കോഴിക്കോട്: കേരളത്തില്‍ നിന്ന് അഞ്ച് പുതിയയിനം ഇലത്തവളകളെ ഗവേഷകര്‍ കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഇലത്തവളകളെ കുറിച്ച് പത്തുവര്‍ഷം നടന്ന സമഗ്രപഠനത്തിന്റെ ഭാഗമായാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന 'റോര്‍ച്ചെസ്റ്റസ്' ജീനസില്‍ പെടുന്ന ഇലത്തവളകളുടെ (Shrub frogs) രൂപപഠനം, ഡി.എന്‍.എ.താരതമ്യം, കരച്ചില്‍ രീതികള്‍, സ്വഭാവസവിശേഷതകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഘടകങ്ങളാണ് പഠനത്തില്‍ ഗവേഷകര്‍ പരിഗണിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ്, പുതിയ ഇനങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന്, അന്താരാഷ്ട്ര ശാസ്ത്രജേര്‍ണലായ 'പിയര്‍ ജെ' (PeerJ) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകനും മലയാളികളുമായ എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു) ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സൊനാലി ഗാര്‍ഗ് (ഡെല്‍ഹി യൂണിവേഴ്‌സിറ്റി), റോബിന്‍ സുയേഷ് (ശ്രീ വെങ്കിട്ടേശ്വര കോളേജ്, ന്യൂഡല്‍ഹി), സന്ദീപ് ദാസ് (കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്, പീച്ചി, തൃശ്ശൂര്‍), മാര്‍ക്ക് എ. ബീ (മിന്നസോട്ട യൂണിവേഴ്‌സിറ്റി, യു.എസ്) എന്നിവരാണ് പഠനസംഘത്തിലെ മറ്റംഗങ്ങള്‍.

'റോര്‍ച്ചെസ്റ്റസ് ധ്രുതാഹു' (Raorchestes drutaahu) ആണ് പുതിയതായി തിരിച്ചറിഞ്ഞ സ്പീഷീസുകളില്‍ ഒന്ന്. വേഗത്തില്‍ ശബ്ദമുണ്ടാക്കുന്നവ എന്ന അര്‍ഥത്തില്‍ ശാസ്ത്രീയ നാമം നല്‍കപ്പെട്ട ഇതിന്റെ സാധാരണ നാമം (common name) 'ഫാസ്റ്റ്-കാളിങ് ഇലത്തവള' എന്നാണ്. കേരളത്തില്‍ രണ്ടിടങ്ങളില്‍ ഇതിനെ കണ്ടെത്തി.

Raorchestes kakkayamensis, Shrub frogs
റോര്‍ച്ചെസ്റ്റസ് കക്കയാമിന്‍സസ്. ചിത്രം കടപ്പാട്: S D Biju

കക്കയം ഡാമിന് സമീപത്തു നിന്ന് തിരിച്ചറിഞ്ഞ 'കക്കയം ഇലത്തവള'യ്ക്ക്, ആ സ്ഥലത്തിന്റെ പേരാണ് ശാസ്ത്രീയനാമമായി നല്‍കപ്പെട്ടത്- 'റോര്‍ച്ചെസ്റ്റസ് കക്കയാമിന്‍സസ്' (Raorchestes kakkayamensis). കക്കയം ഡാമിന് സമീപത്തെ ചെറിയൊരു പ്രദേശത്തു മാത്രമാണ് ഇവയെ കണ്ടെത്തിയത്.

'കെയ്‌രാസ് ഇലത്തവള'യാണ് പുതിയ ഇനങ്ങളില്‍ മറ്റൊന്ന്. ശാസ്ത്രീയ നാമം: 'റോര്‍ച്ചെസ്റ്റസ് കെയ്‌രസാബിനേ' (Raorchestes keirasabinae). തെക്കന്‍ പശ്ചിമഘട്ടത്തില്‍ അഗസ്ത്യകൂടം, അണ്ണാമലൈ വനമേഖലയില്‍ കാണപ്പെടുന്ന സ്പീഷീസാണിത്. കെയ്‌ര സാബിന്‍ എന്ന പ്രകൃതിസ്‌നേഹിയുടെ പേരാണ് ഈ തവളയിനത്തിന് നല്‍കിയിട്ടുള്ളത്. ഉഭയജീവി ഗവേഷണത്തിനും പ്രകൃതിസംരക്ഷണത്തിനും ആഗോളതലത്തില്‍ 'ആന്‍ഡ്രു സാബിന്‍ ഫാമിലി ഫൗണ്ടേഷന്‍' നല്‍കിവരുന്ന പിന്തുണയ്ക്കുള്ള അംഗീകാരമായാണ് ഈ നാമകരണം നടത്തിയതെന്ന്, ഡെല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Raorchestes keirasabinae
റോര്‍ച്ചെസ്റ്റസ് കെയ്‌രസാബിനേ. ചിത്രം കടപ്പാട്: S D Biju

വയനാട്ടില്‍ നിന്ന് തിരിച്ചറിഞ്ഞ മറ്റൊരിനം ഇലത്തവളയ്ക്ക്, ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞനും ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (BSI) മുന്‍ മേധാവിയുമായ ഡോ.എം.സഞ്ജപ്പയുടെ പേരിട്ടു. 'സഞ്ജപ്പാസ് ഇലത്തവള' എന്ന് സാധാരണ നാമം നല്‍കപ്പെട്ട അതിന്റെ ശാസ്ത്രീയനാമം 'റോര്‍ച്ചെസ്റ്റസ് സഞ്ജപ്പായ് (Raorchestes sanjappai) എന്നാണ്. 

Raorchestes sanjappai
റോര്‍ച്ചെസ്റ്റസ് സഞ്ജപ്പായ്. ചിത്രം കടപ്പാട്: S D Biju

ശിരുവാണി മലകളിലും സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ സമീപപ്രദേശങ്ങളിലും നിന്ന് തിരിച്ചറിഞ്ഞ ഒരിനത്തിന് ('വെള്ളിക്കണ്ണന്‍ ഇലത്തവള') അതിന്റെ വെള്ളിക്കണ്ണിന്റെ സവിശേഷത വെച്ച്, 'റോര്‍ച്ചെസ്റ്റസ് വെള്ളിക്കണ്ണന്‍' (Raorchestes vellikkannan) എന്നാണ് ശാസ്ത്രീയനാമം നല്‍കിയത്. 

Raorchestes vellikkannan
റോര്‍ച്ചെസ്റ്റസ് വെള്ളിക്കണ്ണന്‍. ചിത്രം കടപ്പാട്: S D Biju

പഠനത്തിന്റെ ഭാഗമായി 48 ഇലത്തവളയിനങ്ങളുടെ കരച്ചില്‍ ശബ്ദം പരിശോധിക്കാന്‍ ഗവേഷകര്‍ക്കായി. ഇലത്തവളകളുടെ കണ്ണുകള്‍ കഥ പറയുന്ന കാര്യവും ഗവേഷകര്‍ പരിശോധിച്ചു. ഓരോ സ്പീഷീസിന്റെയും കണ്ണുകളുടെ വ്യത്യാസം ഗവേഷകര്‍ രേഖപ്പെടുത്തി. ഈ ജീനസില്‍ പെട്ട തവളകളെ തിരിച്ചറിയാനുള്ള കൂടുതല്‍ വിവരങ്ങള്‍ ഇത്തരം പഠനം വഴി ഗവേഷകര്‍ക്ക് ലഭിച്ചു. 

Shrub fogs
ഇലത്തവളയിനങ്ങളുടെ കണ്ണുകളുടെ വ്യത്യസ്തത. 

'ഇന്ത്യയില്‍ ഏറ്റവുമധികം ഗവേഷണം നടന്നിട്ടുള്ള ഉഭയജീവി വിഭാഗമാണ് ഇലത്തവളകളുടേത്. എന്നിട്ടും, അവയുടെ വൈവിധ്യവും തനത് സവിശേഷതകളും എത്ര കുറച്ചു മാത്രമേ നമുക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളൂ, എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്'-ഡോ.ബിജു വിശദീകരിക്കുന്നു. പല ഇനങ്ങളും കണ്ടുപിടിക്കപ്പെടുന്നതിനും തിരിച്ചറിയപ്പെടുന്നതിനും മുമ്പ് അപ്രത്യക്ഷമാകുന്നു എന്നതാണ് സങ്കടകരമായ കാര്യമെന്ന്, പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവായ സൊണാലി ഗാര്‍ഗ് പറയുന്നു. 'കണ്ടുപിടിക്കും മുമ്പുതന്നെ പല സ്പീഷീസും അന്യംനിന്നിട്ടുണ്ടാകും'. 

ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വിഭാഗമാണ് ഇലത്തവളകളുടേത്. ആ വിഭാഗത്തെ പറ്റി ഇത്രകാലവും നടന്നതില്‍ ഏറ്റവും സമഗ്രമായ പഠനമാണ് ഡോ.ബിജുവും സംഘവും ഒരു പതിറ്റാണ്ടുകൊണ്ട് നടത്തിയത്. ലോകത്താകെയുള്ള ഇലത്തവളകളില്‍ (റോര്‍ച്ചെസ്റ്റസ് ജീനസില്‍പെട്ട) 80 ശതമാനവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. വളരെ ചെറിയ ആവാസവ്യവസ്ഥകളിലാണ് ഇവയില്‍ ഓരോ ഇനവും കഴിയുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണിത് വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.