
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍പ്രൊഫസറും സസ്യശാസ്ത്രജ്ഞനുമായ ഡോ.മാമിയില്‍ സാബു, സസ്യവര്‍ഗ്ഗീകരണ ശാസ്ത്രരംഗത്തെ മികവിനുള്ള 'ഇ കെ ജാനകി അമ്മാള്‍ ദേശീയ പുരസ്‌കാര'ത്തിന് അര്‍ഹനായി. അടുത്ത പരിസ്ഥിതിദിനമായ 2021 ജൂണ്‍ അഞ്ചിന് പുരസ്‌കാരം വിതരണം ചെയ്യും.
2018 ലെ പുരസ്‌കാരമാണ് ഡോ.സാബുവിന് ലഭിക്കുന്നത്. ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ ഇ കെ ജാനകി അമ്മാളിന്റെ സ്മരണാര്‍ഥം കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലമാണ് സസ്യവര്‍ഗ്ഗീകരണ രംഗത്തെ പ്രമുഖര്‍ക്ക് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചുലക്ഷം രൂപയും മെഡലുമാണ് പുരസ്‌കാരം.
അധ്യാപന, ഗവേഷണ രംഗത്ത് 36 വര്‍ഷം പ്രവര്‍ത്തിച്ച ഗവേഷകനാണ് ഡോ.സാബു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സസ്യശാസ്ത്ര വിഭാഗത്തില്‍ 2012 മുതല്‍ 2014 വരെ വകുപ്പു മേധാവിയായിരുന്നു. ആ കാലയളവില്‍ അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ഒട്ടേറെ സെമിനാറുകള്‍ ഡോ.സാബു സംഘടിപ്പിച്ചു.
ഗവേഷണകാലത്ത് 25 വര്‍ഷത്തോളം ഇഞ്ചി, വാഴ വര്‍ഗ്ഗങ്ങളില്‍ പെട്ട സസ്യങ്ങളെ കുറിച്ചാണ് ഡോ.സാബു പ്രധാനമായും പഠിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍, ഇഞ്ചിവര്‍ഗ്ഗത്തില്‍ പെട്ട 190 ഇനങ്ങളുടെ ജീന്‍ ബാങ്കിന് അദ്ദേഹം രൂപംനല്‍കി. 67 പുതിയ സസ്യയിനങ്ങളെ ഡോ.സാബുവിന്റെ നേതൃത്വത്തില്‍ കണ്ടെത്തി വിശദീകരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ച് പുതിയ സസ്യയിനങ്ങള്‍ക്ക് വിവിധ ഗവേഷകര്‍ ഡോ.സാബുവിന്റെ പേര് നല്‍കിയിട്ടുണ്ട്.
സസ്യവര്‍ഗ്ഗീകരണ ശാസ്ത്രത്തില്‍ ദേശീയ, അന്തര്‍ദേശീയ ശാസ്ത്രജേര്‍ണലുകളില്‍ 160 ലേറെ പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ.സാബു, 11 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും ഇതിനകം ഡോ.സാബുവിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി (IBS) യുടെ പ്രൊഫ. പഞ്ചാനന്‍ മഹേശ്വരി ഗോള്‍ഡ് മെഡല്‍ (2010), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആഞ്ചിയോസ്‌പേം ടാക്‌സോണമി (IAAT) ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. വി വി ശിവരാമന്‍ ഗോള്‍ഡ് മെഡല്‍ (2014), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് റിസര്‍ച്ചര്‍ അവാര്‍ഡ് (2012), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, ദല്‍ഹി (2019), ഇന്ത്യന്‍ അക്കാദമി ഓഫ് സന്‍സ്, ബാംഗ്ലൂര്‍ (2019), ഐ.എ.എ.ടി, ഐ.ബി.എസ്, ലീനിയന്‍ സൊസൈറ്റി എന്നിവയുടെ ഫെലേഷിപ്പുകള്‍ ഡോ.സാബുവിനെ തേടിയെത്തിയ ബഹുമതികളാണ്.
ഐ.എ.എ.ടി.യുടെ സെക്രട്ടറി, സംഘടനയുടെ ഔദ്യോഗിക ജേര്‍ണലായ 'റീഡിയ' (Rheedea) യുടെ എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. നിലവില്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സി.എസ്.ഐ.ആര്‍-എമിരറ്റസ് സയന്റിസ്റ്റാണ് ഡോ.സാബു.
മീന സാബു ആണ് ഡോ.സാബുവിന്റെ പത്‌നി. അശ്വതി, ആഷിക് എം.സാബു എന്നിവര്‍ മക്കളും.