ഗോളതലത്തിൽ തവളകൾ ഉൾപ്പെടെ ഉഭയജീവികളിൽ 30 ശതമാനം വംശനാശഭീഷണിയിലെന്ന് പഠനങ്ങൾ. കാലാവസ്ഥാവ്യതിയാനമാണ് പ്രധാന കാരണമെന്ന് തവളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനായ ഡോ. അനിൽ സഖറിയ പറഞ്ഞു.

വരൾച്ചയോ അതിശക്തമായ മഴയോ എന്ന നിലയിലേക്ക് കാലാവസ്ഥ മാറി. കഴിഞ്ഞവർഷം ആഗോളതലത്തിൽ ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു. കേരളത്തിൽ ഞാറ്റുവേലയുടെ സ്വഭാവം മാറി. ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വൈകിയെത്തുകയോ ക്രമംതെറ്റി പെയ്യുകയോ ചെയ്യുന്നതാണ് സ്ഥിതി. 2019-ൽ മലപ്പുറം, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഒരു വർഷം മുഴുവൻ കിട്ടേണ്ട മഴയുടെ മുക്കാൽ ഭാഗവും നാലുദിവസംകൊണ്ടാണ് പെയ്തത്. മേഘസ്ഫോടനംപോലുള്ള പ്രതിഭാസമായിരുന്നു ഇത്.

കേരളത്തിൽ ജനവാസകേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും വലിയ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. സൈലന്റ് വാലി, ന്യൂ അമരമ്പലം തുടങ്ങിയ സംരക്ഷിത വനമേഖലകളിൽ വലിയ ഉരുൾപൊട്ടലുകളും പ്രളയവുമുണ്ടായി. ഇതുകാരണം തവളകളടക്കമുള്ള ജീവികളുടെ പലതരം ആവാസവ്യവസ്ഥകൾ നശിച്ചുപോയി. 2018-ലെയും 2019-ലെയും കനത്ത മഴയും പ്രളയവും കാരണം തവളകളെക്കുറിച്ചുള്ള ഗവേഷണവും നിരീക്ഷണവും നടത്താനായില്ലെന്ന് അനിൽ സഖറിയ പറഞ്ഞു. അരുവികളിലും അവയുടെ പ്രഭവസ്ഥാനത്തുമാണ് പലജാതി തവളകളുടെയും പ്രത്യുത്പാദനം നടക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ ഘടന മണ്ണൊലിപ്പും പ്രളയവുംമൂലം മാറിപ്പോയി. നിക്റ്റി ബട്രാക്കസ്, മിക്രി സാലസ്, ഇന്ദിരാന, നാസികബട്രാകസ് എന്നീ കുടുംബത്തിലുള്ള തദ്ദേശീയ തവളകളുടെ പ്രജനനത്തെ കാലാവസ്ഥാവ്യതിയാനം വലിയതോതിൽ ബാധിച്ചുവെന്നും ഇവരുടെ നിരീക്ഷണത്തിലുണ്ട്.

55-ഓളം ഇലത്തവള ഇനങ്ങൾ വംശനാശഭീഷണിയിൽ

തവളകൾക്ക് മുട്ടയിടാൻ തുടർച്ചയായി ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷം വേണം. ഇലത്തവളകൾ ഉൾപ്പെടുന്ന തവളകളാണ് പശ്ചിമഘട്ടത്തിൽ കൂടുതലായും കാണപ്പെടുന്നത്. ഇവ മരപ്പൊത്തുകളിലും മരപ്പായലുകളിലും ഇലകളിലുമാണ് മുട്ടയിടുന്നത്. 55-ഓളം ഇലത്തവള ഇനങ്ങൾ വംശനാശഭീഷണിയിലാണെന്ന് സംഘം കണ്ടെത്തി. കാട്ടുചൊറിയൻ തവള മുട്ടയിടുന്നത് ഡിസംബർ, ജനുവരി മാസങ്ങളിൽ കാട്ടരുവികളിലാണ്. ഈ സമയത്തുണ്ടായിരുന്ന നേർത്ത ചാറ്റൽമഴ ഇല്ലാത്തതിനാൽ പഴയതുപോലെ ഇവയുടെ പ്രത്യുത്പാദനം നടക്കുന്നില്ല.

2013-ൽ ഈ സംഘം കുളത്തൂർപ്പുഴ വനമേഖലയിലെ ജാതിമരച്ചതുപ്പുകളിൽ മെർക്കുറാന മിരിസ്റ്റിക്ക പാലസ് എന്ന മരത്തവളയെ കണ്ടെത്തിയിരുന്നു. ഇവയുടെ പ്രജനനം മാർച്ചിലെയും ഏപ്രിലിലെയും വേനൽമഴയിലാണ്. രണ്ടുവർഷമായി മഴയുടെ ക്രമമില്ലായ്മ കാരണം ഇവയുടെ പ്രത്യുത്പാദനം വിജയകരമായി നടക്കുന്നില്ലെന്നും അനിൽ സഖറിയ പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ റോബിൻ എബ്രഹാം, രാംപ്രസാദ്, കെ. വൈഷ്ണവ്, കെ. ഷിനാദ്, ഡേവിഡ് വി. രാജു എന്നിവരും ഗവേഷണസംഘത്തിലുണ്ട്.

Content Highlights: drought and rain, frogs