇതിന് പരിഹാരമെന്നനിലയില്‍ ഐക്യരാഷ്ട്രസഭ പറഞ്ഞത്, പ്രാണികളെ ഭക്ഷിക്കാന്‍ മനുഷ്യന്‍ ശീലിക്കണമെന്നാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും ജീവിതമാര്‍ഗത്തിന് ഉതകുന്നതുമാക്കി പ്രാണികളെ വളര്‍ത്താനും യു.എന്‍. ആഹ്വാനംചെയ്തു. മനുഷ്യരുടെ ഭക്ഷണത്തിനായി പ്രാണികളെ ഉപയോഗപ്പെടുത്തിയാല്‍ മറ്റ് പ്രകൃതിവിഭവങ്ങള്‍ക്കായി കാടിനെയും കടലിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് യു.എന്നിന്റെ വിലയിരുത്തല്‍. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇത് സഹായിക്കും.

ഇരട്ടവാലന്‍, പാറ്റകള്‍, ശലഭപ്പുഴു, ചാണകവണ്ട്, പട്ടുനൂല്‍പുഴു, പച്ചത്തുള്ളന്‍, ചീവീടുകള്‍, കടന്നലുകള്‍, വേട്ടാളന്‍, പലതരം ഈച്ചകള്‍, വിവിധതരം പ്രാണികള്‍, പുഴുക്കള്‍ ഇവയെയൊക്കെ ഭക്ഷണമാക്കാമെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടന പറയുന്നു. തലയും ഉടലും ഉദരവുമുള്ള നട്ടെല്ലില്ലാത്ത ജീവികളാണ് കീടങ്ങള്‍ അഥവാ പ്രാണികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ പ്രാണികളെ ഭക്ഷിക്കുന്നവരുടെ സംഖ്യയും കുറവല്ല. 

ലോകത്ത് 80 ശതമാനം രാജ്യങ്ങളിലും പ്രാണികളെ ആഹാരത്തിനായി ഉപയോഗിക്കുന്നുണ്ട്. 36 ആഫ്രിക്കന്‍ രാജ്യങ്ങളിലും 29 ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ വന്‍കരയിലെ 23 രാജ്യങ്ങളിലും 11 യൂറോപ്യന്‍ രാജ്യങ്ങളിലും പ്രാണികളെ ഭക്ഷിക്കുന്നവരുണ്ട്. പ്രാണികള്‍ക്ക് പുറമേ, വിവിധ നാല്‍ക്കാലികളും പാമ്പും പട്ടിയുമൊക്കെ 150 കോടിയിലധികം ജനങ്ങളുടെ തീന്‍മേശയില്‍ ഇടംപിടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത് സാര്‍വത്രികമാക്കുക എന്നതാണ് ഭക്ഷ്യക്ഷാമത്തിന് പരിഹാരമായുള്ള യു.എന്നിന്റെ നിര്‍ദേശം.

പ്രചാരണത്തിന്റെ തുടക്കം

പ്രാണികളെ ഭക്ഷണമാക്കണമെന്നത് ചര്‍ച്ചാവിഷയമായത് 2008-ലെ ലോക പരിസ്ഥിതിദിനാചരണത്തിന് തൊട്ടുമുന്‍പാണ്. ഭക്ഷണശീലവുമായി ബന്ധപ്പെട്ടതായിരുന്നു ആ വര്‍ഷത്തെ പരിസ്ഥിതിദിനാചരണ വിഷയം. പക്ഷേ, കീടങ്ങളെ ഭക്ഷണമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എഫ്.എ.ഒ. അതിനും മുന്‍പ് തുടങ്ങി. എഫ്.എ.ഒ. ഇത് സംബന്ധിച്ച ചര്‍ച്ചകളും ശില്പശാലകളും നടത്തിവരുകയായിരുന്നു. 2008 ഫെബ്രുവരിയില്‍ തായ്‌ലന്‍ഡില്‍ അവര്‍ ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങളും അവിടെ അവതരിപ്പിച്ച പ്രബന്ധങ്ങളും 'വന്യപ്രാണികള്‍ ഭക്ഷണമെന്ന നിലയില്‍: മനുഷ്യന്‍ തിരിച്ച് കടിക്കുന്നു' എന്ന തലക്കെട്ടില്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടനുസരിച്ച് 113 രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ കീടഭക്ഷകരായ ജനവിഭാഗങ്ങളുണ്ട്. 

Termite
Photo: Pixabay

പ്രബന്ധാവതാരകന്റെ അഭിപ്രായത്തില്‍, യഥാര്‍ഥത്തില്‍ ലോകത്ത് ഭക്ഷ്യയോഗ്യമായ 1681 ജാതി കീടങ്ങളാണുള്ളത്. ഈ ശില്പശാല നടന്ന തായ്‌ലന്‍ഡ് വന്‍തോതില്‍ പ്രാണികളെ ഭക്ഷിക്കുന്ന രാജ്യമാണ്. അവിടത്തെ ഒരു സര്‍വകലാശാല 1999 മുതല്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണാവശ്യത്തിനുള്ള ചീവീടുകളെ വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 4500 കുടുംബങ്ങള്‍ ചീവീടുകളെ വളര്‍ത്തുന്നു എന്നും അത് 5500 ആക്കി ഉയര്‍ത്താന്‍ സര്‍വകലാശാല പദ്ധതിയിടുന്നു എന്നും പ്രബന്ധത്തില്‍ പറയുന്നു.

എന്തിനുവേണ്ടി

ഇന്നത്തെ ഭക്ഷ്യോത്പാദനപ്രക്രിയ വലിയ പാരിസ്ഥിതികപ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നാണ് എഫ്.എ.ഒ.യുടെ പക്ഷം. കൃഷി വലിയതോതില്‍ പ്രകൃതിവിഭവങ്ങള്‍ ചെലവിടുന്ന ഒന്നാണ്. ഒരുകിലോ ധാന്യം ഉത്പാദിപ്പിക്കാന്‍ 1000 ലിറ്റര്‍ ജലം ആവശ്യമാണ്. പശു ഒരുലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നതിന് ആയിരം ലിറ്റര്‍ വെള്ളം കുടിക്കേണ്ടിവരും. അവ 16,000 ലിറ്റര്‍ ജലം കാലിത്തീറ്റയിലൂടെ അകത്താക്കുമ്പോഴാണ് 100 ഗ്രാം ഇറച്ചി ഉത്പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ നാം പാഴാക്കുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ്. 2050-ഓടെ ഭക്ഷ്യോത്പാദനത്തിനുള്ള ജലത്തിന്റെ ആവശ്യം പത്തുമുതല്‍ 13 വരെ ലക്ഷം കോടി ഘനലിറ്ററാകുമെന്ന് എഫ്.എ.ഒ.യുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പുനല്‍കുന്നു. 

insects

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് തയ്യാറാക്കുന്നതിന് 170 ലിറ്റര്‍ വെള്ളം ചെലവാകുന്നുവെന്നാണ് കണക്ക്. ഒരു ആപ്പിളിന് 70 ലിറ്റര്‍, ഒരു നേന്ത്രപ്പഴവും ഒരു മുട്ടയും ഉത്പാദിപ്പിക്കാന്‍ 70 ലിറ്റര്‍ ജലവും ആവശ്യമാണ്. ഒരു ഗ്ലാസ് പാലിനാകട്ടെ 200 ലിറ്ററും 150 ഗ്രാം കോഴിയിറച്ചി ഉത്പാദിപ്പിക്കാന്‍ 615 ലിറ്ററും 100 ഗ്രാം അരി, 140 ലിറ്റര്‍ ഓട്‌സ്, 40 ഗ്രാം ചോളം എന്നിവ ഉത്പാദിപ്പിക്കാന്‍ 130 ലിറ്റര്‍ ജലം വീതവും ആവശ്യമുണ്ട്. ഒരിക്കലും ഉപയോഗിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി 55,000 കോടി ക്യുബിക് ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരുകിലോഗ്രാം പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ജലത്തിന്റെ 2050 ഇരട്ടി വെള്ളം ഒരുകിലോ മാംസം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമാണ്. 

ഭൂമിയും വെള്ളവും രാസവസ്തുക്കളും അധ്വാനവുമൊക്കെയായി വലിയതോതില്‍ വിഭവങ്ങള്‍ ഉപയോഗിക്കപ്പെടുന്ന ഒരു മേഖലതന്നെയാണ് കൃഷി. വിഭവശോഷണംമുതല്‍ ആഗോളതാപനവും കാലാവസ്ഥാമാറ്റവുംവരെയുള്ള നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതില്‍ ഇപ്പോഴത്തെ ഭക്ഷ്യോത്പാദനരീതികളും കാര്‍ഷികമുറകളും തങ്ങളുടെതായ പങ്കുവഹിക്കുന്നുണ്ട്. 

പോഷകസമ്പുഷ്ടം

കീടങ്ങള്‍ പോഷകസമൃദ്ധമായ ആഹാരമാണത്രേ. മാംസ്യത്താല്‍ സമ്പന്നമാണ് അവയുടെ 'ഇറച്ചി'. വിവിധ കീടങ്ങളുടെ ഇറച്ചിയില്‍ 40% മുതല്‍ 80% വരെ മാംസ്യം അടങ്ങിയിരിക്കുന്നു. മാട്ടിറച്ചിയോടും കോഴിയിറച്ചിയോടും താരതമ്യംചെയ്യുമ്പോള്‍ ഇറച്ചിയിലെ മാംസ്യത്തിന്റെ നിരക്ക് കീടങ്ങളില്‍ വളരെ ഉയര്‍ന്നതാണ്. ഇലത്തുള്ളനില്‍ 56%-വും തേനീച്ചയുടെ ലാര്‍വയില്‍ 41%-വും മാംസ്യം അടങ്ങിയിരിക്കുന്നു. തേനീച്ചയുടെ പ്യൂപ്പയില്‍ 49% മാംസ്യമുണ്ട്. വെള്ളത്തിനുമീതേ ഓടിനടക്കുന്ന ചിലന്തികള്‍പോലെയുള്ള ചെറുജീവികളുടെ മുട്ടയില്‍ 63% മാംസ്യം അടങ്ങിയിരിക്കുന്നു. ഇങ്ങനെ വിവിധതരം കീടങ്ങളില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ കണക്കുകള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് എഫ്.എ.ഒ. കീടഭക്ഷണത്തിനുവേണ്ടി വാദിക്കുന്നത്. നൂറ് ഗ്രാം മാട്ടിറച്ചിയില്‍ 27 ഗ്രാം മാംസ്യമുള്ളപ്പോള്‍ അതേ അളവ് ശലഭപ്പുഴുവില്‍ 28 ഗ്രാമിലധികം മാംസ്യമുണ്ടത്രേ. പച്ചത്തുള്ളനില്‍ 35 ഗ്രാമും ചാണകവണ്ടില്‍ 30 ഗ്രാമും കാത്സ്യമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Termite
Photo: Pixabay

വേറെയുമുണ്ട് കീടഭക്ഷണത്തിന്റെ നേട്ടങ്ങള്‍. കീടങ്ങളുടെ വിസര്‍ജ്യങ്ങള്‍ കന്നുകാലികളുടെ ചാണകംപോലെ ഹരിതഗൃഹവാതകം ഉത്പാദിപ്പിക്കുന്നില്ല. കന്നുകാലികള്‍ ഉത്പാദിപ്പിക്കുന്നത്രയും ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കന്നുകാലികള്‍ക്ക് ആവശ്യമുള്ളത്ര ഭക്ഷണം കീടങ്ങള്‍ക്ക് വേണ്ടതാനും. അതുകൊണ്ട് അത് പരിസ്ഥിതിസൗഹൃദപരമാണെന്നും വാദമുണ്ട്. കീടങ്ങളുടെ സാമ്പത്തികമൂല്യം നേരത്തേതന്നെ അംഗീകരിക്കപ്പെട്ടതാണ്. കീടങ്ങളെ വളര്‍ത്തല്‍, വിളവെടുപ്പ്, സംസ്‌കരണം, ഭക്ഷ്യവസ്തുവാക്കല്‍, പായ്ക്കിങ്, വിതരണം, കച്ചവടം എന്നിങ്ങനെയുള്ള സമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ അനുബന്ധമായി വരും. തൊഴിലില്ലായ്മയ്ക്കും സാമ്പത്തികപരാധീനതകള്‍ക്കും ഇതൊരു പരിഹാരംകൂടിയാകും. ആര്‍ക്ലൂസ്റ്റര്‍ (അൃരഹെtuലൃ) എന്ന ആഗോളവിപണി വിശകലനവിദഗ്ധരുടെ (ഴഹീയമഹ ാമൃസല േളീൃലരെേമലൃ) കണക്കനുസരിച്ച് ഭക്ഷണയോഗ്യമായ പ്രാണികളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം 2021 ആകുമ്പോള്‍ 1.53 ബില്യണ്‍ ഡോളറാകും.

സ്വീകാര്യമോ?

ലോകമെമ്പാടുമുള്ള വനപരിസ്ഥിതിയുടെ ഒരു പ്രധാന ഘടകം കീടങ്ങളാണ്. പക്ഷികളുടെയും ചെറുജന്തുക്കളുടെയും ഭക്ഷണം ഇപ്പോള്‍തന്നെ കീടങ്ങളാണ്. പല സസ്യങ്ങള്‍ക്കും നിലനില്‍പ്പിന് കീടങ്ങള്‍ വലിയ സഹായം ചെയ്യുന്നു. പലപ്പോഴും ശത്രുക്കളായ കീടങ്ങളില്‍നിന്ന് സസ്യങ്ങളെ രക്ഷിക്കുന്നത് മിത്രകീടങ്ങളാണ്. കീടങ്ങളുടെ സാന്നിധ്യം സസ്യങ്ങള്‍ക്ക് പലവിധത്തില്‍ ഉപകാരപ്പെടുന്നു. തിരിച്ച് കീടങ്ങള്‍ക്ക് വാസസ്ഥാനമൊരുക്കുന്നത് സസ്യങ്ങളാണ്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ വനം കീടങ്ങള്‍ക്ക് വളരാന്‍പറ്റിയ സ്വാഭാവിക ആവാസവ്യവസ്ഥയാണ്. അതായത് വനത്തില്‍നിന്ന് വേണമെങ്കില്‍ മനുഷ്യര്‍ക്ക് ആവശ്യമുള്ളതില്‍ നല്ലൊരു പങ്ക് കീടങ്ങളെയും ശേഖരിക്കാം. അത് ഒരു പ്രാകൃതമായ ആഹാരസമ്പാദനരീതിയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. വേട്ടയാടലിന്റെ മറ്റൊരു രൂപം. കാട്ടില്‍ പോയി കീടങ്ങളെയും മറ്റും ശേഖരിച്ച് വിശപ്പടക്കുന്ന പ്രാകൃതമനുഷ്യന്റെ ചിത്രം നമുക്ക് അത്ര അപരിചിതമല്ല. പക്ഷേ, അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആധുനിക മനുഷ്യന്റെ ചിത്രത്തോട് നമുക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല.

insects

മലയാളികളെ സംബന്ധിച്ച് ഒറ്റക്കേള്‍വിയില്‍ അറപ്പുളവാക്കുന്ന നിര്‍ദേശങ്ങളാണിവ. എന്നിരുന്നാലും പാമ്പിനെയും നായയെയും ആസ്വദിച്ച് കഴിക്കുന്നവരുണ്ട്. എലിയെയും പൂച്ചയെയും ഭക്ഷണമാക്കുന്ന മനുഷ്യരുമുണ്ട്. പൂര്‍ണമായും സസ്യാഹാരികളായ ചിലര്‍ക്ക് മാംസാഹാരത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍തന്നെ ഓക്കാനം വരാറുണ്ട്. അപ്പോള്‍ നമ്മുടെ ഭക്ഷ്യശീലത്തിന് പുറത്തുള്ള ഭക്ഷണസമ്പ്രദായത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികംതന്നെ. പക്ഷേ, ലോകം നേരിടുന്ന ഭക്ഷ്യദുരന്തത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തരം അസ്വസ്ഥതകളൊക്കെ മാറ്റിവയ്ക്കണമെന്ന് എഫ്.എ.ഒ.യുടെ വിദഗ്ധര്‍ പറയുന്നു. ആകര്‍ഷകമായ പരസ്യവും ഹോളിവുഡ്, ബോളിവുഡ് സിനിമകളിലെ അവതരണങ്ങളും കീടഭക്ഷണത്തിന്റെ അകമ്പടിയായിവന്നാല്‍ ഒട്ടുമിക്ക മൂന്നാംലോകരാജ്യങ്ങളിലെയും യുവതീയുവാക്കള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് കരുതുന്നവരുമുണ്ട്. 

എതിര്‍വാദങ്ങള്‍

ഇത്തരത്തില്‍ കീടംവളര്‍ത്തലിലേക്കും കീടഭക്ഷണത്തിലേക്കും മാനവരാശി തിരിഞ്ഞാല്‍ അത് കൃഷിയുടെ അവസാനമായിരിക്കുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. കൃഷിയെ ഒരു പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനമാക്കാനാണ് കീടഭക്ഷണക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഈ വാദം മുന്നോട്ടുവയ്ക്കുന്നവര്‍ പറയുന്നു. മനുഷ്യന്‍ മനുഷ്യനായത് കൃഷിയുടെ കണ്ടുപിടിത്തവും വ്യാപനവും കൊണ്ടാണ്. വേട്ടയാടലും ഭക്ഷണശേഖരവുമായി അലഞ്ഞുതിരിഞ്ഞ് നടന്ന പ്രാകൃതമനുഷ്യന്‍ ഒരു സ്ഥലത്ത് സ്ഥിരമായി പാര്‍ക്കാനാരംഭിച്ചത് വിത്തുകള്‍ വിതച്ച് മുളപ്പിക്കാന്‍തുടങ്ങിയതോടുകൂടിയാണ്. നദീതീരങ്ങളില്‍ നാഗരികത വളര്‍ന്നുവന്നത് ഇതിന്റെ ഫലമായാണ്. കൂട്ടായ അധ്വാനത്തിന് കാരണമായിത്തീര്‍ന്നത് കൃഷിയാണ്. ഈ അധ്വാനമാണ് മനുഷ്യന്റെ തലച്ചോറ് വികസിക്കാനും ആശയവിനിമയസമ്പ്രദായങ്ങള്‍ ഇന്നത്തെമാതിരി രൂപപ്പെടാനും ഇടയാക്കിയത്. ആദിമമനുഷ്യനില്‍നിന്ന് ആധുനികമനുഷ്യനിലേക്കുള്ള വളര്‍ച്ചയുടെ കാരണവും അതുതന്നെ. അപ്പോള്‍ കാര്‍ഷികവൃത്തിയുടെ അസ്തമയം എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം നാഗരികതയുടെ അന്ത്യം എന്നാണെന്ന് വരുന്നു. ഇതുണ്ടാക്കുന്ന സാംസ്‌കാരികമായ മാറ്റം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പ്രാണികളെ ഭക്ഷണമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. അത് ഗുണകരമായ ദിശയിലാവില്ല എന്നുതന്നെയാണ് ഇപ്പോള്‍ പൊതുവേ കരുതപ്പെടുന്നത്. 

ഭൂമിയിലെ ഓരോ വിഭാഗം ജനതയുടെയും ഭക്ഷണരീതിയും ശൈലിയും രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതില്‍ തനതായ സാമൂഹിക-രാഷ്ട്രീയ കാരണങ്ങളുണ്ട്. അതിനെ ഒരൊറ്റ ശൈലിയിലേക്ക് വെട്ടിച്ചുരുക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ദരിദ്രരാജ്യങ്ങളുടെ മേല്‍ സാമ്പത്തികശക്തികളുടെ മേല്‍ക്കോയ്മകള്‍ സ്ഥിരപ്പെടുത്താനേ അത് ഉപകരിക്കുകയുള്ളൂ. ഇത് കീടഭക്ഷണത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ വശങ്ങളാണ്. 

ഇന്ന് പൊതുവില്‍ മൂന്നാംലോകരാജ്യങ്ങളിലെ ഭക്ഷണശൈലി സാമ്പത്തികശക്തികള്‍ ആഗ്രഹിക്കുന്ന ദിശയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. കീടഭക്ഷണത്തിന്റെ കാര്യത്തിലും അതങ്ങനെതന്നെയാകുമോ അതോ ഭക്ഷണദൗര്‍ലഭ്യതയും പാരിസ്ഥിതിക വെല്ലുവിളിയും മനുഷ്യന്റെ നിലനില്‍പ്പിന് കോട്ടംതട്ടാത്തവിധത്തില്‍ പരിഹരിക്കപ്പെടുമോ എന്നതായിരിക്കും വരുംനാളുകളില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ലോകം ചര്‍ച്ചചെയ്യാന്‍പോകുന്നത്.

 

(മാതൃഭൂമി ജി.കെ. ആന്റ് കറന്റ് അഫയേഴ്‌സില്‍ പ്രസിദ്ധീകരിച്ചത്‌)

ontent Highlights: Eating Insects To Solve World Hunger, UN, Bugs, Food security