ൻകിട കെട്ടിടങ്ങളിൽ സ്ഥാപിക്കുന്ന കണ്ണാടികളിൽ തട്ടിയാണ് 50 ശതമാനം പക്ഷികളും പ്രായമാകാതെ ചാകുന്നതെന്നാണ് പക്ഷിനിരീക്ഷകരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. മുന്നിൽ ചില്ല് വരുമ്പോൾ അത് തുറന്ന ആകാശമാണെന്ന് തെറ്റിദ്ധരിച്ച് പക്ഷികൾ വേഗം കുട്ടുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. കണ്ണാടിയിൽ പ്രതിബിംബം കാണുമ്പോൾ തൊട്ട്  മുന്നിൽ വേറൊരു പക്ഷിയാണെന്ന്  തെറ്റിദ്ധരിക്കുന്നതും മരണത്തിലേക്കാണ് പക്ഷികളെ നയിക്കുന്നത്.

മംഗളൂരു കൊണാജെ മംഗളൂരു സർവകലാശാല കാമ്പസിലെ ഭരണ വിഭാഗം കെട്ടിടത്തിന് പിന്നിലെ ചില്ലിലാണ് കഴിഞ്ഞദിവസം കാവിക്കിളിയെന്ന മുറിവാലൻ സുന്ദരി തലയിടിച്ച് ചത്തത്. പക്ഷി പറന്നുയരുന്നത് കണ്ടപ്പോൾ മീൻകൊത്തിച്ചാത്തനാണെന്നാണ് ആദ്യം കരുതിയതെന്ന് പക്ഷിനിരീക്ഷകനും ജിയോളജി ബിരുദാനന്തരബിരുദ വിദ്യാർഥിയും കാസർകോട് കൊല്ലങ്കാന സ്വദേശിയുമായ മാക്സിം റോഡ്രിഗസ് പറഞ്ഞു. ഓടിച്ചെന്ന് കൈയിലെടുക്കുമ്പോൾ കൊക്കിൽനിന്നും തലയിൽനിന്നും ചോരവാർന്ന് അവസാന ശ്വാസമെടുക്കുകയായിരുന്നു ആ കുഞ്ഞു അതിഥി. ഗവേഷണവിദ്യാർഥികളായ തമിഴ്‌നാട് മധുരയിലെ അരുൺകുമാർ, മഹാരാഷ്ട്രയിലെ തൻഹാജി എന്നിവരെയും സാക്ഷിയാക്കി ആ ഇന്ത്യൻ പിറ്റ കണ്ണടച്ചു. 

അതേദിവസവും തൊട്ടുപിറ്റേന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാവിക്കിളി ചില്ലിലിടിച്ച് ചത്തതായി പക്ഷി നിരീക്ഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിത്യഹരിതവനത്തിൽമാത്രം കണ്ടുവരുന്ന മേനിപ്പൊൻമാൻ ഗ്രാമങ്ങളിലെ കാടുകളിലേക്ക് എത്തുന്നതായും പക്ഷിനിരീക്ഷകർ പറയുന്നു. വടക്കുപടിഞ്ഞാറൻ മലനിരകളിൽനിന്ന് തെക്കുപടിഞ്ഞാറൻ മലനിരകളിലേക്കും കിഴക്കേ ഇന്ത്യയിലേക്കും ഇവ ദേശാടനം ചെയ്യാറുണ്ട്. അടുത്തയിടെ ചിറകൊടിഞ്ഞ നിലയിൽ മേനിപ്പൊൻമാനെ കാസർകോട് ജില്ലയിൽ കണ്ടെത്തുകയുണ്ടായി. മൂന്നുദിവസം കഴിഞ്ഞപ്പോൾ അതും ചത്തു. 

birds
ചിറകൊടിഞ്ഞു വീണ മേനിപ്പൊന്‍മാന്‍

 

ഹിമാലയത്തിന്റെ താഴ്‌വരകളിലാണ് കാവിക്കിളി മുട്ടയിട്ട് വളരുന്നത്.  കീടങ്ങളും ചിലന്തികളും ചെറുപുഴുക്കളും ചെറുധാന്യങ്ങളും ചെറുപഴങ്ങളുമാണ് ഇന്ത്യൻ പിറ്റകളുടെ ഭക്ഷണം. തണുപ്പുകാലത്ത് അത് ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും സഞ്ചരിക്കും. കാടുകളിലും നിറയെ മരങ്ങളുള്ള ഗ്രാമങ്ങളിലും കാവുകളിലുമാണ് സാധാരണ കാണാറുള്ളത്. 

ആകൃതിയിലും നിറത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള പക്ഷിയാണിത്. അതുകൊണ്ടുതന്നെ തിരിച്ചറിയാനെളുപ്പവുമാണ്.  അറ്റം മുറിച്ചുകളഞ്ഞതുപോലെ തോന്നിപ്പിക്കുന്ന വാലും തിളക്കമാർന്ന നിറങ്ങളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളാണ്. ആകൃതിയിൽ ഇവയോട് സാമ്യം തോന്നാവുന്ന മറ്റൊരു പക്ഷിയും കേരളത്തിലില്ല. ജൂൺ മാസമൊഴികെ മറ്റെല്ലാ മാസവും ഇവയെ കേരളത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും  നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ സ്ഥലങ്ങളിലും കാണാറ്.  ഇക്കാലങ്ങളിൽ ഇവയെ ശ്രീലങ്കയിലും കാണാറുണ്ട്. 

ഇവയുടെ മുകൾഭാഗത്തിന് പച്ചനിറവും അടിഭാഗത്തിന് മങ്ങിയ ഓറഞ്ച് നിറവുമാണ്. കണ്ണിനു കുറുകെയായി കഥകളി ആട്ടക്കാർ കണ്ണെഴുതിയ പോലെ വീതിയുള്ള കറുത്ത വരയും കൺപുരികത്തിനും തൊണ്ടയുടെ ഭാഗത്തും വെള്ളനിറവും കാണാം. തലയിൽ മുകളിലായി നേർരേഖയിൽ കറുപ്പുനിറത്തോടുകൂടിയ ഒരു വരയും പിൻഭാഗത്തും വാലിനടിഭാഗത്തും ചുവപ്പുനിറവുമുണ്ട്. മേൽ വാൽമൂടിയിലും വശങ്ങളിലെ ചിറകുകളിലും തിളങ്ങുന്ന നീലനിറം കാണാം.  പറക്കുമ്പോൾ ചിറകുകളിലെ നീലനിറവും വെള്ളനിറവും തെളിഞ്ഞു കാണാം. ആൺ-പെൺ പക്ഷികൾ തമ്മിൽ കാഴ്ചയിൽ വ്യത്യാസമില്ല. 

ചെറുപ്രാണികൾ, ഉറുമ്പുകൾ, പുഴുക്കൾ തുടങ്ങിയവയെ ആഹാരമാക്കുന്ന ഇവ മിക്കപ്പോഴും നിലത്ത് ഇരതേടുന്നതായാണ് കാണാറുള്ളത്.